കൊവിഡ് ; സുരക്ഷ വേണം നഴ്‌സിംഗ് സംഘടന സുപ്രീം കോടതിയില്‍

ലോകത്തെ ഒന്നാകെ ആശങ്കയിലാഴ്ത്തി കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷക്കായുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തേടി സുപ്രീം കോടതിയെ സമീപിച്ച് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ).

വിവിധ സംസ്ഥാനങ്ങളിലായി നഴ്‌സുമാരുള്‍പ്പടെ 50 ലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് – 19 രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷക്കായുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് യുഎന്‍എ സുപ്രീം കോടതിയെ സമീപിച്ചത്.

2020 മാര്‍ച്ച് 11ന് ലോകാരോഗ്യ സംഘടന കൊറോണയെ മഹാമാരിയായി പ്രഖ്യാപിക്കുകയും മാര്‍ച്ച് 19ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കായുള്ള ഇടക്കാല മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്‌തെങ്കിലും ദേശീയ കൊവിഡ് 19 മാനേജ്‌മെന്റ് പ്രോട്ടോക്കോള്‍ തയ്യാറാക്കാന്‍ പോലും കേന്ദ്ര ആരോഗ്യ മന്ത്രാലയം തയ്യാറായിട്ടില്ല.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കാവശ്യമായ അവശ്യ വസ്തുക്കളുടെ ദൗര്‍ലഭ്യവും അശാസ്ത്രീയമായ രോഗീപരിചരണവും മൂലം നിരവധിയായ ആരോഗ്യ പ്രവര്‍ത്തകരാണ് അനുദിനം രോഗബാധിതരാകുന്നതെന്ന് യുഎന്‍എ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വ്യക്തി സംരക്ഷണത്തിന് ആവശ്യമായ ഉപകരണങ്ങള്‍ ഉറപ്പു വരുത്തുക, കൊറോണ വാര്‍ഡില്‍ ജോലി ചെയ്യുന്നവര്‍ക്കായി പ്രത്യേക താമസ സൗകര്യവും യാത്രാ -ഭക്ഷണ സൗകര്യങ്ങളും ഏര്‍പ്പെടുത്തുക, നഴ്‌സുമാരുള്‍പ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗജന്യമായ കൊറോണ ടെസ്റ്റിനും രോഗബാധിരായവര്‍ക്ക് സൗജന്യ ചികിത്സക്കും സൗകര്യങ്ങളൊരുക്കുക, ജോലിക്കിടയില്‍ രോഗ ബാധിതരാകുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബത്തിനാവശ്യമായ സംരക്ഷണം തുടങ്ങിയ ആവശ്യങ്ങളും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്.

കൊവിഡിന്റെ പേരില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് താമസ സൗകര്യം നിഷേധിക്കുന്ന വീട്ടുടമസ്ഥര്‍ക്കെതിരെ നിയമ നടപടി, താത്കാലിക ജീവനക്കാരുള്‍പ്പടെയുള്ള മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരെയും കേന്ദ്രം പ്രഖ്യാപിച്ച ആരോഗ്യ പരിരക്ഷാ ഇന്‍ഷൂറന്‍സില്‍ ഉള്‍പ്പെടുത്താനുള്ള നടപടി, കൊവിഡ് 19ന്റെ പേരില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പളവും ആനുകൂല്യങ്ങളും തടയുന്ന മാനേജ്‌മെന്റുകള്‍ക്കെതിരെ നടപടി തുടങ്ങിയ ആവശ്യങ്ങളും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്.

അഡ്വ.സുഭാഷ് ചന്ദ്രന്‍, അഡ്വ.ബിജു രാമന്‍ എന്നിവര്‍ മുഖേനയാണ് കൊവിഡ് 19 മായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷക്കായുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തേടിയുള്ള ഹര്‍ജി യുഎന്‍എ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.