ഇന്ന് ഒമ്പത് പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; മൊത്തം രോഗികള്‍ 336

സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലുപേര്‍ കാസര്‍കോട്, മൂന്നുപേര്‍ കണ്ണൂര്‍, കൊല്ലം, മലപ്പുറം ഓരോരുത്തര്‍. ഇതില്‍ വിദേശത്തുനിന്നു വന്ന നാലുപേരും നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത രണ്ടുപേരും സമ്പര്‍ക്കം മുഖേന വൈറസ് ബാധിച്ച മൂന്നുപേരുമാണുള്ളത്. 12 പേര്‍ക്ക് ഇന്ന് പരിശോധനാ ഫലം നെഗറ്റീവായി. കണ്ണൂര്‍ അഞ്ച്, എറണാകുളം നാല്, തിരുവനന്തപുരം, ആലപ്പുഴ, കാസര്‍കോട് ഓരോന്നു വീതം. ഇതുവരെ 336 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 263 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്.

സംസ്ഥാനത്ത് 1,46,686 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,45,934 പേര്‍ വീടുകളിലും 752 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 131 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 11,232 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 10,250 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ കാലത്തിനു ശേഷമുള്ള നിയന്ത്രണങ്ങള്‍ സംബന്ധിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. അത് കേന്ദ്ര ഗവണ്‍മെന്‍റിന് അയച്ചുകൊടുക്കും. ഇന്ന് സംസ്ഥാനത്തേക്കുള്ള ചരക്കുനീക്കത്തില്‍ ചെറിയ കുറവു വന്നിട്ടുണ്ട്. 1745 ട്രക്കുകളാണ് തമിഴ്നാട്, കര്‍ണാടക അതിര്‍ത്തികള്‍ കടന്നുവന്നത്. ഇതില്‍ 43 എല്‍പിജി ടാങ്കറുകളും എല്‍പിജി സിലിണ്ടറുകളുമായുള്ള 65 ട്രക്കുകളുമുണ്ട്. ലോക്ക്ഡൗണിനു മുമ്പ് ഒരുദിവസം 227 എല്‍പിജി ടാങ്കറുകള്‍ എത്തിയിരുന്നു. കൂടുതല്‍ ട്രക്കുകള്‍ സാധനങ്ങളുമായി എത്തുന്ന സാഹചര്യമാണ് ഉണ്ടാക്കുന്നത്. സംസ്ഥാനത്തിന്‍റെ ഭക്ഷ്യ സ്റ്റോക്കില്‍ നിലവില്‍ പ്രശ്നങ്ങളൊന്നുമില്ല.

എന്നാല്‍, ഇനിയുള്ള ഘട്ടം മുന്നില്‍ കണ്ട് സ്റ്റോക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ചരക്കുഗതാഗതത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടതുണ്ട് എന്നാണ് കാണുന്നത്. കര്‍ഷകര്‍ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. വിഷു, ഈസ്റ്റര്‍ വിപണി സജീവമാകേണ്ട ഘട്ടമാണിത്. ഈ ഘട്ടത്തില്‍ അധികമായി ഉല്‍പാദിപ്പിക്കപ്പെട്ട പച്ചക്കറി വിപണി കിട്ടാതെ പാഴാവുന്നത് കര്‍ഷകരെ സാരമായി ബാധിക്കും. അതുകൊണ്ട് കൃഷിവകുപ്പ് കര്‍ഷക വിപണികള്‍ വഴി പച്ചക്കറി സംഭരണത്തിന് തീരുമാനിച്ചിട്ടുണ്ട്. കര്‍ഷകര്‍ ഈ വിപണികളെ പ്രയോജനപ്പെടുത്തണം. കര്‍ഷകര്‍ക്ക് മാത്രമല്ല, സുരക്ഷിത പച്ചക്കറി സമൂഹത്തിന് ലഭ്യമാകുന്നതിനും ഇത് സഹായകമാകും. പഴം, പച്ചക്കറി വ്യാപാരികള്‍ തങ്ങള്‍ വില്‍ക്കുന്ന ഉല്‍പന്നങ്ങള്‍ളില്‍ പ്രാദേശികമായി ലഭ്യമാകുന്നത് കേരളത്തിലെ കര്‍ഷകരില്‍നിന്ന് സംഭരിക്കണമെന്ന് അവരോട് അഭ്യര്‍ത്ഥിക്കുന്നു. കര്‍ണാടക അതിര്‍ത്തി കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്. രോഗികളെ കടത്തിവിടും എന്ന് കേന്ദ്ര ഗവണ്‍മെന്‍റും പറഞ്ഞിട്ടുണ്ട്. അത് നടപ്പാകും എന്നാണ് കരുതുന്നത്. ഭാരതപ്പുഴയില്‍നിന്ന് മണല്‍കടത്ത് വ്യാപകമായെന്ന് ഒരു വാര്‍ത്ത കണ്ടു. ലോക്ക്ഡൗണിന്‍റെ മറവില്‍ ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ശക്തമായി ഇടപെടാന്‍ പൊലീസിന് നിര്‍ദേശം നല്‍കി.

കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അമിതവില ഈടാക്കല്‍ എന്നിവ തടയുന്നതിന് പരിശോധനകള്‍ തുടരുകയാണ്. 326 വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. 144 നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തു. മത്സ്യപരിശോധനയില്‍ ഗുരുതരമായ കാര്യങ്ങളാണ് കണ്ടെത്തിയത്. വളത്തിനുവെച്ച മത്സ്യമടക്കം നമുക്ക് ഭക്ഷണത്തിനായി ഇങ്ങോട്ടു കൊണ്ടുവരുന്ന കാഴ്ചയാണുള്ളത്. ഏതായാലും അത്തരത്തിലുള്ള മത്സ്യം പിടിച്ചെടുക്കുന്നതിനും നശിപ്പിക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്. കൂടുതല്‍ ശക്തമായ നടപടികളിലേക്ക് നീങ്ങും. റേഷന്‍ വിതരണത്തില്‍ ചെറിയ പരാതി വന്നാല്‍ പോലും ഗൗരവമായി എടുക്കണം എന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ന് ഒരു സംഭവം ശ്രദ്ധയില്‍ പെട്ടു. ഒരു റേഷന്‍ ഷോപ്പില്‍ എത്തിയ ധാന്യത്തില്‍ കുറവുണ്ടായി. അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ നോക്കണം. സ്റ്റോക്ക് കുറവ്, തൊഴിലാളികളുടെ അഭാവം, വാഹന ദൗര്‍ലഭ്യം എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ അതാതിടത്ത് ഇടപെട്ട് പരിഹരിക്കാന്‍ കഴിയണം എന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. മൃഗശാലകള്‍ അണുവിമുക്തമാക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അതോടൊപ്പം വളര്‍ത്തുമൃഗങ്ങളുടെ കൂടുകളും അണുവിമുക്തമാക്കേണ്ടതുണ്ട്. അക്കാര്യത്തില്‍ വീട്ടുകാര്‍ ശ്രദ്ധിക്കണം.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണം. കമ്യൂണിറ്റി കിച്ചന്‍ ഏറെക്കുറെ പരാതികളില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, അക്കാര്യത്തില്‍ അനാവശ്യ മത്സരങ്ങള്‍ ഉണ്ടാകുന്നത് ദോഷകരമാണ്. പത്തനംതിട്ട ജില്ലയിലെ ഒരു വിവരം കേട്ടത് ഒമ്പത് സ്ഥലങ്ങളില്‍ മത്സര സ്വഭാവത്തോടെ സമാന്തര കിച്ചണുകള്‍ നടത്തുന്നു എന്നതാണ് റിപ്പോര്‍ട്ട്. ഇതിലൊന്നും മത്സരത്തിന്‍റെ കാര്യമില്ല. ആവശ്യത്തിനാണ് ഇടപെടല്‍ വേണ്ടത്. മത്സരം മൂലം ഭക്ഷണത്തില്‍ കുഴപ്പം വന്നാല്‍ സ്ഥിതി വഷളാകും. ഇക്കാര്യത്തില്‍ ജില്ലാ ഭരണസംവിധാനം ഫലപ്രദമായി ഇടപെടണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് ഭക്ഷണവിതരണത്തിനുള്ള ചുമതല. ചിലയിടങ്ങളില്‍ നിന്നും മരുന്ന് ക്ഷാമം റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുണ്ട്. മാനസികരോഗികള്‍ക്ക് മരുന്നു ലഭിക്കാതായതോടെ അക്രമാസക്തരാകുന്നതായി ഒരു വാര്‍ത്ത വന്നു. വൃക്കരോഗികളുടെ പ്രയാസം സംബന്ധിച്ചും വാര്‍ത്തയുണ്ട്. ഇത്തരം വിഷയങ്ങള്‍ ആരോഗ്യവകുപ്പും പൊലീസും ഫയര്‍ഫോഴ്സും ശ്രദ്ധിക്കുന്നുണ്ട്. ചിലത് ശ്രദ്ധയില്‍പ്പെട്ടാല്‍ വാര്‍ത്ത കൊടുക്കുന്നതോടൊപ്പം തന്നെ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും മാധ്യമങ്ങള്‍ തയ്യാറാകണം. ഇത് ഒരു അഭ്യര്‍ത്ഥനയാണ്.

അട്ടപ്പാടിയിലേക്ക് അയല്‍സംസ്ഥാനത്തു നിന്നും മദ്യം കടത്തുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലോക്ക്ഡൗണ്‍ മുന്‍കൂട്ടിക്കണ്ട് ചില ഇടനിലക്കാര്‍ വാങ്ങിക്കൂട്ടിയ മദ്യം ചില നാട്ടുപാതകള്‍ വഴി കടത്തിക്കൊണ്ടുവന്നു വില്‍ക്കുന്നതായാണ് പരാതി. ഇതില്‍ ശക്തമായി ഇടപെടാന്‍ എക്സൈസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് പുസ്തകങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ നാട്ടിലെ ലൈബ്രറികളും വായനശാലകളും ശ്രമിക്കണം. രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത ജവാډാരുടെ വിധവകള്‍ക്കുള്ള വര്‍ധിപ്പിച്ച പെന്‍ഷന്‍ മുടങ്ങി എന്ന പരാതി വന്നിട്ടുണ്ട്. അത് പരിശോധിച്ച് പരിഹരിക്കാന്‍ നിര്‍ദേശം നല്‍കി.