കൊവിഡ്; യുകെയില്‍ ഇന്ത്യന്‍വംശജനായ ഡോക്ടറും യുഎസില്‍ മാധ്യമപ്രവര്‍ത്തകനും മരിച്ചു

വാഷിങ്ടണ്‍: കൊവിഡ് ബാധിച്ച് യുകെയിലും യുഎസിലുമായി ഇന്ത്യന്‍ വംശജരായ ഡോക്ടറും മാധ്യമപ്രവര്‍ത്തകനും മരിച്ചു. ഇന്ത്യന്‍ വാര്‍ത്താ ഏജന്‍സിയായ യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യയുടെ മുന്‍ റിപ്പോര്‍ട്ടറായ ബ്രഹ്മ കാഞ്ചിഭോത്ലയാണ് മരിച്ചത്.ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയാണ് മാധ്യമപ്രവര്‍ത്തകനായ ബ്രഹ്മ കാഞ്ചിഭോത്ല മരിച്ചത്.

അമേരിക്കയില്‍ മലയാളികളടക്കം നിരവധി പേര്‍ ഇതിനോടം വൈറസ് ബാധിച്ചു മരിച്ചിട്ടുണ്ട്. ഇന്ത്യന്‍ വംശജരായ അനേകം പേര്‍ക്ക് രോഗംസ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ വംശജനായ കാര്‍ഡിയക് സര്‍ജന്‍ ജിതേന്ദ്ര കുമാര്‍ റാത്തോഡാണ് (58) യുകെയില്‍ മരിച്ചത്. കൊവിഡ് ബാധിതനായി ചികിത്സയിലിരിക്കെ തിങ്കളാഴ്ച കാര്‍ഡിഫിലെ ആശുപത്രിയിലായിരുന്നു മരണം.

യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ഓഫ് വെയില്‍സിലെ (യുഎച്ച്ഡബ്ല്യു) കാര്‍ഡിയോ തോറാസിക് സര്‍ജറിയിലെ സ്പെഷ്യലിസ്റ്റായിരുന്നു അദ്ദേഹം.