ആരാച്ചാര്‍ റെഡി;തൂക്ക് കയറും കാത്ത് നിര്‍ഭയ പ്രതികള്‍

ന്യൂഡല്‍ഹി: ആരാച്ചാരെ കിട്ടാനില്ലാത്തതിനാല്‍ നിര്‍ഭയ കേസിലെ പ്രതികളുടെ വധ ശിക്ഷ നടപ്പാക്കുന്നതില്‍ തിഹാര്‍ ജയില്‍ അധികൃതര്‍ പ്രതിസന്ധിയിലായിരുന്നു. എന്നാല്‍ ആരാച്ചാരെ വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് ഉത്തര്‍പ്രദേശ് പോലീസ് അറിയിച്ചതോടെ ആ പ്രതിസന്ധിയ്ക്ക് തീരുമാനമായി. ഇതോടെ നിര്‍ഭയ കേസില്‍ പ്രതികളെ തൂക്കിലേറ്റാനുള്ള മരണ വാറണ്ട് പട്യാല ഹൗസ് കോടതി വൈകാതെ പുറപ്പെടുവിക്കും.

ആരാച്ചാരെ വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ട് തീഹാര്‍ ജയില്‍ അധികൃതര്‍ അയച്ച കത്തിന് നല്‍കിയ മറുപടിയിലാണ് യുപി ജയില്‍ ഡിജിപി ആനന്ദ് കുമാര്‍ നിലപാട് അറിയിച്ചത്. രണ്ട് ആരാച്ചാരെ വിട്ടു നല്‍കാമെന്നാണ് കത്തിന്റെ ഉള്ളടക്കം.

ഡല്‍ഹി തീഹാര്‍ ജയിലില്‍ വധശിക്ഷ നടപ്പാക്കാനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങി.പട്യാല ഹൗസ് കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചാല്‍ ശിക്ഷ നടപ്പാക്കും. വധ ശിക്ഷ പുനഃപരിശോധിക്കണമെന്ന പ്രതി അക്ഷയ്ഠാക്കൂറിന്റെ ആവശ്യം സുപ്രീം കോടതി അടുത്ത ചൊവ്വാഴ്ച പരിഗണിക്കും.

2012 ഡിസംബര്‍ 16 ന് ബസില്‍ വച്ചായിരുന്നു കൂട്ടബലാത്സംഗത്തിന് ഇരയായി അതിക്രൂരമായി നിര്‍ഭയ കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഡിസംബര്‍ 29ന് സിംഗപ്പൂരിലെ എലിസബത്ത് ആശുപത്രില്‍വച്ച് നിര്‍ഭയ മരണത്തിന് കീഴടങ്ങുകയായിരുന്നു.

നിര്‍ഭയ കേസിലെ നാല് പ്രതികളാണ് വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നത്. ഒന്നാംപ്രതി റാം സിങ് 2013 മാര്‍ച്ചില്‍ തിഹാര്‍ ജയിലില്‍ ജീവനൊടുക്കിയതിനാല്‍ കേസില്‍ നിന്ന് ഒഴിവാക്കി. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈല്‍ നിയമം അനുസരിച്ച് മൂന്നു വര്‍ഷത്തെ ശിക്ഷയ്ക്കു വിധിച്ചിരുന്നു. മറ്റ് നാല് പ്രതികളായ മുകേഷ് സിങ്, അക്ഷയ് താക്കൂര്‍, വിനയ് ശര്‍മം പവന്‍ ഗുപ്ത എന്നിവരാണ് വധശിക്ഷ കാത്ത് തിഹാര്‍ ജയിലില്‍ കഴിയുന്നത്

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