ഹിന്ദുത്വത ആശയം കൈവിടില്ല, ഇപ്പോഴും ഉറച്ചുനിൽക്കുന്നു; മതേതരത്വത്തിന് വഴങ്ങാതെ ഉദ്ധവ്

മുംബൈ: മതേതര രാഷ്ട്രീയ പാർട്ടികളായ എൻ.സി.പിയും കോൺഗ്രസുമായി സഖ്യം ചേർന്ന് സർക്കാരുണ്ടാക്കിയിട്ടും ഹിന്ദുത്വ ആശയത്തിൽ നിന്ന് വ്യതിചലിക്കില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ‘ഞാൻ ഇപ്പോഴും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനൊപ്പമാണ്. അത് ഒരിക്കലും ഉപേക്ഷിക്കില്ല.’ -താക്കറെ പറഞ്ഞു. മതേതര പാർട്ടികളുമായി സഖ്യമുണ്ടാക്കിയ ശിവസേന സെക്യുലറിസത്തിലേക്ക് വരുമോ എന്ന ചോദ്യം ഉയർന്നു നിൽക്കേയാണ് നിലപാട് വ്യക്തമാക്കി ഉദ്ധവ് താക്കറെ രംഗത്തെത്തുന്നത്. നേരത്തെ മതേതരത്വമെന്ന ആശയം ശിവസേന അംഗീകരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് എന്താണ് മതേതരത്വം?, ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിലുള്ളത് എന്നായിരുന്നു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷമുള്ള ആദ്യ പത്രസമ്മേളനത്തിൽ ഉദ്ധവ് താക്കറെയുടെ മറുപടി. അപ്പോഴും ഇക്കാര്യത്തിൽ വ്യക്തമായ മറുപടിയല്ലെ ഉദ്ധവ് പറഞ്ഞത്.

ഹിന്ദുത്വ നിലപാടുകളിൽ മാറ്റം വരുത്താൻ ശിവസേന തയ്യാറാകണമെന്ന് ശഠിച്ചത് കോൺഗ്രസാണ്. അതുകൊണ്ട് തന്നെയാണ് ശിവസേനയെ പിന്തുണക്കുന്ന കാര്യത്തിൽ അദ്ധ്യക്ഷ സോണിയാ ഗാന്ധി തീരുമാനം പറയാൻ വൈകിയതും. ശിവസേന-എൻ.സി.പി-കോൺഗ്രസ് സഖ്യത്തിന് ഇടുന്ന പേര് മതേതരത്വ പേരായിരിക്കണമെന്നും കോൺഗ്രസാണ് വാശിപിടിച്ചത്. ഇതേത്തുടർന്നാണ് ശിവസേന നിർദ്ദേശിച്ച മഹാശിവ് അഘാഡി എന്ന പേര് മാറ്റി കോൺഗ്രസ് നിർദ്ദേശിച്ച മഹാ വികാസ് അഘാഡി എന്ന പേര് തെരഞ്ഞെടുത്തത്. പിന്നീട്, സർക്കാരിന്റെ പൊതുമിനിമം പരിപാടിയിലുടെ ആമുഖത്തിൽ മതേതരത്വം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. തീവ്രഹിന്ദുത്വ പ്രതിച്ഛായയുള്ള സേനയുമായുള്ള കൂട്ടുകെട്ടിനെ രാജ്യത്തെ മറ്റിടങ്ങളിൽ ന്യായീകരിക്കുമ്പോൾ ഇതുണ്ടാവണമെന്ന് സോണിയാ ഗാന്ധിയാണ് നിർബന്ധം പിടിച്ചിരുന്നത്. ഇതെല്ലാം ശിവസേന അംഗീകരിച്ചപ്പോൾ മതേതരത്വ കാഴ്ചപ്പാടിലേക്ക് പാർട്ടി വരുന്നുവെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ, അധികാരം കൈയ്യിൽ വന്നതോടെ ഇതെല്ലാം പാടേ മറന്ന സമീപനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

