മഹാവികാസ് അഘാഡി സര്‍ക്കാര്‍ വരുന്നത് മോദിയുടെ സ്വപ്‌ന പദ്ധതികള്‍ തകര്‍ത്ത്

മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ദവ് താക്കറയുടെ നേതൃത്വത്തില്‍ മഹാവികാസ് അഘാഡി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ തകരുന്നത് പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌ന പദ്ധതികളാണ്. മോദിയുടെ സ്വപ്നപദ്ധതിയായ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി,മുംബൈ ആരേ കോളനിയിലെ മരംമുറിക്കല്‍ തുടങ്ങിയവ നിര്‍ത്തലാക്കാനാണ് ശിവസേന ഒരുങ്ങുന്നത്.

കര്‍ഷകരുടെ പ്രശ്നങ്ങളാണ് പുതിയ സര്‍ക്കാരിന്റെ പരിഗണനയെന്നും ബുള്ളറ്റ് ട്രെയിന് വേണ്ടെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും ശിവസേന എംഎല്‍എയായ ദീപക് കേസര്‍ക്കാര്‍ വ്യക്തമാക്കി. നാനാര്‍ റിഫൈനറി പദ്ധതി പൂര്‍ണമായും ഉപേക്ഷിക്കുമെന്നും ആരേ കോളനിയില്‍ ഇനി ഒരു മരം പോലും മുറിക്കാന്‍ അനുവദിക്കില്ലെന്നും ശിവസേന വക്താവ് മാനിഷ കയാന്‍ഡെയും പറഞ്ഞു. ബുള്ളറ്റ് ട്രെയിന്‍, നാനാര്‍ പദ്ധതികളിലും മറിച്ചൊരു അഭിപ്രായമില്ലെന്നും ഇതെല്ലാം നിരവധിപേരെ ദോഷകരമായി ബാധിക്കുമെങ്കില്‍ പിന്നെ എന്തിനാണ് ഈ പദ്ധതികളുമായി മുന്നോട്ടുപോകുന്നതെന്നും മാനിഷ കയാന്‍ഡെ ചോദിച്ചു.

നേരത്തെ നാനാര്‍ പദ്ധതിക്കെതിരെയും ആരേ കോളനിയില്‍ മരം മുറിക്കുന്നതിനെതിരെയും ശിവസേന പരസ്യപ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

മഹാരാഷ്ട്രയിലെ മുംബൈയെയും ഗുജറാത്തിലെ അഹമ്മദാബാദിനെയും ബന്ധിപ്പിച്ചു കൊണ്ടുള്ളതാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി.
2017 സെപ്റ്റംബറില്‍ ജപ്പാന്‍ പ്രധാനമന്ത്രി ആബെ ഷിന്‍സോയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംയുക്തമായാണ് അഹമ്മദാബാദില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തറക്കല്ലിട്ടത്. പദ്ധതിക്ക് 0.1 പലിശനിരക്കില്‍ 88,000 കോടി രൂപയുടെ സഹായം ജപ്പാന്‍ നല്‍കും.