കൊറോണ; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നില മെച്ചപ്പെട്ടതായി അധികൃതര്‍

ലണ്ടന്‍: കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നില മെച്ചപ്പെട്ടുവെന്നും, ഇപ്പോള്‍ കിടക്കയില്‍ ഇരിക്കുകയും ക്ലിനിക്കല്‍ ടീമുമായി നല്ല രീതിയില്‍ ഇടപഴകുന്നുണ്ടെന്നും ഋഷി സുനക് സ്ഥിരീകരിച്ചു.

ഇപ്പോഴും തീവ്രപരിചരണത്തിലുള്ള പ്രധാനമന്ത്രിക്ക് സെന്റ് തോമസ് ആശുപത്രിയില്‍ മികച്ച പരിചരണം ലഭിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ബോറിസ് ജോണ്‍സന്റെ ആരോഗ്യ പരിചരണത്തില്‍ നേതൃത്വം വഹിക്കുന്നത് രാജ്യത്തെ പ്രമുഖ ശ്വാസകോശ വിദഗ്ദന്‍ ഡോ. റിച്ചാര്‍ഡ് ലീച്ചാണ്.

രോഗം സ്ഥിരീകരിച്ചിട്ട് പത്ത് ദിവസമായിട്ടും അസുഖം ഭേദമാകാത്തത് കൊണ്ടാണ് അദ്ദേഹത്തെ ഞായറാഴ്ച ആശുപത്രിയിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസം രാത്രി ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായതിനെ തുടര്‍ന്നാണ് ഐസിയുവിലേക്ക് മാറ്റിയത്.