രാഘവനും, രാജനും അതിർത്തിയിൽ ഉണ്ടാവുമ്പോൾ

മിനി വിശ്വനാഥൻ

അമ്മാവൻമാരിൽ മൂന്ന് പേർ പട്ടാളക്കാരായിരുന്നു.ഒരാൾ കാശ്മീർ അതിർത്തിയിൽ ,നിരന്തരം സംഘർഷങ്ങളും അപായങ്ങളും അപകടങ്ങളുണ്ടാവുന്നതിന് നടുവിൽ. മറ്റൊരാൾ ഓപ്പറേഷൻ ബ്ലൂസ്റ്റാറിൽ വരെ പങ്കെടുത്ത ഒരു പട്ടാളക്കാരൻ . വെടി വെക്കുന്നത് പോലെ വെടിയേൽക്കാനും സാദ്ധ്യതയുള്ള സാധാരണ പട്ടാളക്കാരൻ. മറ്റൊരാൾ ആസാമിലെ ബോഡോ തീവ്രവാദികൾക്കിടയിൽ.. നാലാമൻ നേരിട്ട് പട്ടാളമല്ലെങ്കിലും ആസാം മിലിറ്ററി ക്യാന്റീൻ നടത്തിപ്പുകാരൻ…

മക്കളൊക്കെ അപകട മേഘലകളിൽ ജോലി ചെയ്യുന്നതിന്റെ ഒരു വേവലാതിയും പുറത്ത് കാണിക്കാതെ അമ്മമ്മ നിരന്തരം പറമ്പിലും പാടത്തും പശുവിന്റെ ആലയിലും തന്റെ സമയം ഹോമിച്ചു. ലീവിന് മക്കൾ വരുമ്പോൾ നെഞ്ചത്തടിച്ച് ആർത്ത് കരഞ്ഞ് അവരെ സ്വീകരിച്ചു. ഒരു വർഷത്തെ സംഘർഷം മുഴുവൻ ആ പൊട്ടിപെയ്തിൽ ഒഴുക്കി തീർത്തു.
ടെലഗ്രാം മെസഞ്ചറെ ദൂരെ നിന്ന് കാണുമ്പോൾ തന്നെ അമ്മമ്മ പശുവിന്റെ ആലയിലേക്ക് നടക്കുമായിരുന്നു.. ഉറക്കെ പരാതികൾ പറഞ്ഞ് ചാണക മണത്തിൽ മുങ്ങുന്ന അമ്മമ്മ അയാളുടെ തലവട്ടം മറഞ്ഞാൽ വലിയ പാത്രം നിറയെ വെള്ളം കോരിക്കുടിക്കുന്നതും നിത്യ കാഴ്ചയായിരുന്നു. മക്കളുടെ വലിയ കറുത്തപട്ടാള പെട്ടികളിൽ ചാരിയിരുന്ന് കഞ്ഞി കുടിക്കുമ്പോൾ അവർക്ക് എന്തെങ്കിലും തിന്നാൻ കിട്ടുന്നുണ്ടാവുമോ എന്ന ആധി അടുക്കളയോടും അമ്മിക്കല്ലിന് താഴെ പതുങ്ങിക്കിടന്ന് മയക്കം നടിക്കുന്ന തള്ള പൂച്ചയോടും മാത്രം പങ്ക് വെച്ചു.

രാത്രി മുട്ട വിളക്കിന്റെ തിരി താഴ്തി കത്തിച്ച് വച്ച് മുറിയിലെ നേരിയ പ്രകാശത്തിൽ കിടന്നുറങ്ങുന്നതിന്റെ കാരണം ആൺമക്കളൊക്കെ അതിർത്തിയിൽ തണുത്ത് വിറച്ചിരിക്കുകയായിരിക്കുമെന്ന ഓർമ്മയിലാണ് .. തിരിയണയാതെ സൂക്ഷിക്കുന്ന ആ മുട്ട വിളക്ക് ആ അമ്മയുടെ കരുതലാണ്. രാത്രി പലതവണ എണീറ്റ് നോക്കി ആ വിളക്കിന്റെ തീയണയുന്നില്ല എന്ന് ഉറപ്പു വരുത്തുന്ന അമ്മമ്മയെ എല്ലാവരും പരിഹസിച്ചു. കളിയാക്കി. ദച്ചൂട്ടിയേടത്തിയുടെ വിളക്ക് പോലെ എന്ന പ്രയോഗം പോലുമുണ്ടായി കുടുംബക്കാർക്കിടയിൽ.
അമ്മമ്മ ആരെയും കൂസാക്കിയില്ല. രാപ്പകലോളം അദ്ധ്വാനിച്ച് അരവയർ ഭക്ഷണം കഴിച്ച് രാത്രി ഉറങ്ങാതെ ആ മക്കളുടെ ജീവന് കാവലിരിക്കുകയായിരുന്നു അമ്മമ്മ …

പക്ഷേ അവസാനത്തെ മകനും കാലാവധി പൂർത്തിയാക്കി നാട്ടിൽ വന്നതിനു ശേഷവും അമ്മമ്മ ഉറങ്ങാറില്ല . രാഘവനും, രാജനും അതിർത്തിയിൽ ഉണ്ടാവുമ്പോൾ ഉറങ്ങാനൊരു മനഃസമാധാനമായിരുന്നു പോലും. അതിർത്തിയിൽ യുദ്ധം വരാതെ സംരക്ഷിക്കാൻ അവരുണ്ടെന്ന മന:സമാധാനം.
ഒരു യുദ്ധം സമ്മാനിച്ച കെടുതികളും ദാരിദ്ര്യവും അവരുടെ ഓർമ്മകളിൽ ഇന്നും നിറഞ്ഞിരിക്കുന്നുണ്ട്. സ്വന്തം മക്കൾ അതിർത്തിയിൽ കാവൽ നില്ക്കുമ്പോൾ യുദ്ധം വരില്ലെന്നത് ആ നാട്ടുമ്പുറത്ത്കാരി അമ്മയുടെ ധൈര്യമായിരുന്നു.

ഇങ്ങനെ എത്ര അമ്മമാർ മക്കളുടെ ജീവനെ പൊതിഞ്ഞു കൊണ്ട് ജീവിക്കുന്നുണ്ടാവും? ആധിയോടെ , ഉറങ്ങാതെ അവരുടെ ജീവന് കാവലിരിക്കുന്നുണ്ടാവും?
നഷ്ടപ്പെട്ട ജീവനുകളെയോർത്ത് അഭിമാനത്തോടെയാണെങ്കിലും ജീവിതാവസാനം വരെ മനസ്സിൽ മക്കൾ നെരിപ്പോടായി ജീവിക്കുന്ന അമ്മമാർ അതിലേറെയുണ്ടാവും.

പക്ഷേ എല്ലാവരുടെ മനസ്സിലും ഒറ്റ വികാരവും ഒറ്റ മന്ത്രവുമായിരിക്കും.

വന്ദേ മാതരം എന്ന ഒറ്റ ശ്വാസമായിരിക്കും.

രാജ്യത്തിന് വേണ്ടി സ്വജീവിതം ബലിയർപ്പിച്ച യോദ്ധാക്കളുടെ ഓർമ്മയിൽ പുഷ്പാഞ്ജലി അർപ്പിക്കുന്നതോടൊപ്പം
അതിർത്തിയിൽ കാവൽ നില്ക്കുന്ന ധീര ജവാക്കൻമാരുടെ ആത്മവീര്യത്തിന് മുന്നിൽ സല്യൂട്ട്.

വന്ദേ മാതരം.