റോസിയാന്റി

ജിഷ രാജു
ഞങ്ങളുടെ വടക്കേപറമ്പിലെ ഒഴിഞ്ഞുകിടക്കുന്ന വീട്ടിലേക്ക് വാടക താമസക്കാരായി റോസിയാന്റിയും കുടുംബവും വന്നത് സ്കൂൾഅവധിക്കാലത്തായിരുന്നു. ആ വീടിന് അനേകം ജനാലകളും മുറികളും ചുറ്റും വരാന്തയുമുണ്ടായിരുന്നു.
അടച്ചിട്ട വീടിന്റെ വരാന്തയും ചുറ്റുമുള്ള തൂണുകളുമായിരുന്നു ഞങ്ങൾ കുട്ടികളുടെ കളിസ്ഥലവും ഒളിസ്ഥലങ്ങളും.

തൊടി നിറയെ കൊക്കോയും മൾബറിയും പട്ടുനൂൽപ്പുഴുക്കളും ഒരിക്കലും പൂക്കാത്ത ചെറിമരങ്ങളും ഉണ്ടായിരുന്നു.

വീടിന്റെ പരിസരത്തെ മരങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ഇരുട്ടിൽ മഴ പെയ്യുന്നത് കാണുക എന്നതായിരുന്നു എന്റെ ഏറ്റവും വലിയ സന്തോഷം. ആ സന്തോഷങ്ങളുടെ ഇടയിലേക്കാണ് റോസിയാൻറി കയറി താമസമാക്കിയത്. അതുകൊണ്ടുതന്നെ ഞങ്ങൾക്ക് റോസിയെ ഇഷ്ടമായില്ല.

സ്ക്കൂൾ അവധിക്കാലമായതിനാൽ എന്നും ഞങ്ങൾ അമ്പലത്തിൽ പോകുമായിരുന്നു. അപ്പോഴൊക്കെ ഞങ്ങളുടെ
കളിവീട്ടിലേക്ക് എത്തിനോക്കും. എന്നും ആ വീട്ടിൽ ഓരോ അത്ഭുതക്കാഴ്ചകൾ ഉണ്ടായിരുന്നു. തൂക്കിയിട്ട തത്തമ്മക്കൂട്, വീടിനോട് ചേർത്തുവച്ചിരിക്കുന്ന കിളിക്കൂടുകൾ, അതിൽ പല നിറത്തിലുള്ള
ചെറിയ ചെറിയ പക്ഷികൾ, മൺകലങ്ങളിൽ തൂക്കിയിട്ടിരിക്കുന്ന ഭംഗിയുള്ള വള്ളിച്ചെടികൾ അങ്ങനെ പലതും ആ വീടിന്റെ മുറ്റത്തുണ്ടായിരുന്നു. അതിന്റെയെല്ലാമിടയിൽ നിന്ന് വാത്സല്യത്തോടെ ഞങ്ങളെ വീട്ടിലേക്ക് വിളിക്കുന്ന സുന്ദരിയായ റോസി ആൻറിയും….

ഇവിടത്തെ തത്തമ്മ സംസാരിക്കുമെന്ന് പറഞ്ഞാണ് ഞങ്ങളെ റോസിയാൻറി വീട്ടിലേക്ക് വിളിച്ചത്. തത്തമ്മയുടെ വർത്തമാനം കേൾക്കാനായിട്ടായിരുന്നു ഞങ്ങൾ റോസിയാൻറി വന്നതിൽ പിന്നെ ആദ്യമായി ആ വീട്ടിൽ കയറിയതും..

പരിചയമില്ലാത്ത എന്നാൽ ആസ്വാദ്യകരമായ ഏതോ ഒരു ഭക്ഷണത്തിന്റെ മണമാണ് ഞങ്ങളെ വരവേറ്റത്..

തത്തമ്മയെക്കൊണ്ട് ആൻറി അവരുടെ മക്കളുടെ പേരും, തത്തമ്മേ പൂച്ച പൂച്ചയെന്നും പറയിപ്പിച്ചു. മക്കൾ പുറത്തെവിടെയോ പഠിക്കുകയാണെന്നും, ഭർത്താവ് ബാങ്കിൽ ജോലിക്ക് പോയിയെന്നും, നാളെ ഈസ്റ്റർ ആണെന്നും നിങ്ങൾ എല്ലാവരും എന്റെ കൂടെ ഇന്ന് ഭക്ഷണം കഴിക്കണമെന്നും പറഞ്ഞു. അറിയാത്ത ആൾക്കാർ താമസിക്കുന്ന വീടുകളിൽ കയറരുതെന്നും അവർ തരുന്ന ഭക്ഷണമൊന്നും കഴിക്കരുതെന്നുമുള്ള വീട്ടിൽനിന്നുള്ള അലിഖിത നിയമത്തെ മാറ്റിനിർത്തിക്കൊണ്ട് ഞങ്ങൾ ആന്റിയുടെ ഊണുമേശക്ക് ചുറ്റും ഇരുന്നു. മുൻപിൽ വെളുത്ത ചില്ലുപാത്രങ്ങളിൽ എന്തൊക്കെയോ കൊണ്ടുനിരത്തി.

വട്ടയപ്പംപോലെ എന്നാൽ അതിനേക്കാളും കനം കുറഞ്ഞ ഒരു പലഹാരത്തിലേക്ക് ചൂണ്ടിക്കാണിച്ചുകൊണ്ട് ആന്റി പറഞ്ഞു “ഈസ്റ്റർഅപ്പം ആണത് . കോഴിക്കറിയും ഇസ്‌റ്റ്യൂവും ഉണ്ട്. കഴിച്ചു നോക്കൂ കുട്ടികളെ “.

