ഉത്തര്‍പ്രദേശില്‍ മലയാളി നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചു

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ മധുരയില്‍ സ്വകാര്യ ആശുപത്രിയിലെ മലയാളി നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് രോഗിയെ പരിചരിച്ച നഴ്‌സാണ് ഇവര്‍. ഇതേ തുടര്‍ന്ന് ഇവിടുത്തെ 25 ജീവനക്കാരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതേസമയം ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 29 കൊവിഡ് ബാധിതരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് മരണം 353 ആയി.

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സ്ഥിരീകരണമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായത്. പുതുതായി 1463 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗബാധിതരുടെ എണ്ണം 10,815 ആയി. 1190 പേര്‍ക്ക് രോഗം ഭേദമായി. മഹാരാഷ്ട്രയിലെ ധാരാവിയില്‍ കൊവിഡ് ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ ഏഴായി. ആറുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ കൊവിഡ് ബാധിതരുടെ എണ്ണം 55 ആയി. രോഗം പടരുന്ന സാഹചര്യത്തില്‍ ധാരാവി പൂര്‍ണമായും പൊലിസ് നിയന്ത്രണത്തിലാണ്. ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ കൂട്ട അണുനശീകരണവും തുടങ്ങിയിട്ടുണ്ട്.