ഈ മഹാമാരിയെ മനുഷ്യന്‍ അതിജീവിക്കുകതന്നെ ചെയ്യും: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡിനെതിരായി വിവിധ മേഖലകളിലുള്ളവരുടെ പോരാട്ടത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് എന്ന മഹാമാരിയെ മനുഷ്യന്‍ അതിജീവിക്കുകതന്നെ ചെയ്യുമെന്ന് മോദി പറഞ്ഞു.

ലോകം ഒന്നിച്ച് കോവിഡ് -19 നെതിരെ പോരാടുകയാണ്. മാനവികത തീര്‍ച്ചയായും ഈ മഹാമാരിയെ അതിജീവിക്കുക തന്ന ചെയ്യും, മോദി ട്വിറ്ററില്‍ കുറിച്ചു. സ്വിറ്റ്സര്‍ലന്‍ഡിലെ ഇന്ത്യന്‍ എംബസിയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു മോദിയുടെ പരാമര്‍ശം.

കോവിഡ് 19ന് എതിരെ പോരാടുന്ന എല്ലാ ഇന്ത്യക്കാര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സ്വിറ്റ്സര്‍ലാന്‍ഡിലെ മാറ്റര്‍ഹോണ്‍ പര്‍വതത്തില്‍ 1000 മീറ്ററോളം വലിപ്പത്തില്‍ ഇന്ത്യന്‍ പതാക പ്രദര്‍ശിപ്പിക്കുന്നതിന്റെ ദൃശ്യം പങ്കുവെച്ചുകൊണ്ടുള്ളതായിരുന്നു ഇന്ത്യന്‍ എംബസിയുടെ ട്വീറ്റ്.അതേസമയം കോവിഡിനെതിരെ വിവിധ വകുപ്പുകളും മന്ത്രിമാരും നടത്തുന്ന പോരാട്ടങ്ങളെയും ലോക്ക്ഡൗണില്‍ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാന്‍ നടത്തുന്ന ശ്രമങ്ങളെയും പ്രശംസിച്ചുകൊണ്ടും മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്.

‘ഇന്ത്യന്‍ റെയില്‍വേയുടെ പ്രവര്‍ത്തനങ്ങളില്‍ അഭിമാനിക്കുന്നു. ഇത്തരമൊരു ആപല്‍സന്ധിയിലും അവര്‍ നിരന്തരം ജനങ്ങളെ സഹായിക്കുന്നു’, എന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന്റെ ട്വീറ്റിനോടുള്ള പ്രതികരണമായി മോദി കുറിച്ചു.