നേരത്തേ, മതേതരത്വം എന്ന വാക്ക് ഭരണഘടനയിൽ നിന്നു തന്നെ എടുത്തു കളയണമെന്ന് ആവശ്യപ്പെട്ട പാർട്ടിയാണ് ശിവസേന. 2015ൽ റിപ്പബ്ലിക് ദിനത്തിൽ കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയം നൽകിയ പരസ്യത്തോടുള്ള പ്രതികരണമായാണ്, ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സെക്യുലർ, സോഷ്യലിസ്റ്റ് എന്നീ പദങ്ങൾ ഭേദഗതിയിലൂടെ എടുത്തു കളയണമെന്ന് അന്ന് എം.പിയായിരുന്ന സഞ്ജയ് റാവുത്ത് ആവശ്യപ്പെട്ടിരുന്നത്. ബാൽ താക്കറെയുടെ ഹിന്ദു രാഷ്ട്ര സങ്കൽപ്പത്തിൽ മതേതരത്വത്തിന് ഇടമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 1991 മെയിൽ ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പൂനയിൽ (ഗോഡ്സെയുടെ കുടുംബം ഇവിടെയാണ് ജീവിച്ചിരുന്നത്) വച്ചാണ് ബാൽ താക്കറെ ഗോഡ്സെയെ പരസ്യമായി പ്രശംസിച്ചിരുന്നത്. ‘ഗോഡ്സെ ചെയ്തതത് അഭിമാനമുള്ള പ്രവൃത്തിയാണ് എന്നും അതിൽ നാണക്കേട് തോന്നേണ്ടതില്ല എന്നും അതാണ് രണ്ടാം വിഭജനം ഇല്ലാതാക്കിയത്’ എന്നുമാണ് താക്കറെ പറഞ്ഞിരുന്നത്. അതേസമയം, കോൺഗ്രസിന്റെ നാനാ പട്ടോലെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മുൻ മുഖ്യമന്ത്രിയും ബി.ജെ.പി എം.എൽ.എയുമായി ദേവേന്ദ്ര ഫഡ്‌നാവിസിനെ പ്രതിപക്ഷനേതാവായും പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട ഫഡ്‌നാവിസിനെ ഉദ്ധവ് താക്കറെ അഭിനന്ദിച്ചു. താങ്കളെ പ്രതിപക്ഷ നേതാവെന്ന് വിളിക്കില്ലെന്നും ഉത്തരവാദിത്വമുള്ള നേതാവെന്നേ വിളിക്കൂവെന്നും അദ്ദേഹം പറഞ്ഞു. നിങ്ങൾ നന്നായിരുന്നുവെങ്കിൽ ബി.ജെ.പി-ശിവസേന പിളർപ്പ് ഒരിക്കലും സംഭവിക്കില്ലായിരുന്നുവെന്നും താക്കറെ പറഞ്ഞു. ‘ ഞാൻ ഒരു ഭാഗ്യവാനായ മുഖ്യമന്ത്രിയാണ്. കാരണം, എന്നെ എതിർത്തവരുടെ പിന്തുണയോടെയാണ് ഇപ്പോൾ ഞാൻ സർക്കാരുണ്ടാക്കിയിരക്കുന്നത്. മുൻപ് എന്റെ കൂടെയുണ്ടായിരുന്നവർ ഇപ്പോൾ പ്രതിപക്ഷത്താണ്. ജനങ്ങളുടെ അനുഗ്രഹവും എന്റെ വിധിയും കൊണ്ടാണ് ഞാൻ ഇവിടെ എത്തിയത്. ഞാൻ ഈ സ്ഥാനത്ത് വരുമെന്ന് ആരോടും പറഞ്ഞിട്ടില്ല, പക്ഷേ ഞാൻ ഇവിടെ എത്തിയിരിക്കുന്നു.’-ഉദ്ധവ് താക്കറെ പറഞ്ഞു.