ജനറൽ സാഹേബ് നിങ്ങൾ രാഷ്ട്രീയം പറയരുത്

റോയ് മാത്യു
കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് പൗരത്വ ഭേദഗതി നിയമത്തിനെ തിരെ പ്രതിഷേധിച്ചവരെ വിമർശിച്ചു കൊണ്ട് രംഗത്തു വന്നത് അപകടകരമായ കീഴ് വഴക്കമാണ്. ഇന്ത്യൻ സേനയുടെ പൊളിറ്റിക്കൽ ന്യൂട്രാലിറ്റിയുടെ കടയ്ക്കൽ കത്തി വെക്കുന്ന ഏർപ്പാടാണ് അയാളുടെ വിമർശനം.
അക്രമത്തിലേക്ക് അണികളെ തള്ളി വിടുകയല്ല നേതാക്കള്‍ ചെയ്യേണ്ടത്. നഗരങ്ങളിലും പട്ടണങ്ങളിലും തീവയ്പ്പും അക്രമവും നടത്താന്‍ വിദ്യാര്‍ഥികളെയും ജനക്കൂട്ടത്തെയും നയിക്കുന്നതിന് നമ്മള്‍ സാക്ഷ്യം വഹിച്ചു. ഇങ്ങനെയല്ല നേതൃത്വം പ്രവര്‍ത്തിക്കേണ്ടതെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. പൗരത്വ നിയമത്തിനെതിരെ രാജ്യവ്യാപകമായി വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാവുന്ന പശ്ചാത്തലത്തിലാണ് ആർമി ചീഫിന്റെ വിമർശനം –

ഇന്ത്യൻ സേനകളെ കാവി വൽക്കരിക്കാൻ ആർ എസ് എസിന്റെ ഭാഗത്ത് നിന്ന് വലിയ ശ്രമങ്ങൾ നടക്കുന്നതായി കുറേ നാളായി വിവിധ കോണുകളിൽ നിന്ന് ആക്ഷേപങ്ങൾ ഉയരുന്നുണ്ട്.
രാഷ്ടീയക്കാരെ വിമർശിക്കാൻ, രാഷ്ട്രീയ വിഷയങ്ങളിൽ അഭിപ്രായം പറയാൻ ആരാണ് കരസേനാ മേധാവിക്ക് അനുവാദം കൊടുത്തത്? ജനാധിപത്യ സർക്കാർ ഇത്തരം അധിക പ്രസംഗങ്ങളെ കൈയും കെട്ടി നോക്കി ഇരിക്കരുത്. ഇത് അനുവദനീയമല്ല.

സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം ഇന്ത്യ നാല് യുദ്ധങ്ങളിൽ പങ്കെടുത്തു. മൂന്നിൽ വിജയിച്ചു. പക്ഷേ, രാഷ്ടീയ നേതൃത്വം ഒരിക്കൽ പോലും വിജയങ്ങളുടെ നേട്ടങ്ങൾ കൊയ്യാനിറങ്ങിയില്ല. പക്ഷേ, ബാലക്കോട്ട് സംഭവത്തെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി മോദി ഉപയോഗിച്ചു. അനാവശ്യ വിവാദങ്ങളിലേക്ക് സേനയെ വലിച്ചിഴക്കാനും തുടങ്ങി. ഇന്ത്യയുടെ കര, വ്യോമ സേനകളെ മോദി സേന എന്നൊക്കെ വിശേഷിപ്പിക്കാനും തുടങ്ങി.
സേനാ വിഭാഗങ്ങളെ രാഷ്ടീയത്തിൽ നിന്ന് അകറ്റി നിർത്തിയ നെഹ്രുവിയൻ മാതൃകയാണ് മോദിയും സംഘപരിവാറും ചേർന്ന് തകർക്കാൻ ശ്രമിക്കുന്നത്-
ഇതപകടമാണ്. രാഷ്ടീയത്തിൽ സേനയെ ഇടപെടുവിച്ചാൽ നമ്മളും പാകിസ്ഥാന്റ അവസ്ഥയിലേക്ക് നീങ്ങാൻ അധിക കാലം വേണ്ടി വരില്ല. സേനാ വിഭാഗങ്ങളിൽ നിന്ന് വിരമിച്ചവർ ബി ജെ പിയിൽ ചേർന്ന് കേന്ദ്ര മന്ത്രിമാരും ഗവർണറന്മാരുമാകുന്നത് നിത്യസംഭവമായി കഴിഞ്ഞു. ജസ്വന്ത് സിംഗ്, ജെ എഫ് ആർ. ജേക്കബ്, വി കെ സിംഗ്, രാജ് വർദ്ധൻ റാത്തോഡ്, എന്നിങ്ങനെ നിരവധി മുൻ സേനാ ഉദ്യോഗസ്ഥരാണ് ബിജെപിക്കൊപ്പം ചേർന്ന് നിൽക്കുന്നത്.