‘ഈ സഹായം ഒരിക്കലും മറക്കില്ല’; മോദിക്കും ഇന്ത്യന്‍ ജനതയ്ക്കും നന്ദി അറിയിച്ച് ട്രംപ്

ന്യൂയോര്‍ക്ക്: ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്നു കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കോവിഡിനെതിരേയുള്ള യുദ്ധത്തില്‍ ഇന്ത്യയെ മാത്രമല്ല മാനവികതയേയും സഹായിച്ച നരേന്ദ്ര മോദിയുടെ നേതൃപാടവത്തിന് പ്രത്യേകം നന്ദി അറിയിക്കുന്നതായും ട്രംപ് ട്വിറ്ററിലൂടെ വ്യക്തമാക്കി.

”ഇന്ത്യക്കും ഇന്ത്യന്‍ ജനതയ്ക്കും നന്ദി. ഈ സഹായം അമേരിക്ക ഒരിക്കലും മറക്കില്ല. നന്ദി പ്രധാനമന്ത്രി മോദി. ഈ പോരാട്ടത്തില്‍ ഇന്ത്യയെ മാത്രമല്ല, മാനവികതയെ ആകെ സഹായിക്കുന്നതില്‍ നിങ്ങളുടെ ശക്തമായ നേതൃത്വത്തിനു സാധിക്കും.
ട്രംപ് ട്വീറ്റ് ചെയ്തു.

ഇത്തരം അസാധാരണമായ സാഹചര്യങ്ങളില്‍ സുഹൃത്തുക്കള്‍ തമ്മില്‍ കൂടുതല്‍ സഹകരണം ആവശ്യമാണെന്നും ഇന്ത്യ-അമേരിക്ക ബന്ധത്തെ സൂചിപ്പിച്ച് ട്രംപ് കൂട്ടിച്ചേര്‍ത്തു.

മലേറിയയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ അമേരിക്കയ്ക്ക് നല്‍കാന്‍ ഇന്ത്യ തീരുമാനിച്ചതിന് പിന്നാലെ മോദി മികച്ച നേതാവാണെന്നും മഹാനായ വ്യക്തിയാണെന്നും കഴിഞ്ഞ ദിവസം ട്രംപ് വ്യക്തമാക്കിയിരുന്നു.

29 മില്ല്യണ്‍ ഡോസ് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്നുകളാണ് ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് കയറ്റി അയച്ചത്. പ്രതിരോധമരുന്നു വികസിപ്പിക്കും വരെ കോവിഡ് ചികിത്സയില്‍ ഫലപ്രദമായേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിക്കുന്ന ഗുളികയാണ് ഹൈഡ്രോക്‌സിക്ലോറോക്വിന്‍.

ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കയറ്റുമതിക്ക് ഇന്ത്യ അനുവദിച്ചില്ലെങ്കില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള കയറ്റുമതി നിരോധനം ഇന്ത്യ ഭാഗികമായി പിന്‍വലിച്ചത്.