നിയമം കയ്യിലെടുക്കരുത്(ഗദ്യ കവിത)

ലിഖിത ദാസ്
പാന്റിന്റെ വള്ളി കെട്ടാൻ പോലും ശരിയ്ക്കറിയാത്ത പ്രായത്തിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യുന്ന പെൺകുട്ടികൾ ഉള്ള നാട്ടിലാണ്..

പീഡിപ്പിച്ചു മതിയാവാഞ്ഞിട്ട് കോടതിയുടെ ആനുകൂല്യത്തിൽ പുറത്തിറങ്ങി തീയിട്ടു കൊന്ന നാട്ടിലാണ്

കൂട്ട ബലാത്സംഗം ചെയ്ത് തൃപ്തിയായപ്പൊ കമ്പിപ്പാരകേറ്റി ഓടുന്ന ബസ്സീന്ന് പുറത്തേക്കെറിഞ്ഞു കളഞ്ഞവന്മാരുള്ള നാട്ടിലാണ്.

അതും പോരാഞ്ഞ് ജയിലിൽ കിടന്ന് ഇനീം ഞങ്ങൾ ബലാത്സംഗം ചെയ്യും, മരിയ്ക്കേണ്ടെങ്കി വഴങ്ങിത്തന്നോ എന്ന് ചിരിച്ചോണ്ട് പറയുന്നവന്മാർ ജീവിക്കുന്ന നാട്ടിലാണ്

രാത്രി പുറത്തിറങ്ങിയാൽ ആണുങ്ങൾ പീഡിപ്പിക്കും..അതുകൊണ്ട് സ്ത്രീകൾ പുറത്തിറങ്ങരുതെന്ന് പറഞ്ഞ വക്കീലുള്ള നാട്ടിലാണ്.

മുലമുളയ്ക്കാത്ത കുഞ്ഞിനെ അമ്പലത്തിനകത്തും പുറത്തുമിട്ട് പീഡിപ്പിച്ച് കഴുത്തു പിരിച്ചൊടിച്ചും എല്ലുകൾ ചവിട്ടിയൊടിച്ചും കൊന്ന നാട്ടിലാണ്.

വരൂ‌..
ഇവിടെയിരുന്നുകൊണ്ട് നമുക്ക് ” നീതി തോൽക്കുന്നിടത്ത് നീ തീയാവുക” എന്നും
“നിയമം കയ്യിലെടുക്കരുത്” എന്നും കാലാവസ്ഥയ്ക്കനുസരിച്ച് മാറ്റിമാറ്റി പറഞ്ഞോണ്ടിരിക്കാം.