തിരുവല്ല ബേബി (84) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതനായി

ന്യൂയോര്‍ക്ക്: പ്രമുഖ സിനിമ കലാസംവിധായകന്‍ തിരുവല്ല ബേബി (84) നിര്യാതനായി. ഇന്നു ഉച്ചയ്ക്ക് സ്റ്റാറ്റന്‍ ഐലന്‍ഡിലെ വീട്ടില്‍ വച്ചായിരുന്നു മരണം. മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റാറ്റന്‍ ഐലന്‍ഡ് വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. നിരവധി മലയാള സിനിമയില്‍ കലാ സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ല് എന്ന സിനിമയിലെ കലാസംവിധാനം ഏറെ പേരെടുത്തു. ഇതില്‍ ബാലു മഹേന്ദ്രയ്ക്ക് ഏറ്റവും മികച്ച ക്യാമറാമാനുള്ള സംസ്ഥാന അവാര്‍ഡ് വാങ്ങിക്കൊടുക്കുന്നതില്‍ ബാബുവിന്റെ പങ്ക് വളരെ വലുതായിരുന്നു. വയനാട്ടിലെ തിരുനെല്ലിയില്‍ ബാബു ഒരുക്കിയ ദൃശ്യങ്ങളാണ് ബാലുവിന്റെ ക്യാമറ ഒപ്പിയെടുത്തത്. നൂറിലധികം മലയാള ചിത്രങ്ങള്‍ക്ക് കലാസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. പ്രേംനസീറുമായി വളരെയടുത്ത ബന്ധമുണ്ടായിരുന്ന ബാബു ഫോമ-ഫൊക്കാന സമ്മേളനങ്ങളില്‍ സ്ഥിരമായി സ്റ്റേജുകള്‍ ഡിസൈന്‍ ചെയ്തു കൈയടി വാങ്ങിയിരുന്നു.അമേരിക്കയിലെ വിവിധ പള്ളികളില്‍ മദ്ബഹ ഡിസൈന്‍ ചെയ്തിട്ടുണ്ട്. സാമൂഹിക സാംസ്‌ക്കാരിക രംഗങ്ങളില്‍ നിറഞ്ഞു നിന്ന സാന്നിധ്യമായിരുന്നു. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. സംസ്‌ക്കാരം പിന്നീട്.