‘ബ്ലഡ് ആൻഡ് സോയിൽ’: മോദിയ്‌ക്കെതിരേ നാസി വാചകം തലക്കെട്ടാക്കി ന്യൂയോര്‍ക്കര്‍ മാഗസിന്‍

ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരേ ‘ബ്ലഡ് ആൻഡ് സോയിൽ ഇൻ നരേന്ദ്ര മോഡിസ് ഇന്ത്യ’ എന്ന തലക്കെട്ടിൽ ന്യൂയോർക്കർ മാഗസിനിൽ ലേഖനം.ജേർണലിസ്റ്റും ‘ ദി ഫോറെവർ വാർ’ എന്ന പുസ്തകത്തിന്റെ രചയിതാവുമായ ടെക്സ്റ്റർ ഫിൽകിൻസ് ആണ് ലേഖനം എഴുതിയത്. 2019 ഡിസംബർ 9 ലക്കത്തിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതും നിലവിലെ അവിടുത്തെ അവസ്ഥയും സർക്കാർ പറയുന്ന കള്ളങ്ങളുമാണ് ലേഖനത്തിലെ ഒരു ഭാഗത്ത് പറയുന്നത്. കശ്മീരിലെ ജനത നിലവിൽ അനുഭവിക്കുന്ന ദുരിതവും അവ ഒതുക്കി വയ്ക്കുന്ന മോദി സർക്കാരിന്റെ പൊള്ളത്തരവും ലേഖനത്തിൽ ചോദ്യം ചെയ്യുന്നുണ്ട്. സംസ്ഥാനത്ത് ന്യൂനപക്ഷമാണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നതെന്നും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള തീവ്ര ഹിന്ദു സർക്കാരിന് കീഴിൽ രാജ്യത്തെ ന്യൂനപക്ഷങ്ങൾ എങ്ങനെയാണ് അതിക്രമങ്ങൾക്കു ഇരയാകുന്നതെന്നും ലേഖനം ചർച്ച ചെയ്യുന്നുണ്ട്.

ബ്ലഡ് ആൻഡ് സോയിൽ എന്ന വാചകം ജർമൻ വംശീയ ആധിപത്യത്തെ സൂചിപ്പിക്കാനുള്ള നാസികളുടെ പ്രധാന മുദ്രാവാക്യം ആയിരുന്നു. പിന്നീട് ലോകത്തു രൂപം കൊണ്ട നവ-നാസി തീവ്ര വലതുപക്ഷ വിഭാഗങ്ങളും ഈ മുദ്രാവാക്യം ഉപയോഗിച്ചിട്ടുണ്ട്. ഗുജറാത്ത് വംശഹത്യയും അതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങളും മോദിയെന്ന ഗുജറാത്ത് മുഖ്യമന്ത്രിയെ കുറിച്ചും ലേഖനത്തിൽ ചർച്ച ചെയ്യുന്നുണ്ട്. കൂടാതെ ഒന്നും രണ്ടും മോദി സർക്കാരിന്റെ ഹിന്ദു രാഷ്ട്ര സിദ്ധാന്തത്തിന് അടിസ്ഥാനമാക്കിയുള്ള നടപടികളും അയോദ്ധ്യ വിഷയവും ലേഖനത്തിൽ വിശദീകരിക്കുന്നുണ്ട്. ഹിന്ദുത്വ പദ്ധതിയുടെ ഭാഗമായി ബി.ജെ.പി നേതാക്കൾ രാജ്യത്തുടനീളം സ്‌കൂൾ പാഠപുസ്തകങ്ങൾ മാറ്റിയെഴുതിക്കൊണ്ടിരിക്കുകയാണ്. മൂന്ന് നൂറ്റാണ്ടുകളായി ഇന്ത്യ ഭരിച്ച മുഗളന്മാരും മുസ്ലീം ചക്രവർത്തിമാരും ഉൾപ്പെടെ ഇസ്ലാമിക ചരിത്രത്തിന്റെ ഭൂരിഭാഗവും മായ്ച്ചുകളഞ്ഞു. കഴിഞ്ഞ വർഷം, ഒന്നര നൂറ്റാണ്ട് മുമ്പ് മധ്യ ഇന്ത്യയിൽ നിർമ്മിച്ച മുഗൾസാരായി റെയിൽവേ സ്റ്റേഷന്റെ വലതുപക്ഷ ഹിന്ദു-ദേശീയ നേതാവായ ദീൻ ദയാൽ ഉപാധ്യായയുടെ പേരിലേക്ക് മാറ്റി. ഒരു ദശലക്ഷത്തിലധികം ജനങ്ങളുള്ള നഗരമായ അലഹബാദിനെ ഇപ്പോൾ പ്രയാഗ് രാജ് എന്ന് വിളിക്കുന്നു. തുടങ്ങിയ മോദി സർക്കാരിന്റെ ഹിന്ദു രാഷ്ട്ര നീക്കങ്ങളെയും ലേഖനം വിശദമായി ചർച്ചയ്ക്ക് വിധേമാക്കുന്നുണ്ട്.