ഇങ്ങനെ ഒരാൾ (കവിത)

ഷിഫാന സലിം

അത്രമേൽ പ്രിയപ്പെട്ടവന്റെ
കൈകളിൽ കിടന്നുറങ്ങിയ
പിറ്റേ ദിവസമാണ്

രണ്ടു വരകളിലൂടെ
തെളിഞ്ഞു നീയെന്നെ
ഒരമ്മയാക്കിയത്..!

ഇടവഴിയിൽ ബോധമറ്റു
കിടന്നപ്പോൾ
താങ്ങിപ്പിടിച്ചു
വീട്ടിൽ കൊണ്ട് വന്നപ്പോൾ
എല്ലാരും ചോദിച്ചതാണ്

പക്ഷെ..

നാലു പേരുടെയും ഒരേ
സ്വരത്തിൽ കൊന്നു
കളയുമെന്ന ഭീഷണിക്കു
മുൻപിലാണ് തല
കറങ്ങിയതാണെന്ന്
നിന്നോട് പോലും എനിക്കു
കള്ളം പറയേണ്ടി വന്നത്.

ജീവിതമത്രമേൽ നിന്നെ
കൊതിച്ചപ്പോൾ നിശ്ചയിച്ചുറപ്പിച്ച
നമ്മുടെ കല്യാണക്കത്തു
കാണുമ്പോൾ ഞാൻ
വീണ്ടും വീണ്ടും മറക്കാൻ
ശ്രമിക്കും..

തുടയിടുക്കുകളിൽ
വേദനകളുടെയവശേഷിപ്പുകൾ
കാണാതിരിക്കാൻ വീണ്ടും
നിവർന്നു നടക്കും..

ഒന്നും സംഭവിച്ചിട്ടില്ലെന്ന്
കണ്ണാടിയിലെന്നെ നോക്കി
പഠിപ്പിക്കും..

എങ്കിലും ഇടക്കെങ്കിലും
കണ്ണുകൾ ഞാൻ പോലുമറിയാതെ
എന്റെ കന്യകാത്വത്തെ ചോദ്യം
ചെയ്യും..

തലേന്ന് രാത്രി കരഞ്ഞുറങ്ങിയ
എന്റെ മുഖത്തേക്ക് നോക്കി
ചിരിച്ചു കൊണ്ടാണ് നീ
താലി ചാർത്തിയത്..

ഇന്നിപ്പോ നാലിൽ ഏതൊരാളാണെന്ന്
പോലുമറിയാത്ത പിതൃത്വമുള്ള
എന്റെ കുഞ്ഞിനെ നീ
മനസ്സിൽ ചുമക്കുമ്പോൾ

ഈ ലോകം ഒരവയവം
മാത്രമുള്ള നാലാണുങ്ങളിൽ
ഒതുങ്ങുന്നില്ലെന്ന് ഞാനറിയുന്നുണ്ട്..

അത്രമേൽ ചേർത്ത് പിടിക്കാൻ
കാലം കുറച്ചു മനുഷ്യരെയെങ്കിലും
ലോകത്തവശേഷിപ്പിക്കുമെന്ന്

ഏതൊരു പെണ്ണും
ഇങ്ങനൊരാണിനെ
അർഹിക്കുന്നുണ്ടെന്നും