കോവിഡ്: അമേരിക്കയി​ല്‍ ഞായറാഴ്​ച പത്രമിറങ്ങിയത്​ 15 പേജ്​ ചരമ വാര്‍ത്തയുമായി

വാഷിംഗ്ടണ്‍: കോവിഡ് മരണങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത അമേരിക്കയിലെ പ്രധാന പത്രങ്ങളിലൊന്നായ ബോസ്റ്റണ്‍ ഗ്ലോബ് ഞായറാഴ്ച ഇറങ്ങിയത് 15 പേജ് ചരമവാര്‍ത്തകളുമായി. ചരമ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനായി ഒരു പേജ് മുഴുവനായി പോലും എടുക്കാത്ത പത്രമാണ് ബോസ്റ്റണ്‍ ഗ്ലോബ് എന്ന് ട്വിറ്റര്‍ ഉപയോക്താക്കള്‍ പറയുന്നു.

മസാച്യൂസെറ്റ്സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പത്രമാണ് ബോസ്റ്റണ്‍ ഗ്ലോബ്. ഇവിടെ 1706 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. 38000ത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കോവിഡിന്‍െറ യഥാര്‍ത്ഥ മുഖമാണ് ചരമ പേജുകളിലൂടെ പ്രതിഫലിക്കുന്നതെന്ന് ചരമപേജുകളുടെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചുകൊണ്ട് അമേരിക്കക്കാര്‍ പറയുന്നു. അമേരിക്കയില്‍ 7,64,265 പേര്‍ക്കാണ് രോഗം ബാധിച്ചത്. 40,565 പേര്‍ മരിച്ചു. ന്യൂയോര്‍ക്കില്‍ മാത്രം 18,298 പേരാണ് മരിച്ചത്.

നേരത്തെ കോവിഡ് ഏറ്റവും കൂടതല്‍ ബാധിച്ച ഇറ്റലിയില്‍ നിന്നുള്ള പത്രത്തിലും ഇതേ രീതിയില്‍ ചരമ പേജുകള്‍ കൂടുതലായി വന്നിരുന്നു.