തകര്‍ന്നടിഞ്ഞ് സമ്പദ് രംഗം; ജി.ഡി.പി വളര്‍ച്ച വീണ്ടും താഴോട്ട്

ന്യൂഡല്‍ഹി: രാജ്യത്തെ സമ്പദ് രംഗത്തിന്റെ ദുര്‍ബലാവസ്ഥ വെളിപ്പെടുത്തി സെപ്തംബര്‍ പാദത്തിലെ ജി.ഡി.പി നിരക്ക്. സാമ്പത്തിക വര്‍ഷത്തിലെ ജൂലൈ-സെപ്തംബര്‍ പാദത്തില്‍ 4.5 ശതമാനമാണ് സാമ്പത്തിക വളര്‍ച്ചയെന്ന് കേന്ദ്ര സ്ഥിതി വിവര മന്ത്രാലയം വെള്ളിയാഴ്ച വൈകിട്ട് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ആറര വര്‍ഷത്തിനിടെയുള്ള ഏറ്റവും മോശം സാമ്പത്തിക വളര്‍ച്ചയാണിത്. ജൂണ്‍ പാദത്തിലെ അഞ്ചു ശതമാനത്തില്‍ നിന്നാണ് കഴിഞ്ഞ പാദത്തില്‍ വളര്‍ച്ച അര ശതമാനം താഴോട്ടു പോയത്. മാന്ദ്യം പിടിച്ചു കെട്ടാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉത്തേജന പാക്കേജുകള്‍ വേണ്ടത്ര ഫലം കാണുന്നില്ലെന്ന് തെളിയിക്കുന്നതാണ് സ്ഥിതി വിവര മന്ത്രാലയത്തിന്റെ കണക്കുകള്‍. 2013 വര്‍ഷത്തിലെ ജനുവരി-മാര്‍ച്ച് പാദത്തിലാണ് ഇതിന് മുമ്പ് വളര്‍ച്ച ഇത്രയും താഴേക്കു പോയത്. തുടര്‍ച്ചയായ ആറാം പാദത്തിലാണ് ജി.ഡി.പി നിരക്ക് താഴേക്കു പോകുന്നത്. എട്ട് അടിസ്ഥാന വ്യവസായ മേഖലകളിലെ സൂചികയും താഴോട്ടാണ് രേഖപ്പെടുത്തിയിരുന്നത്. നേരത്തെ, മിക്ക റേറ്റിങ് സ്ഥാപനങ്ങളും ജി.ഡി.പി നിരക്ക് താഴുമെന്ന് പ്രവചിച്ചിരുന്നു. കെയര്‍ റേറ്റിങ്, ഐ.സി.ആര്‍.എ, എഡല്‍വിസ് എന്നിവ 4.7 ശതമാനമാണ് ഈ പാദത്തില്‍ പ്രവചിച്ചിരുന്നത്. എന്നാല്‍ നൊമുറ 4.2 ഉം ഡി.ബി.എസ് 4.2 ഉം ശതമാനമാണ് പ്രവചിച്ചത്.