എല്ലാവർക്കും ഇരുപതിനായിരം വേണം; കുടുംബശ്രീ വായ്പ പ്രതിസന്ധിയിൽ

തിരുവനന്തപുരം: കൊവിഡ് കാല പ്രതിസന്ധി മറികടക്കാൻ കുടുംബശ്രീ വഴി നടപ്പാക്കുന്ന വായ്പാ പദ്ധതിയിൽ അപേക്ഷാ പ്രവാഹം. ഇതോടെ മുഖ്യമന്ത്രിയുടെ സഹായഹസ്തം എന്ന നിലയിൽ പ്രഖ്യാപിച്ച പദ്ധതിയിലെ വായ്പാ തുക കുറയ്ക്കാനുള്ള ആലോചനകൾ സജീവമായി. അയ്യായിരം രൂപ മുതൽ ഇരുപതിനായിരം രൂപ വരെ വായ്പ നൽകുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. എന്നാൽ ഭൂരിഭാഗം അപേക്ഷകരും ഇരുപതിനായിരം രൂപയ്ക്കായി അപേക്ഷ നൽകിയതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. ലോക്ക് ഡൗണിനെത്തുടർന്നുണ്ടായ തൊഴിൽ നഷ്ടവും പ്രതിസന്ധിയും കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ സഹായ ഹസ്തം എന്ന പേരിൽ സർക്കാർ 2,000 കോടി രൂപ കുടുംബശ്രീ വഴി വായ്പ നൽകുമെന്ന് പ്രഖ്യാപിച്ചത്. കൊവിഡ് മൂലം സാമ്പത്തിക പ്രയാസമുണ്ടായ കുടുംബശ്രീ അംഗങ്ങൾക്ക് 5,000 രൂപ മുതൽ 20,000 രൂപ വരെ വായ്പ നൽകുമെന്നാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. എന്നാൽ, സംസ്ഥാനത്തെ 43 ലക്ഷം കുടുംബശ്രീ അംഗങ്ങളിൽ 35 ലക്ഷം പേരും വായ്പയ്ക്കായി അപേക്ഷിച്ചു. ഭൂരിഭാഗം പേരും അപേക്ഷ നൽകിയതാകട്ടെ പരമാവധി തുകയായ 20,000 രൂപയ്ക്ക് വേണ്ടിയും.

ഇത് പ്രായോഗികമല്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പരമാവധി പേർക്ക് അയ്യായിരം രൂപ വീതം വായ്പ അനുവദിച്ചാൽ മതിയെന്ന് കുടുംബശ്രീ മിഷൻ ജില്ലാ കോർഡിനേറ്റർമാർക്ക് നിർദ്ദേശം നൽകിയത്. ഏറ്റവും അത്യാവശ്യമുളളവരെന്ന് ബോധ്യപ്പെടുന്നവർക്ക് മാത്രമാകും കൂടിയ തുക വായ്പ അനുവദിക്കുക. ഇക്കാര്യം അറിയിച്ചതോടെ മഹിളാ മോർച്ച അടക്കമുളള സംഘടനകൾ പ്രതിഷേധമാരംഭിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ഇത്രയും പേർക്ക് ഇരുപതിനായിരം രൂപയുടെ വായ്പ നൽകുക പ്രായോഗികമായി ബുദ്ധിമുട്ടാണെന്ന കാര്യം സർക്കാർ വ്യക്തമാ്കകുന്നു. പ്രളയ കാലത്ത് സർക്കാർ കുടുംബശ്രീ വഴി സമാനമായ രീതിയിൽ വായ്പ പദ്ധതി നടപ്പാക്കിയപ്പോൾ 17,000 പേർ മാത്രമായിരുന്നു അപേക്ഷ നൽകിയത്. എന്നാൽ കൊവിഡ് സമസ്ത മേഖലകളിലും സൃഷ്ടിച്ച പ്രതിസന്ധിയാണ് അപേക്ഷകരുടെ എണ്ണത്തിൽ വന്ന വൻ വർദ്ധനവിലൂടെ വ്യക്തമാകുന്നതെന്നാണ് കുടുംബശ്രീയുടെ കണക്കു കൂട്ടൽ. വിവേചനം സംബന്ധിച്ച ആരോപണങ്ങൾ ഉയരാതെ രണ്ടായിരം കോടി രൂപ എങ്ങനെ അംഗങ്ങൾക്ക് വായ്പയായി ലഭ്യമാക്കുമെന്ന ധർമ്മ സങ്കടത്തിലാണ് കുടുംബശ്രീ.