ആന്‍റണിക്കും വഴങ്ങാതെ ഉമ്മന്‍ ചാണ്ടി

പഴയതൊന്നും ആന്‍റണി മറക്കരുത്

അവഗണന തുടര്‍ന്നാല്‍ കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങേണ്ടിവരും

-പി.എ. സക്കീര്‍ ഹുസൈന്‍-

 

തിരുവനന്തപുരം: ഡി.സി.സി പുനസംഘടനയോടെ കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങളോട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അകലം പാലിക്കുന്നത് നേതാക്കളെ പരിഭ്രാന്തരാക്കുന്നു. ഇതേത്തുടര്‍ന്ന് സമവായനീക്കവുമായി എ.കെ ആന്‍റണി കേരളത്തിലെത്തിയെങ്കിലും ഉമ്മന്‍ ചാണ്ടിയെ അനുനയിപ്പിക്കാനായിട്ടില്ല.

പുനസംഘടനയില്‍ മാത്രമല്ല സംഘടനാപരമായ മറ്റുകാര്യങ്ങളിലും തന്നെ തഴയുന്ന നിലപാടാണ് കാലങ്ങളായി ഹൈക്കമാന്‍ഡ് സ്വീകരിക്കുന്നതെന്നും അതുകൊണ്ടുതന്നെ സംഘടനാ സംവിധാനങ്ങളെ ചലിപ്പിക്കാന്‍ തന്‍റെ സഹായം ഇനി ഉണ്ടാകില്ലെന്നും ഉമ്മന്‍ ചാണ്ടി അസന്നിഗ്ദ്ധമായി വ്യക്തമാക്കി. തന്നോട് ആലോചിച്ചല്ല ഡി.സി.സി പുനസംഘടിപ്പിച്ചത്. ഇനി കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനെയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെയും വച്ച് രാഹുല്‍ഗാന്ധി കേരളത്തിലെ പാര്‍ട്ടിയെ നയിക്കട്ടെ. തല്‍ക്കാലം അതിലൊന്നും ഇടപെടാന്‍ താനില്ലെന്നും ഉമ്മന്‍ ചാണ്ടി എ.കെ ആന്‍റണിയോട് വ്യക്തമാക്കി.

ആന്‍റണിയുടെ അറിവോ സമ്മതമോ ഇല്ലാതെ ഹൈക്കമാന്‍ഡ് കേരളത്തില്‍ ഒന്നും ചെയ്യില്ല. എന്നാല്‍ സഹായിക്കുന്നതിന് പകരം ഇല്ലാതാക്കന്‍ ആന്‍റണി കൂട്ടുനില്‍ക്കുകയായിരുന്നെന്നും ഉമ്മന്‍ ചാണ്ടി ആന്‍റണിയോട് പറഞ്ഞതായി എ ഗ്രൂപ്പ് നേതാവ് സ്ഥിരീകരിക്കുന്നു. പഴയ കാര്യങ്ങള്‍ മറക്കുന്നത് ആര്‍ക്കും നന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സൗഹാര്‍ദ്ദപരമായി തുടങ്ങിയ ആന്‍റണി- ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച അവസാനം ഏറെ വൈകാരികമായാണ് അവസാനിച്ചത്. അതേസമയം അനുനയ നീക്കവുമായെത്തിയ ആന്‍റണിക്ക് ഉമ്മന്‍ ചാണ്ടിയുടെ പരാതിക്ക് മുന്നില്‍ നിശബ്ദതപാലിക്കാനെ സാധിച്ചുള്ളൂ.

ഉമ്മന്‍ ചാണ്ടിയെ അനുനയിപ്പിക്കാനാകാത്ത സാഹചര്യത്തില്‍ ആന്‍റണി ഡല്‍ഹി യാത്ര മുന്നുദിവസത്തേക്ക് കൂടി മാറ്റിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ അസാന്നിധ്യത്തില്‍ സുധീരനെയോ രമേശ് ചെന്നിത്തലയെയോ മുന്‍നിര്‍ത്തി പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്ന യാഥാര്‍ഥ്യം മനസിലാക്കിയാണ് പ്രശ്നപരിഹാരത്തിന് എ.കെ ആന്‍റണി തന്നെ രംഗത്തിറങ്ങിയിരിക്കുന്നത്.    

കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ പങ്കെടുക്കുന്നതും പാര്‍ട്ടി സംഘടിപ്പിക്കുന്നതുമായ പരിപാടികളില്‍നിന്ന് ഉമ്മന്‍ ചാണ്ടി വിട്ടുനില്‍ക്കുന്നത് ദേശീയ നേതൃത്വത്തെപ്പോലും ഞെട്ടിച്ചിട്ടുണ്ട്. 

ഉമ്മന്‍ ചാണ്ടിയെപ്പോലെ സംഘടനാശേഷിയും താഴേത്തട്ടുവരെ സ്വാധീനവുമുള്ള നേതാക്കളുടെ അഭാവമാണ് കോണ്‍ഗ്രസ് നേതൃത്വത്തെ പരിഭ്രാന്തരാക്കുന്നത്. ഉമ്മന്‍ ചാണ്ടി പൂര്‍ണമായും ഔദ്യോഗിക പരിപാടികളില്‍നിന്ന് വിട്ടുനിന്നതോടെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ നടത്തുന്ന ഭരണകൂട ഭീകരത തുറന്നുകാട്ടാന്‍ പോലും ചെന്നിത്തലയ്‌ക്കോ വി.എം സുധീരനോ സാധിച്ചിട്ടില്ല.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഹൈക്കമാന്‍ഡ് തന്നോട് കാട്ടുന്ന അനീതിക്കെതിരെ പരാതിക്കെട്ടുമായി ഇനി ഡല്‍ഹിയിലേക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി നിലപാടെടുത്തത് കേന്ദ്ര സംസ്ഥാന നേതാക്കളെ ഒട്ടൊന്നുമല്ല പ്രതിസന്ധിയിലാക്കിയത്. കേന്ദ്ര നേതൃത്വവുമായുള്ള ആശയവിനിമയത്തിനും വിലപേശലിനുമുള്ള സാഹചര്യം പൂര്‍ണമായും ഉമ്മന്‍ ചാണ്ടി അടച്ചത് അവരെയും അങ്കലാപ്പിലാക്കി. ഇതോടെയാണ് ആന്‍റണിയെ കേരളത്തിലേക്ക് അയയ്ക്കാന്‍ നേതൃത്വം നിര്‍ബന്ധിതമായത്.