ആദ്യമായാണ് അറിയാത്തൊരാൾ ഭക്ഷണം കഴിക്കാൻ നിർബന്ധിക്കുന്നത്. വീട്ടിൽ നിന്നുള്ള നിബന്ധനകൾ എല്ലാം മറന്നുകൊണ്ട് അത് എന്തു പലഹാരമാണെന്ന് അറിയാനുള്ള കൗതുകംകൊണ്ടും
ഒരു കഷണം മുറിച്ചു വായിലിട്ടു. മധുരം കുറഞ്ഞ അല്പം പുളിയുടെ സ്വാദാണ് നാവിൽ വന്നത്.

“കോഴിക്കറി കഴിക്കില്ലങ്കിൽ ഇസ്‌റ്റ്യൂവിൽ മുക്കി കഴിക്കൂ എന്നാലേ രുചി ഉണ്ടാവൂ. ”
വീണ്ടും ഒരു കഷ്ണം കറിയിൽ മുക്കി വായിലിട്ടു. നല്ലരസം.
അങ്ങിനെ ആദ്യമായി ഈസ്റ്ററപ്പത്തിന്റെ രുചി ആന്റിയുടെ വീട്ടിൽ നിന്നറിഞ്ഞു.

ഇതെല്ലാം വീട്ടിലെ ആരെങ്കിലും അറിഞ്ഞാൽ അടി കിട്ടുമെന്നത് ഉറപ്പായതുകൊണ്ടുത്തന്നെ അവിടത്തെ വിശിഷ്ട ഭക്ഷണങ്ങളെല്ലാം ഉപേക്ഷിച്ച് ഞങ്ങൾ ഓടിപ്പോന്നു.

ദിവസങ്ങൾ കഴിയുന്തോറും റോസിയാന്റിയുടെ അടുക്കളയിലെ പലഹാരങ്ങൾ ഞങ്ങളുടെ അടുക്കളയിലേക്ക്
എത്തിതുടങ്ങി. ചോക്ലേറ്റുകൾ ക്രിസ്തുമസ്സിന് കേക്ക് അങ്ങിനെ പലതും ……

കേക്ക് ഉണ്ടാക്കുന്ന അദ്‌ഭുതവിദ്യ അറിയുന്ന, വൈനിന്റെ , ചോക്ലേറ്റിന്റെ മാജിക് അറിയുന്ന, മണമുള്ള മെഴുകുതിരിയും, വലിയ ക്രിസ്മസ് വിളക്കും ഉണ്ടാക്കിയിരുന്ന റോസിയാന്റി. ഞങ്ങളുടെ വീട് പിന്നീട് അവർ വിലയ്ക്ക് വാങ്ങി. മക്കൾ രണ്ടും എപ്പോഴോ അമേരിക്കയിൽ സ്ഥിരതാമസമാക്കി. ഹസ്ബന്റും മരണപ്പെട്ടിരുന്നു.
ആ വീട്ടിലിപ്പോൾ ആന്റി തനിയെ എന്തുചെയ്യുകയാവുവെന്ന് എപ്പോഴും ആലോചിക്കാറുണ്ട്.

മൂന്ന്കൊല്ലം മുൻപേ അതുവഴി പോകുമ്പോൾ പറമ്പാകെ കാടുമൂടി കിടപ്പുണ്ടായിരുന്നു. റോഡിൽ നിന്ന് നോക്കിയാൽ
വീട് കാണാനേയില്ലായിരുന്നു. ചെറിമരങ്ങളും, കുരുമുളകും, കൊക്കോയും, മൾബറിയും, പട്ടുനൂൽ പുഴുക്കുകളും നിറഞ്ഞ ആ വീടിന്റെ പരിസരത്തെ ഇരുട്ടിൽ എവിടെയോ കാലവും, ബോധവും ഒന്നുമില്ലാതെ ഓർമ്മകളെല്ലാം പകുതി നശിച്ച് റോസിയാന്റി നടക്കുന്നുണ്ടെന്ന് അമ്മ പറഞ്ഞു.

രണ്ടുകൊല്ലം മുൻപ് ഒരു ഞായറാഴ്ചയുടെ വൈകുന്നേരത്തിലാണ് അമ്മ വിളിച്ചറിയിച്ചത്. റോസിയാന്റി മരിച്ചു പോയന്ന്. ആത്മഹത്യയാണെന്ന് എല്ലാരും പറയുന്നുണ്ടെത്രേ. കുറേ കാലമായി പുറത്തേയ്ക്ക് ഇറങ്ങാതെ, പള്ളിയിൽ പോകാതെ, വീട്ടിലെ ജോലിക്കാരിയോടു പോലും മിണ്ടാതെ, വീട്ടിലേക്കാരേയും കേറ്റാതെ ഗേറ്റും പൂട്ടി പട്ടിയെ കാവൽ നിർത്തിയായിരുന്നെത്രെ ജീവിച്ചിരുന്നത്. മിണ്ടാതെയും പറയാതെയും അവർക്ക് മടുത്തു കാണും അമ്മ കഥ പറഞ്ഞു കൊണ്ടിരുന്നു. ഒരാളുടെ മരണശേഷം എത്രയെത്ര കഥകളാണ്ല്ലേ കാറ്റിൽ പറത്തുന്നത് !

ഒരു സ്റ്റാർ കൂടി കടന്നുപോയി….

ഈസ്റ്ററപ്പം ഉണ്ടാക്കാതെ, ക്രിസ്മസ്കേക്കും വൈനും ചോക്ലേറ്റും ഉണ്ടാക്കി ക്രിസ്മസ് വിരുന്ന് ഒരുക്കാതെ റോസിയാന്റിക്ക് മരിച്ചുപോകാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല..

അന്ന് അമ്മ നുണ പറഞ്ഞതാവും..

ജിഷ രാജു