ഡോക്ടറുടെ കുറിപ്പടിയില്‍ മദ്യവിതരണം വേണ്ട: ഹൈക്കോടതി- സര്‍ക്കാറിന് തിരിച്ചടി

കൊച്ചി: മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടര്‍മാരുടെ കുറിപ്പടി പ്രകാരം മദ്യം വിതരണം ചെയ്യാനുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് സ്‌റ്റേ ചെയ് ഹൈക്കോടതി. മൂന്നാഴ്ചത്തേക്കാണ് സ്‌റ്റേ. വിഷയത്തില്‍ സര്‍ക്കാറിന് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ഒരാഴ്ചത്തെ സമയം നല്‍കി. കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍, കെജിഎംഒഎ, ഐഎംഎയിലെ ഒരു വിഭാഗം എന്നിവര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി തീരുമാനം സ്‌റ്റേ ചെയ്തത്. എന്ത് ശാസ്ത്രീയ അടിത്തറയാണ് തീരുമാനത്തിന് പിന്നിലുള്ളതെന്ന് കോടതി ചോദിച്ചു. മദ്യാസക്തിയുള്ളവര്‍ക്ക് മരുന്ന് എന്ന നിലയിലാണ് ചെറിയ അളവില്‍ മദ്യം നല്‍കുന്നതെന്ന് സര്‍ക്കാര്‍ വാദിച്ചു. മദ്യം നിരോധിച്ച സംസ്ഥാനങ്ങളിലും ഇത്തരം നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. മദ്യം മരുന്നല്ലെന്ന് കെജിഎംഒഎ ഡോക്ടര്‍മാര്‍ പറയുന്നുണ്ടല്ലോ. പിന്നെ എങ്ങനെ സര്‍ക്കാരിന് ഇത്തരത്തിലൊരു നിര്‍ദേശം ലഭിച്ചതെന്ന് കോടതി മറുചോദ്യമുന്നയിച്ചു. ഡോക്ടര്‍മാര്‍ മദ്യം കുറിക്കുന്നില്ലെങ്കില്‍ ഉത്തരവ് പുറപ്പെടുവിക്കുന്നത് എന്തിനെന്നും കോടതി ചോദിച്ചു. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നേരത്തെ ഡോക്ടര്‍മാരുടെ സംഘടന രംഗത്തെത്തിയിരുന്നു.

ഡോക്ടര്‍മാര്‍ കുറിപ്പടി നല്‍കിയാല്‍ മദ്യാസക്തിയുള്ളവര്‍ക്ക് എക്സൈസ് പാസ്സിന്റെ അടിസ്ഥാനത്തില്‍ ബെവ്കോ മദ്യം വീട്ടിലെത്തിച്ചു നല്‍കാം എന്നായിരുന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. ലോക്ക്ഡൗണിനെത്തുടര്‍ന്ന് മദ്യം ലഭിക്കാതെയുള്ള ആത്മഹത്യ വര്‍ധിച്ചതോടെയാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്. ആഴ്ചയില്‍ മൂന്ന് ലിറ്ററാണ് ഇത്തരത്തില്‍ കിട്ടുക. നേരത്തെ, കേന്ദ്രസര്‍ക്കാറും തീരുമാനത്തിനെതിരെ രംഗത്തു വന്നിരുന്നു. ലോക്ക് ഡൗണിലെ ഇളവുകള്‍ ഏതു തരത്തിലുള്ളതായാലും അംഗീകരിക്കാന്‍ ആകില്ല എന്നാണ് കേരളത്തിന്റെ പേരെടുത്തു പറയാതെ കേന്ദ്രം സംസ്ഥാനങ്ങളെ അറിയിച്ചിരുന്നത്.