“യുക്മ” ബെസ്റ്റ് ട്രാന്‍സ്അറ്റ്ലാന്റിക് ലീഡര്‍ അവാർഡ് മാധവൻ.ബി. നായർക്ക് സമ്മാനിച്ചു

യുക്മ (യൂണിയന്‍ ഓഫ് യു കെ മലയാളി അസോസിയേഷന്‍സ്) ഏർപ്പെടുത്തിയ ബെസ്റ്റ് ട്രാന്‍സ്അറ്റ്ലാന്റിക് ലീഡര്‍ അവാർഡ് ഫൊക്കാനാ പ്രസിഡന്റ് മാധവൻ ബി നായർക്ക് .ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടനകളിൽ ഒന്നായ യുക്മ വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തകർക്ക് ഏർപ്പെടുത്തിയ പുരസ്കാരമാണിത് .യൂറോപ്പ്-അമേരിക്ക മേഖലയിലെ ഏറ്റവും മികച്ച സംഘടനാ പ്രവർത്തനത്തിനാണ് മാധവൻ ബി നായരെ പുരസ്‌കാരത്തിനായി പരിഗണിച്ചത് . അമേരിക്കന്‍ വന്‍കരയിലെ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള  മലയാളി സംഘടനാ കൂട്ടായ്മയായ ഫൊക്കാനയ്ക്ക് ലഭിക്കുന്ന അംഗീകാരം കൂടിയാണിത് .നോര്‍ത്ത് ലണ്ടനിലെ എന്‍ഫീല്‍ഡ് നഗരത്തിലെ പ്രസിദ്ധമായ സെന്റ് ഇഗ്നേഷ്യസ് കാത്തലിക് കോളേജില്‍ ഫെബ്രുവരി 1 ശനിയാഴ്ച്ച നടന്ന “യുക്മ ആദരസന്ധ്യ 2020″ചടങ്ങിൽ പുരസ്‌കാര സമർപ്പണം നടന്നു .ആംഗ്ലിക്കന്‍ സഭയിലെ പ്രഥമ മലയാളി ബിഷപ്പ് റെവ. ഡോ. ജോണ്‍ പെരുമ്പലത്ത് ഉത്‌ഘാടനം നിർവ്വഹിച്ചു . ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ മിനിസ്റ്റര്‍ കോര്‍ഡിനേഷനായ മന്‍മീത് സിങ് നാരങ് ഐ.പി.എസ് ആയിരുന്നു മുഖ്യ പ്രഭാഷകൻ .
കൊച്ചിന്‍ കലാഭവന്റെ അമരക്കാരനും മിമിക്സ് പരേഡ് എന്ന കലയുടെ പിതാവുമായ ആര്‍ട്ടിസ്റ്റ് കെ.എസ് പ്രസാദ്  വിശിഷ്ടാതിഥിയായി പങ്കെടുത്തു .ഹാഷിം റഷീദ്,യുക്മ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു .യുക്മ ഏർപ്പെടുത്തിയ മറ്റ് വിവിധ പുരസ്‌ക്കാരങ്ങൾ  വി പി സജീന്ദ്രന്‍ എം എല്‍ എ , ജോളി തടത്തില്‍ (ജർമ്മനി)സിബി ചെത്തിപ്പുഴ (സ്വിറ്റ്‌സർലൻഡ്) ,  വി ടി വി ദാമോദരന്‍ (ഗാന്ധി സാഹിത്യവേദി പ്രസിഡന്റ് – അബുദാബി) ,  തമ്പി ജോസ് (ലിവര്‍പൂള്‍) അഡ്വ. പോള്‍ ജോൺ,  ദീപ നായര്‍ (നോട്ടിങ്ഹാം)മാത്യു ജെയിംസ് ഏലൂര്‍ (മാഞ്ചസ്റ്റര്‍),വിവേക് പിള്ള (ലണ്ടന്‍) തുടങ്ങിയവർക്കും നൽകി .

ഫൊക്കാനയുടെ  പ്രവർത്തനങ്ങളെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസി സംഘടനകൾ ആദരിക്കുന്നതിൽ  അതിയായ സന്തോഷമുണ്ടെന്നും ,ഈ പുരസ്‍കാരം അമേരിക്കൻ മലയാളികൾക്ക് ലഭിക്കുന്ന അംഗീകാരം കൂടിയാണെന്ന് അവാർഡ് സ്വീകരിച്ചു കൊണ്ട് ഫൊക്കാന പ്രസിഡന്റ് മാധവൻ ബി നായർ പറഞ്ഞു .

യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാര്‍ പിള്ള , ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗീസ്,ആദരസന്ധ്യ ഇവന്റ് ഓര്‍ഗനൈസര്‍ എബി സെബാസ്ററ്യന്‍ ,പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ജെയ്‌സണ്‍ ജോര്‍ജ്ജ് , പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സെലിന സജീവ് തുടങ്ങിയവർ അവാർഡ് ദാന ചടങ്ങിന് നേതൃത്വം നൽകി .