ലോക്ക്ഡൗണ്‍ വൈറസിനെ പരാജയപ്പെടുത്തില്ല, പരിശോധനകള്‍ വ്യാപകമാക്കണം: രാഹുല്‍

ന്യൂഡല്‍ഹി: കോവിഡിനെ നേരിടാന്‍ ലോക്ക് ഡൗണ്‍ മാത്രമല്ല പരിഹാരമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പരിശോധനകള്‍ വ്യാപകമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.വീഡിയോ ആപ്പു മുഖാന്തരം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലോക്ക്ഡൗണ്‍ ഒരു തരത്തിലും വൈറസിനെ പൂര്‍ണമായി പരാജയപ്പെടുത്തില്ല. കുറച്ചു നേരത്തേക്ക് വൈറസ് വ്യാപനം തടയാന്‍ മാത്രമേ ഇത് ഉപകരിക്കൂ. വൈറസിനെ പരാജയപ്പെടുത്താനുള്ള ഏകമാര്‍ഗം പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ട് വൈറസിനെ പിന്തുടര്‍ന്നുകൊണ്ട് അതിനെ മറികടക്കുക എന്നതാണ്. രാഹുല്‍ ഗാന്ധി പറഞ്ഞു.

കോവിഡ് പ്രതിരോധം നടക്കേണ്ടത് സംസ്ഥാന, ജില്ലാ തലങ്ങളിലാണ്.വൈറസിനെതിരെ പോരാടാന്‍ സംസ്ഥാനങ്ങളെ പ്രാപ്തരാക്കാന്‍ പ്രധാനമന്ത്രി അവരെ അധികാരപ്പെടുത്തണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

നിലവില്‍ രാജ്യത്ത് കോവിഡ് പരിശോധനകളുടെ എണ്ണം വളരെ കുറവാണെന്ന് പറഞ്ഞ രാഹുല്‍ ഇത് വര്‍ധിപ്പിക്കണമെന്ന നിര്‍ദേശവും മുന്നോട്ട് വെച്ചു. പരിശോധനകള്‍ ‘ആക്രമണോത്സുകതയോടെ’ വര്‍ധിപ്പിക്കണം. പരമാവധി ടെസ്റ്റുകള്‍ വര്‍ധിപ്പിക്കുകയും അത് തന്ത്രപരമായി നടത്തുകയും ചെയ്യണം. സംസ്ഥാനങ്ങളെ അവരുടെ പോരാട്ടത്തില്‍ സഹായിക്കണമെന്നും രാഹുല്‍ പറഞ്ഞു.

കോവിഡ് -19 നെതിരായ ഏറ്റവും വലിയ ആയുധം പരിശോധനയാണ്. പരിശോധനയിലൂടെ വൈറസ് വ്യാപനം അറിയാനാകും. ഇന്ത്യയില്‍ ഇതുവരെ 414 പേര്‍ കേവിഡ് മൂലം മരിക്കുകയും 12,000-ത്തിലധികം പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തു. പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ സംസ്ഥാനങ്ങളെ സഹായിക്കണമെന്നും ഗാന്ധി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

”പരിശോധനയുമായി മുന്നോട്ട് പോകുക, തന്ത്രപരമായി പരിശോധന നടത്തുക. രോഗികളെ ട്രാക്കുചെയ്യുന്നതിന് മാത്രമല്ല, വൈറസ് എവിടേക്കാണ് നീങ്ങുന്നതെന്ന് മനസിലാക്കാനും ഈ പരിശോധനാഫലം ഉപയോഗിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.