ഡല്‍ഹി നിസാമുദ്ദീനില്‍ മതചടങ്ങില്‍ പങ്കെടുത്ത 10 പേര്‍ മരിച്ചു

ഡല്‍ഹി നിസാമുദ്ദീനില്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത പത്തു പേര്‍ മരിച്ചു. മരിച്ചവരില്‍ ആറു പേര്‍ തെലങ്കാന സ്വദേശികളാണ്. ഒരാള്‍ കശ്മീരിയും മറ്റൊരാള്‍ തമിഴ്നാട്ടുകാരനും. കര്‍ണാടകയില്‍ നിന്ന് ഒരാളും മഹാരാഷ്ട്രയില്‍ ഒരു വിദേശിയും മരിച്ചു. ഇന്നലെ 11 പേരാണ് കോവിഡ് മൂലം മരിച്ചത്. കോവിഡില്‍ ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ മരണസംഖ്യയാണ് ഇന്നലത്തേത്. 227 പേര്‍ക്ക് 24 മണിക്കൂറില്‍ പുതുതായി കോവിഡ് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. മലേഷ്യ, ഇന്തോനേഷ്യ, സൗദി അറേബ്യ, കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നായി രണ്ടായിരം പ്രതിനിധികളാണ് മാര്‍ച്ച് മദ്ധ്യത്തില്‍ നടന്ന നിസാമുദ്ദീനിലെ പരിപാടിയില്‍ പങ്കെടുത്തിരുന്നത്. മുസ്‌ലിം മത സംഘടനയായ തബ്‌ലീഗെ ജമാഅത്താണ് സമ്മേളനം സംഘടിപ്പത്.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പരിപാടി കഴിഞ്ഞ ശേഷം 1400 പേര്‍ ജമാഅത്തിന്റെ മര്‍കസില്‍ താമസിക്കുകയാണ്. ഇതില്‍ മുന്നൂറിലധികം പേരെ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. സ്ത്രീ അടക്കം ഒമ്പത് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. മുവ്വായിരം പേര്‍ നിരീക്ഷണത്തിലാണ്. കോവിഡ് ബാധിച്ചു ശ്രീനഗറില്‍ മരിച്ച 65 വയസ്സുകാരനും മധുരയില്‍ മരിച്ച 54 വയസ്സുകാരനും സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. യു.പിയിലെ ദുയൂബന്ദിലെ മതപഠന കേന്ദ്രവും സന്ദര്‍ശിച്ച ശേഷമാണ് കശ്മീര്‍ സ്വദേശി ശ്രീനഗറിലേക്ക് മടങ്ങിയത്. ട്രയിന്‍ വഴിയാണ് ഇയാള്‍ സ്വദേശത്തെത്തിയത്.

സമ്മേളനത്തില്‍ പങ്കെടുത്ത രണ്ട് തായ്‌ലാന്‍ഡ് സ്വദേശികള്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് തമിഴ്‌നാട്ടില്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചു. ഇവരെ ചികിത്സിച്ച കോട്ടയം സ്വദേശിനിയായ ഡോക്ടര്‍ക്കും മകള്‍ക്കും അസുഖം പടര്‍ന്നിട്ടുണ്ട്. ഈറോഡില്‍ നിന്ന് സമ്മേളനത്തില്‍ പങ്കെടുത്തവരുടെ വീടുകളും പരിസര പ്രദേശങ്ങളും ജില്ലാ ഭരണകൂടം അടച്ചു. പൊള്ളാച്ചിയില്‍ സമ്മേളനത്തില്‍ പങ്കെടുത്ത ഏഴു പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സമ്മേളനത്തിന് നേതൃത്വം നല്‍കിയ മതനേതാവിനെതിരെ കേസെടുക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഉത്തരവിട്ടു. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്ത നിസാമുദ്ദീന്‍. നിസാമുദ്ദീന്‍ വെസ്റ്റിലും ബസ്തി മേഖലയിലും മാത്രം മുപ്പതിനായിരത്തിലേറെ പേരാണ് താമസിക്കുന്നത്.