അങ്ങയിലെ ചിത്രന്‍ നമ്പൂതിരിപ്പാടിനെ വാഴ്ത്തുന്നു. പ്രഥമാദ്ധ്യാപകന് പക്ഷെ വിവേകം വരുന്നില്ലല്ലോ!!

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഒരു കഥ പറയുന്നു.

”കണ്ണൂര്‍ പെരളശ്ശേരി ഹൈസ്കൂളില്‍ ഒമ്പതാംതരം വിദ്യാര്‍ത്ഥിയായ ബാലനെ തെറ്റിദ്ധരിച്ച് സ്കൂളിലെ പ്രഥമാദ്ധ്യാപിക പുറത്താക്കി.

കാര്യമായ പ്രതിഷേധത്തിനോ പ്രതികരണത്തിനോ നില്‍ക്കാതെ ആ കുട്ടി ഇറങ്ങിപ്പോയി.

എങ്കിലും പഠനം തുടരണമെന്ന് ആഗ്രഹമുണ്ട്. അവന്‍ തന്റെ കുടുംബത്തിന്റെ അവസ്ഥയും സാമൂഹികാവസ്ഥയുമെല്ലാം മറികടന്നുകൊണ്ട് ജില്ലാ വിദ്യാഭ്യാസ ഓഫീസറായ പി. ചിത്രന്‍ നമ്പൂതിരിപ്പാടിനെ പോയിക്കണ്ടു.

ഞാന്‍ അടുത്ത ദിവസം സ്കൂളിലേക്കു വരുന്നുണ്ട്, നീ ആ പരിസരത്ത് ഉണ്ടായാല്‍ മതിയെന്ന് അദ്ദേഹം കുട്ടിയോടു പറഞ്ഞു.

പറഞ്ഞതുപോലെത്തന്നെ രാവിലെ സ്കൂളിലെത്തി പ്രഥമാദ്ധ്യാപികയെ വിളിച്ച് പുറത്താക്കപ്പെട്ട ഒരു കുട്ടിയുണ്ടല്ലോ, ആ കുട്ടിയെ വിളിക്കൂ എന്നാവശ്യപ്പെട്ടു.

തൊട്ടടുത്ത വായനശാലയില്‍ കാത്തിരുന്ന കുട്ടിയെ പ്യുണ്‍ വന്നു വിളിച്ചു.

കുട്ടിയുടെ കണ്‍മുന്നില്‍ വേച്ച് പ്രഥമാദ്ധ്യാപികയെ ശാസിച്ചുകൊണ്ട് ചിത്രന്‍ നമ്പൂതിരിപ്പാട് പറഞ്ഞു. ഇങ്ങനെയല്ല കുട്ടികളെ ശാസിക്കേണ്ടത്. ക്ലാസില്‍നിന്നു പുറത്താക്കിയ കുട്ടി പിന്നെ എന്തായിത്തീരുമെന്ന് നിങ്ങള്‍ ഊഹിച്ചിട്ടുണ്ടോ?

ഏതു കുറ്റമാണ് ഈ കുട്ടിയില്‍ നിങ്ങള്‍ കണ്ടത്?

കുട്ടിയെ അദ്ദേഹം ക്ലാസിലേക്കു പറഞ്ഞയച്ചു. കുട്ടിയുടെ പേര് വിജയന്‍ എന്നായിരുന്നു. അതു മറ്റാരുമല്ല, കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണ്”.

ഈ കഥ ശ്രീരാമകൃഷ്ണന്‍ പറയുന്നത് പി ചിത്രന്‍ നമ്പൂതിരിപ്പാട് ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ നമ്പൂതിരിപ്പാടിന്റെ ജന്മശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുക്കവെയാണ്.

ഇങ്ങനെ സന്ദര്‍ഭോചിതമായി കഥ പറയാനുള്ള സ്പീക്കറുടെ കഴിവിനു സ്തുതി.

ഈ കഥ കേരളത്തിലെ മുഖ്യമന്ത്രിക്കുള്ള ഓര്‍മ്മപ്പെടുത്തലാവണം.

ഒരു ബാല്യകാലാനുഭവത്തിന് ഒരു തിരുത്തല്‍ ശക്തിയാവാന്‍ കഴിയുമെങ്കില്‍ എന്നു കരുതിക്കാണണം.

ഇപ്പോള്‍ കുട്ടികളെ പുറത്താക്കിയത് മുഖ്യമന്ത്രിയാണ്.

അലന്‍ എന്നും താഹയെന്നും പേരുള്ള രണ്ടു കുട്ടികളെ.

അവര്‍ നാളെയെന്തായി തീരുമെന്ന് ഊഹിച്ചിട്ടുണ്ടോ എന്നു സാക്ഷാല്‍ ചിത്രന്‍ നമ്പൂതിരിപ്പാട് തന്റെ നാട്ടുകാരനായ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ നാവിലൂടെ ചോദിക്കുകയാണ്.

പ്രഥമാദ്ധ്യാപികയെ ശാസിച്ച് കുട്ടിയെ ക്ലാസിലേക്ക് അയക്കാന്‍ അന്നു ഡി ഇ ഒമാര്‍ ഉണ്ടായിരുന്നു. പക്ഷെ, മുഖ്യമന്ത്രിയെ തിരുത്താന്‍ ആരുണ്ട്?

ആ കുട്ടികളുടെ സ്ഥിതി എന്താവുമെന്നുതന്നെയല്ലേ ശ്രീരാമകൃഷ്ണന്‍ ചോദിക്കുന്നത്?

ഈ കഥ വിജയന്‍ മറന്നു കാണും.

ഒമ്പതാം ക്ലാസില്‍ പുറത്താക്കപ്പെടേണ്ട കുസൃതി വിജയനും അതു ക്ഷമിക്കാനുള്ള വിവേകം ചിത്രന്‍ നമ്പൂതിരിപ്പാടിനും അന്നുണ്ടായിരുന്നു.

ആ ഒമ്പതാം ക്ലാസുകാരനില്‍ നിന്ന് ഒട്ടും വളര്‍ന്നില്ല വിജയന്‍.

അന്നത്തെ വിദ്യാഭ്യാസ ഓഫീസറുടെ വിവേകവും വീക്ഷണവും മുഖ്യമന്ത്രിപദത്തിലെത്തിയിട്ടും വിജയന് തിരിഞ്ഞു കിട്ടിയിട്ടില്ല.

അല്ലെങ്കില്‍ പറയട്ടെ, അലനും താഹയും ക്ലാസുമുറിയില്‍ നിന്ന് അങ്ങനെ പുറത്താക്കപ്പെടേണ്ടവരാണോ?

അവര്‍ നാളെ എന്തായിത്തീരുമെന്ന് വിജയന്‍ ഊഹിച്ചിട്ടുണ്ടോ?

സ്പീക്കറുടെ കഥ നന്നായി.
അങ്ങയിലെ ചിത്രന്‍ നമ്പൂതിരിപ്പാടിനെ വാഴ്ത്തുന്നു.
പ്രഥമാദ്ധ്യാപകന് പക്ഷെ വിവേകം വരുന്നില്ലല്ലോ!!

ആസാദ്