യുഎസ്എസ് തിയോഡോര്‍ റൂസ്‌വെല്‍റ്റിലെ 660 ക്രൂ അംഗങ്ങള്‍ക്ക് കൊവിഡ്-19

  • മൊയ്തീന്‍ പുത്തന്‍‌ചിറ

വാഷിംഗ്ടണ്‍: യു എസ് നേവിയുടെ വിമാന വാഹിനി കപ്പലായ യു‌എസ്‌എസ് തിയോഡോർ റൂസ്‌വെൽറ്റിലെ 660 ക്രൂ അംഗങ്ങൾക്ക് കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് യുഎസ് നാവികസേനാ വക്താവ് സ്ഥിരീകരിച്ചു.

നാവികസേനയുടെ വക്താവ് പറയുന്നതനുസരിച്ച് നിലവില്‍ 4,865 ക്രൂ അംഗങ്ങളാണ് ഈ കപ്പലില്‍ ഉള്ളത്. അതായത് 13 ശതമാനം ജോലിക്കാര്‍ക്കും ഇപ്പോള്‍ കൊവിഡ്-19 പോസിറ്റീവ് ആണ്. കപ്പലില്‍ നടത്തിയ പരിശോധനയില്‍ 3,920 പേര്‍ നെഗേറ്റീവ് ആണെന്നും അദ്ദേഹം പറഞ്ഞു.

സ്ഥിരീകരിച്ച കേസുകളില്‍ ഏഴു പേരെ കപ്പലില്‍ നിന്ന് മാറ്റി ഗുവാമിലെ യുഎസ് നേവല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. അവര്‍ അവിടെ ചികിത്സയിലാണ്. ശ്വാസതടസ്സം കാരണം ഒരു നാവികന്‍ കൂടുതല്‍ നിരീക്ഷണത്തിനായി തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്.

യുഎസ്എസ് തിയോഡോര്‍ റൂസ്‌വെല്‍റ്റിലെ ചീഫ് പെറ്റി ഓഫീസര്‍ ചാള്‍സ് താക്കര്‍ കൊവിഡ്-19 ബാധിച്ച് വ്യാഴാഴ്ച മരിച്ചിരുന്നു. വൈറസുമായി ബന്ധപ്പെട്ട് മരിക്കുന്ന ആദ്യത്തെ നാവികനാണ് താക്കര്‍.

ഈ വിഷമഘട്ടത്തില്‍ ഞങ്ങളുടെ ചിന്തകളും പ്രാര്‍ത്ഥനകളും കുടുംബത്തോടൊപ്പമുണ്ടെന്ന് കമാന്‍ഡിംഗ് ഓഫീസര്‍ ക്യാപ്റ്റന്‍ കാര്‍ലോസ് സര്‍ഡിയെല്ലോ പ്രസ്താവനയില്‍ പറഞ്ഞു. തിയോഡോര്‍ റൂസ്‌വെല്‍റ്റ് സ്‌ട്രെെക്ക് ഗ്രൂപ്പിലെ എല്ലാ അംഗങ്ങളുടെയും ആരോഗ്യവും ക്ഷേമവുമാണ് ഞങ്ങളുടെ ഒന്നാം നമ്പര്‍ മുന്‍ഗണന, വൈറസ് വ്യാപനത്തിനെതിരായ ഞങ്ങളുടെ തീരുമാനത്തില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പ്രസ്താവനയയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

കപ്പലില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെക്കുറിച്ചും കപ്പലിലെ അവസ്ഥയെക്കുറിച്ചും അപകടകരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും മാധ്യമങ്ങളെ അറിയിച്ച് വിവാദമാക്കിയ മുന്‍ കമാന്‍ഡര്‍ ക്യാപ്റ്റന്‍ ബ്രെറ്റ് ക്രോസിയറെ കപ്പലിന്‍റെ കമാന്‍ഡില്‍ നിന്ന് നീക്കിയ തോമസ് മൊഡ്‌ലി, ആക്ടിംഗ് നേവി സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. പകരം ജെയിംസ് മക്ഫെര്‍സണെ നിയമിക്കുകയും ചെയ്തു.

വെള്ളിയാഴ്ച വരെ കൊറോണ വൈറസ് യുഎസിലുടനീളം 674,000 അമേരിക്കക്കാരെ ബാധിക്കുകയും കുറഞ്ഞത് 33,325 മരണങ്ങള്‍ക്ക് കാരണമാവുകയും ചെയ്തുവെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല നല്‍കിയ ട്രാക്കര്‍ പറയുന്നു. ഏകദേശം 4,700 സൈനികര്‍, അവരുടെ ആശ്രിതര്‍, സിവിലിയന്മാര്‍, പ്രതിരോധ വകുപ്പില്‍ ജോലി ചെയ്യുന്ന കരാറുകാര്‍ എന്നിവര്‍ക്ക് കൊവിഡ്-19 പോസിറ്റീവ് ആണ്. ഇവരില്‍ 19 പേര്‍ മരിച്ചു.