പ്രവാസി ഭാരതീയ ദിവസ് ജനുവരി ഏഴ് മുതല്‍ ബംഗളൂരുവില്‍

പതിനാലാമത് പ്രവാസി ഭാരതീയ ദിവസ് ജനുവരി ഏഴു മുതല്‍ ഒമ്പത് വരെ ബംഗളുരുവില്‍ നടക്കും. ബംഗ്‌ളുരു തുംക്കൂറിലെ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്റ്‌റിലാണ് പ്രവാസി ഭാരതീയ ദിവസ് നടക്കുക. പ്രവാസി സമൂഹവുമായുള്ള ബന്ധം പുനര്‍നിര്‍വചിക്കുകയെന്നതാണ് സമ്മേളനത്തിന്റെ പ്രധാന ചര്‍ച്ചാവിഷയമെന്ന് അധികൃതര്‍ അറിയിച്ചു. പ്രവാസി കാര്യം വകുപ്പ് നിര്‍ത്തലാക്കിയതിനാല്‍ വിദേശകാര്യവകുപ്പാണ് ഈ വര്‍ഷം പ്രവാസി ഭാരതീയ സമ്മേളനം സംഘടിപ്പിക്കുന്നത്. സമ്മേളനത്തിന്റെ ആദ്യ ദിവസം ഇന്ത്യന്‍ പ്രവാസി സമൂഹവുമായുള്ള ഇടപഴകല്‍ എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. വിദേശകാര്യമന്ത്രി സുഷമാസ്വരാജ് ഈ സെഷനില്‍ സംസാരിക്കും.

രണ്ടാം ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മേളനത്തെ അഭിസംബോധനം ചെയ്യും. സമാപന ദിവസമായ ജനുവരി ഒമ്പതിന് പ്രവാസി ഭാരതീയ സമ്മാന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി സമ്മാനിക്കും. 3000 പ്രതിനിധികള്‍ക്ക് പുറമേ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും സമ്മേളനത്തില്‍ പങ്കെടുക്കും.

സമ്മേളനത്തിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനം അന്തിമഘട്ടത്തിലാണ്. ഇന്ത്യക്കാര്‍ക്ക് 100 ഡോളറും വിദേശികള്‍ക്ക് 250 ഡോളറുമാണ് രജിസ്‌ട്രേഷന്‍ ഫീസ്. ഇന്ത്യന്‍ പ്രവാസി സമൂഹവുമായുള്ള ഇടപഴകല്‍ പുനര്‍നിര്‍വചിക്കുന്നതിലാണ് ബംഗളുരു പ്രവാസി സമ്മേളനം കേന്ദ്രീകരിക്കുകയെന്ന് കേന്ദ്ര പ്രവാസികാര്യ മന്ത്രാലയം അറിയിച്ചു.

കൊല്‍ക്കത്ത സ്വദേശി തപാല്‍ അസിസ്റ്റന്റ് ദെബാശിഷ് സര്‍ക്കാറാണ് സമ്മേളനത്തിന്റെ ലോഗോ രൂപകല്‍പ്പന ചെയ്തത്. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ വിദേശകാര്യമന്ത്രി സുഷമാസ്വരാജ്, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവര്‍ ചേര്‍ന്ന് ലോഗോ പ്രകാശനം ചെയ്തു.