എന്‍പിആറും, എന്‍ആര്‍സിയും നടപ്പാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു

ദേശീയ പൗരത്വ രജിസ്റ്ററും, പൗരത്വ ഭേദഗതി നിയമത്തിനും എതിരെ പ്രതിഷേധങ്ങള്‍ നയിക്കുന്നവര്‍ക്ക് നേതൃത്വം നല്‍കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന യുപിഎ സര്‍ക്കാരും ഈ നിയമങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ചതായി തിരിച്ചടിച്ചാണ് മോദി സര്‍ക്കാര്‍ പ്രതിപക്ഷത്തിനെതിരെ വാളോങ്ങുന്നത്.

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പാക്കുന്നത് ദേശീയ തലത്തില്‍ എന്‍ആര്‍സി നടപ്പാക്കുന്നതിന് മുന്നോടിയായി ആണെന്നാണ് പ്രതിപക്ഷത്തിന്റെ പുതിയ വാദം. കേന്ദ്ര ക്യാബിനറ്റ് ഡിസംബര്‍ 24ന് എന്‍പിആറിനായി ഫണ്ടും അംഗീകരിച്ചു. കേരളത്തിന് പുറമെ പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളാണ് പ്രതിപക്ഷ പ്രതിഷേധത്തിന്റെ ഭാഗമായി എന്‍പിആര്‍ നിര്‍ത്തിവെച്ചിരിക്കുന്നത്.

ഇതിനിടെയാണ് യുപിഎ ഭരണകാലത്ത് ദേശീയ പൗരത്വ രജിസ്റ്ററും, ജനസംഖ്യാ രജിസ്റ്ററും നടപ്പാക്കാന്‍ തയ്യാറെടുത്തിരുന്നതായി തെളിവുകള്‍ പുറത്തുവരുന്നത്. എന്‍ഡിഎ സര്‍ക്കാര്‍ പ്രതിഷേധ രോഷം ഷമിപ്പിക്കാന്‍ ഈ തെളിവുകള്‍ എടുത്ത് ഉപയോഗിക്കുന്നുണ്ട്. 2011 സെന്‍സസ് റിപ്പോര്‍ട്ടില്‍ എന്‍പിആറിന്റെ നടപടിക്രമങ്ങള്‍ വിവരിക്കുന്നുണ്ട്. ഇതില്‍ തന്നെ അഞ്ചാം ചോദ്യത്തിന് കീഴെ എന്‍പിആര്‍ എന്‍ആര്‍ഐസിയിലേക്കുള്ള ആദ്യ ചുവടുവെപ്പായി വിശദീകരിക്കുന്നു.

യുപിഎ സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്ന 2008-09 വര്‍ഷത്തെ എംഎച്ച്എ വാര്‍ഷിക റിപ്പോര്‍ട്ടിലും ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ സങ്കീര്‍ണ്ണമായ വിവരശേഖരണമായി വിവരിക്കുന്നു. എന്‍പിആര്‍ തയ്യാറാക്കിയ ശേഷം ഈ വിവരങ്ങള്‍ യുഐഡി ഡാറ്റാബേസിലേക്ക് മാറ്റി യഥാര്‍ത്ഥ ഡാറ്റാബേസാക്കി മാറ്റുമെന്ന് യുപി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.