പി ജെ ജോസഫിന്റേത് ചതിയുടെയും വഞ്ചനയുടെയും ചരിത്രമാണെന്ന് ജോസ് കെ മാണി

ചങ്ങനാശേരി: പി ജെ ജോസഫിന്റേത് ചതിയുടെയും വഞ്ചനയുടെയും ചരിത്രമാണെന്ന് കേരള കോണ്‍ഗ്രസ് എം മാണി വിഭാഗം ചെയര്‍മാന്‍ ജോസ് കെ മാണി പറഞ്ഞു. ചങ്ങനാശേരിയില്‍ നടന്ന കേരള കോണ്‍ഗ്രസ് എം മണ്ഡലം കണ്‍വന്‍ഷനോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പി ജെ ജോസഫ് വിഭാഗം നുണ പ്രചരണം നടത്തിയാണ് പാലായില്‍ കേരള കോണ്‍ഗ്രസ് എമ്മിനെ പരാജയപ്പെടുത്തിയത്. ഇത് ജനം തിരിച്ചറിഞ്ഞതാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ കേരള കോണ്‍ഗ്രസ് എമ്മിന് മികച്ച വിജയം സമ്മാനിച്ചത്. ഇത് ജോസഫിന്റെ വഞ്ചനയുടെ ചരിത്രം കേരളം തിരിച്ചറിഞ്ഞതിന്റെ പ്രതിഫലനമാണ്. എല്ലാക്കാലത്തും എല്ലാവരെയും പറ്റിക്കാന്‍ കഴിയില്ലെന്ന് ജോസഫ് മനസ്സിലാക്കണം. അധികാരത്തിനുവേണ്ടി പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിനു മുമ്പ് പി ജെ ജോസഫിനോട് നേരിട്ടു സംസാരിച്ചിരുന്നു. പക്ഷെ അദ്ദേഹം മാധ്യമങ്ങളിലൂടെ മാത്രമാണ് മറുപടി നല്‍കിയത്. ഇതേ വിഷയം സീനിയര്‍ കേരള കോണ്‍ഗ്രസ് എം നേതാവെന്ന നിലയില്‍ ചങ്ങനാശേരി എംഎല്‍എ സി എഫ് തോമസിനോടും സംസാരിച്ചിരുന്നു. എന്നാല്‍ അദ്ദേഹം മറുപടി നല്‍കിയില്ലെന്നും ജോസ് കെ മാണി രൂക്ഷമായ ഭാഷയില്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