ആണത്തബോധവും അധികാരഭാവവും 

രഘുനാഥൻ പറളി
ഒരു സ്റ്റാൻഡ-അപ് കോമിക് നടത്തുന്ന സ്റ്റേജ് അവതരണത്തിന്റെ രീതിയിൽ ആദ്യമായി ഒരു മലയാള സിനിമ അതിന്റെ പ്ലോട്ട് സ്വീകരിച്ചിക്കുന്നു എന്നത് ‘സ്റ്റാൻഡ് അപ്’ എന്ന പുതിയ വിധു വിൻസൻറ് ചിത്രത്തിന്റെ സവിശേഷത തന്നെയാണ്. (സ്വന്തം ജീവിതത്തെ ആസ്പദമാക്കി ‘നനെറ്റ് ‘ എന്ന സ്റ്റാൻഡ് അപ് കോമഡി അവതരിപ്പിക്കുന്ന ആസ്ട്രേലിയക്കാരിയായ ഹന്നാ ഗാഡ്സ്ബിയുടെ ടിവി പരിപാടി ഈ ചിത്രം ഓർമിച്ചിരിക്കാം. I am not a man hater, but I am afraid of men എന്ന വാക്യവും അവരുടേതായി ഉണ്ട്) ‘മാൻഹോൾ’ എന്ന ചർച്ച ചെയ്യപ്പെട്ട ചിത്രത്തിനും -സംസ്ഥാന പുരസ്കാരത്തിനും – ശേഷമാണ്, വിധുവിന്റെ ഈ പുതിയ ചിത്രം വന്നിട്ടുള്ളത് എന്ന് പ്രത്യേകം ഓർക്കാം. അണധികാരത്തിന്റെയും പുരുഷ ബോധത്തിന്റെയും, സൂക്ഷ്മ തലങ്ങൾ അനാവരണം ചെയ്തുകൊണ്ട് /അനാവരണം ചെയ്യാൻ വേണ്ടി ധീരമായി നിവർന്നു നിൽക്കുകയാണ് ‘സ്റ്റാൻഡ് അപ്’ എന്ന ചിത്രം എന്ന വസ്തുതയാണ്, സിനിമയെ ശ്രദ്ധേയമായ ഒരു സാമൂഹ്യ ചിത്രമാക്കി മാറ്റുന്നത്. ആണത്തബോധം സമം അധികാരഭാവം എന്ന കേവല സമവാക്യം എപ്രകാരം സമൂഹത്തിന്റെ ‘ചിരകാല ഉപബോധ’മായി പ്രവർത്തിക്കുന്നുവെന്ന കൃത്യമായ ഒരു അന്വേഷണവും ഈ സിനിമ ഏറ്റെടുക്കുന്നുണ്ടെന്ന് പറയാം. ഒരു റേപ്പ് വിക്ടിം (Rape victim) എന്ന ദയനീയാവസ്ഥയിൽ നിന്ന് ഒരു സർവൈവർ (Survivor) എന്ന അതിജീവനാവസ്ഥയിലേക്കുള്ള ദിയയുടെ കഠിനയാത്ര രജിഷ വിജയൻ അതിതീവ്രമായിത്തന്നെയാണ് അവതരിപ്പിക്കുന്നത്. ‘I am not a victim, am a survivor ‘എന്ന് ഉറക്കെ പറയുന്നിടത്തേക്ക് എത്താൻ പക്ഷേ ദിയ താണ്ടുന്ന സാമൂഹികദൂരവും മാനസികദൂരവും ഏറെ ദീർഘമാണ്. അതിനു കാരണം പുതിയ പീഢാസഹനത്തിന്റെ നീണ്ട നാൾവഴികൾ ഓരോ യഥാർത്ഥ ഇരയെയും കാത്തിരിക്കുന്നുണ്ടാകും എന്നതു തന്നെ! മറഞ്ഞിരിക്കുക, മറന്നിരിക്കുക