കോവിഡ് രോഗികളുടെ വിവരങ്ങള്‍ യു.എസ് കമ്പനിയില്‍ നിന്ന് സര്‍ക്കാര്‍ സര്‍വറിലേക്ക് മാറ്റി

തിരുവനന്തപുരം: കോവിഡ് നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങള്‍ യുഎസ് കമ്പനിയുടെ സെര്‍വറില്‍ നിന്ന് സര്‍ക്കാര്‍ സെര്‍വറിലേക്ക് മാറ്റി. സി- ഡിറ്റിന്റെ ആമസോണ്‍ ക്ലൗഡ് സെര്‍വറിലേക്കാണു വിവരങ്ങള്‍ മാറ്റിയത്. വിശകലനത്തിന് ഉപയോഗിക്കുന്ന ആപ്ലിക്കേഷനും വൈകാതെ സി-ഡിറ്റിന് ലഭ്യമാകുമെന്നാണ് സൂചന. എന്നാല്‍ നിലവില്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനിലൂടെ വിവരങ്ങള്‍ ഇപ്പോഴും സ്പ്രിന്‍ക്‌ളറിന് ലഭ്യമാണ്. വിഷയത്തതില്‍ പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി. വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. ജനങ്ങളുടെ ആരോഗ്യസംബന്ധമായ വിവരങ്ങള്‍ യു.എസിലെ സ്വകാര്യ കമ്പനിക്ക് നല്‍കുന്നതില്‍ ദുരൂഹതയുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. സാമ്പത്തികമായ ബാദ്ധ്യതകളില്ലാത്ത കരാറാണ് ഇതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയിരുന്നത്. വിവാദങ്ങളെ തുടര്‍ന്ന് വിവരങ്ങള്‍ കമ്പനിയുടെ വെ്ബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നത് നിര്‍ത്തിയിരുന്നു.