കോണ്‍ഗ്രസിന് ഇത് തിരിച്ചുവരവിന്റെ കാലം

റാഞ്ചി: ജാർഖണ്ഡ് മുക്തി മോർച്ച-കോൺഗ്രസ് മഹാ സഖ്യം സംസ്ഥാനത്ത് ശക്തമായ തിരിച്ചുവരവ് നടത്തി ബി.ജെ.പിക്ക് കനത്ത പ്രഹരമാണ് നൽകിയിരിക്കുന്നത്. കോൺഗ്രസിന്റെ ശക്തമായ തിരിച്ചുവരവിൽ ബി.ജെ.പിയെ കൈവിടുന്ന അഞ്ചാമത്ത സംസ്ഥാനമായി ജാർഖണ്ഡ്.

ഒരു വർഷക്കാലയളവിൽ ബി.ജെ.പിക്ക് നഷ്ടമായത് അഞ്ച് സംസ്ഥാനങ്ങളാണ്. ഛത്തീസ്ഗഡ്, മദ്ധ്യമപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ഇപ്പോൾ ജാർഖണ്ഡും.ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയിട്ടും ബി.ജെ.പിയുടെ സാന്നിധ്യം ഇന്ത്യയിലുടനീളം ഗണ്യമായി കുറഞ്ഞുവരുന്ന കാഴ്ചയാണ് കാണുന്നത്. ജാർഘണ്ഡ് കൂടി നഷ്ടപ്പെട്ടതോടെ നിലവിൽ ബി.ജെ.പി രാജ്യത്തിന്റെ 35 ശതമാനം മേഖലമാത്രമാണ് ഭരിക്കുന്നത്. 2017ൽ 71 ശതമാനം സ്വാധീനമുണ്ടായിരുന്ന ബി.ജെ.പി ഹിന്ദി ഹൃദയഭൂമി മുഴുവൻ തങ്ങളുടെ അധികാരത്തിലാക്കിയിരുന്നു. ആ സ്ഥാനത്താണ് ഇപ്പോൾ ഭരണം 35 ശതമാനം മേഖലയിലേക്ക് ഒതുങ്ങിയത്.

2014, 2019 ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി പരാജയപ്പെട്ട കോൺഗ്രസ് തിരിച്ചുവരവിന് നേരിയ പ്രതീക്ഷ പോലും നഷ്ടപ്പെടുത്തിയ സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, കോൺഗ്രസ് ശക്തി നേടി തിരിച്ചുവരവ് നടത്തുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. പാർട്ടിക്ക് മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ ് എന്നീ സംസ്ഥാനങ്ങളിൽ തിരിച്ചുവരവ് നടത്താൻ കഴിഞ്ഞു. മഹാരാഷ്ട്രയെ കൈപ്പിടിയിലൊതുക്കാനുള്ള ബി.ജെ.പിയുടെ ശ്രമത്തിന് തടയിടാനും കോൺഗ്രസിന് സാധിച്ചു. ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ വ്യക്തമാക്കുന്നത് ബി.ജെ.പി അജയ്യനല്ലെന്നും സമാന ചിന്താഗതിക്കാരായ പാർട്ടികൾ ഒത്തുചേർന്നാൽ പരാജയപ്പെടുത്താനാകുമെന്നും കോൺഗ്രസ് നേതാക്കൾ കരുതുന്നുവെന്നാണ്. ചില സംസ്ഥാനങ്ങളിൽ ഇത് ശരിയാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും ഈ പരീക്ഷണം നടപ്പാക്കാമെന്നും കോൺഗ്രസ് അഭിപ്രായപ്പെട്ടു.

കാർഷിക പ്രതിസന്ധി, സമ്പദ് വ്യവസ്ഥയുടെ തകർച്ച, തൊഴിലില്ലായ്മ പോലുള്ള വിഷയങ്ങളും പ്രാദേശിക പ്രശ്‌നങ്ങളും ഉയർത്തിക്കൊണ്ടുവരുന്നതിലൂടെ പ്രതിപക്ഷ പാർട്ടികൾക്ക് ഭാവിയിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ സാധിച്ചേക്കുമെന്നാണ് നിലവിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്ന സൂചന. എന്നിരുന്നാലും, ബി.ജെ.പിയുടെ ശക്തി കുറഞ്ഞുവരുന്നതിലൂടെ കോൺഗ്രസ് ഉയർന്നുവരാൻ തുടങ്ങിയിട്ടുണ്ട്. സഖ്യകക്ഷികളുടെ പിന്തുണയും മറ്റും കോൺഗ്രസിന് സഹായകരമാകുന്നുണ്ട്. പഞ്ചാബ്, രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ചത്തീസ്ഗഡ്, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ അധികാരത്തിലിരിക്കുന്ന കോൺഗ്രസ്, മഹാരാഷ്ട്രയും ജാർഖണ്ഡും സഖ്യകക്ഷികളുടെ പിന്തുണയോടെ സ്വാധീനം ഉറപ്പിച്ചു.