അല്ലെങ്കിൽ മരിക്കുക എന്ന ദാരുണമായ ‘ആത്മഹനന’ പ്രതിവിധികളിൽ നിന്ന് കുതറാൻ സ്ത്രീത്വത്തോട് ആകെ ഈ ചിത്രം വിളിച്ചു പറയുന്നത് ശ്രദ്ധേയമാണ്. അതിനു വേണ്ടിക്കൂടിയാണ് – ദിയയ്ക്കു വേണ്ടി മാത്രമല്ല – നിമിഷ സജയന്റെ കീർത്തി എന്ന കരുത്തുറ്റ കഥാപാത്രം വീടുവിട്ടിറങ്ങുന്നത് എന്നത് ഇവിടെ ഓർക്കാം. ‘പെണ്ണത്ത’ത്തിന്റെ ഉജ്വല രൂപമായി ഈ കഥാപാത്രം മാറുന്നത്, സഹോദരനെ തിരസ്കരിച്ചും സ്ത്രീത്വത്തിന്റെ മാനത്തോട് – അഭിമാനത്തോട്
ചേർന്നു നിൽക്കും എന്ന ദൃഢ നിലപാടിലാണല്ലോ! ‘അഴിച്ചുവിട്ട ആണത്തം’ ഒരാളിൽ സൃഷ്ടിക്കുന്ന ‘അധമത്ത’ത്തിന്റെ ആഴവും പരപ്പും, അമൽ എന്ന കഥാപാത്രത്തിലൂടെ വെങ്കിടേഷ് സജീവമായി നമ്മളിൽ സന്നിവേശിപ്പിക്കുന്നുണ്ട്. അച്ഛൻ, അമ്മ, സഹോദരൻ ഉൾപ്പെടുന്ന കുടുംബം മുതൽ ബലാത്സംഗാനന്തരം  ദിയയ്ക്ക്  വിനിമയം ചെയ്യേണ്ടി വരുന്ന മുഴുവൻ സ്ഥാപനങ്ങളും – ആശുപത്രി, പോലീസ് സ്റ്റേഷൻ – ഈ ‘ആൺബോധ അധമത്ത’ത്തിൽ  (ബോധപൂർവ്വമോ ഉപബോധപൂർവ്വമോ അബോധപൂർവ്വമോ ) എപ്രകാരം പൂണ്ടു കിടക്കുന്നുവെന്ന സത്യം ഈ ചിത്രത്തിൽ വെളിപ്പെട്ടു വരുന്നതു കാണാം. ഉന്നാവ് മുതൽ എത്രയോ പീഡനസ്ഥലികൾ വാർത്തകൾക്കു പുതിയ ‘റേറ്റിംഗ് ‘ നൽകുമ്പോളാണ് ഈ ചിത്രം എന്നതും പ്രധാനമാണ്. ഉമേഷ് ഓമനക്കുട്ടൻ ഒരു നല്ല സ്ക്രിപ്റ്റ് മാത്രമല്ല ജാഗ്രതയുള്ള ഒരു അവബോധം കൂടിയാണ് ഈ സിനിമയിൽ എഴുതി ചേർത്തിട്ടുള്ളത്. സീമ, രാജേഷ് ശർമ്മ, സജിത മഠത്തിൽ, അർജ്ജുൻ അശോകൻ, ജുനൈസ്, ദിവ്യ ഗോപിനാഥ് തുടങ്ങി ഏവരും തങ്ങളുടെ കഥാപാത്രങ്ങളിൽ ഈ അവബോധം ഏറ്റുവാങ്ങുന്നുണ്ട്. പാട്രിയാർക്കിയുടെ അധികാരഭാവത്തിൽ, സ്ത്രീകളും സ്ത്രീക്കെതിരാകുന്ന സൂചനകൾ ചിത്രം നൽകുന്നുണ്ട്. ആദ്യ പകുതിയിലെ ചില ഉലച്ചിലുകൾ ഒഴിച്ചാൽ ഏറെക്കുറെ ഭദ്രമായ ഒരു പരിചരണം തന്നെ സംവിധായികയ്ക്ക് ചിത്രത്തിൽ സാധിച്ചിരിക്കുന്നു എന്നു തീർത്തു പറയാം.