മാരി ബിസ്കറ്റ് കൊണ്ടൊരു അടിപൊളി കേക്ക്

ആഷിമ മുസ്തഫ

യൂട്യൂബ് തുറന്നാൽ മൊത്തം 3 ഇൻഗ്രീഡിയന്റ്സ് കൊണ്ട് കേക്ക് ഉണ്ടാക്കുന്ന വിഡിയോകളാണ് .. പക്ഷെ ആ പറയുന്ന 3 ഇൻഗ്രീഡിയന്റ്സ് വീട്ടിൽ ഉണ്ടാവില്ലെന്നുള്ളതാണ് സത്യം.

മിക്കവാറും റെസിപിയിൽ ഓറിയോയും ചോക്ലേറ്റ് ബിസ്കറ്റും ഒക്കെ ആണ് വേണ്ടത് .

അപ്പോഴാണ് നമ്മുടെ പാവം മാരി ബിസ്ക്കറ്റ് കൊണ്ട് കേക്ക് ഉണ്ടാക്കി നോക്കിയാലോന്ന് ഒരു ഐഡിയ തോന്നിയത് .

ഒരു 20 -25 മാരി ബിസ്കറ്റ്, 2 ടേബിൾസ്പൂൺ കൊക്കോ പൗഡർ , 4 ടേബിൾസ്പൂൺ പഞ്ചസാര എന്നിവ മിക്സിയിൽ നന്നായിട്ട് പൊടിച്ചെടുക്കുക. അതിലേക്ക് കുറച്ചു പാലൊഴിച്ചു ബാറ്ററിന്റെ കൺസിസ്റ്റൻസിയിലാക്കുക. ശേഷം 1 ടേബിൾസ്പൂൺ ബേക്കിംഗ് പൗഡർ കൂടെ ചേർത്ത് നന്നായി ഇളക്കുക. അപ്പൊ നമ്മുടെ ബാറ്റർ റെഡി ആയി.കൊക്കോ പൗഡർ ഇല്ലെങ്കിൽ വേറെ ഏതെങ്കിലും ഫ്ലേവേഴ്സ് ചേർക്കാം.

പ്രഷർ കുക്കർ നന്നായിട്ട് ഉണക്കി ഗ്രീസ് ചെയ്യണം.ബട്ടർ പേപ്പർ ഉണ്ടെങ്കിൽ അതും വെക്കാം.ഞാൻ കുക്കർ സൺഫ്ലവർ ഓയിൽ കൊണ്ടും ബട്ടർ പേപ്പർ ബട്ടർ കൊണ്ടും ഗ്രീസ് ചെയ്തത് , പിശുക്കത്തരം കൊണ്ടാണേ

അതിലേക്ക് ബാറ്റർ ഒഴിച്ച് വെയിറ്റ് ഇടാതെ 20 മിനിറ്റ് മീഡിയം ഫ്‌ളെയ്മിൽ വെക്കണം . അല്ലെങ്കിൽ നോൺസ്റ്റിക് കടായി പോട്ടിലും ഇതേ പോലെ ഉണ്ടാക്കാം.

20 മിനിറ്റ് കഴിഞ്ഞാൽ അടപ്പ് തുറന്ന് ബേക്ക് ആയോന്ന് നോക്കണം. ടൂത് പിക്കോ പപ്പടം ഉണ്ടാക്കുന്ന കമ്പിയോ ഒന്നും ഇല്ലെങ്കിൽ ഒരു ഈർക്കിൽ എടുത്ത് കുത്തി നോക്കിയാലും
മതി.കൊള്ളിയിൽ ഒട്ടിപ്പിടിക്കുന്നില്ലെങ്കിൽ കേക്ക് റെഡി. നന്നായിട്ട് ചൂടാറിയ ശേഷം അതൊരു പ്ലേറ്റിലേക്ക് മാറ്റി നന്നായി അടച്ചു ഫ്രിഡ്ജിൽ വെക്കാം.കുറച്ചു തണുത്താൽ ബട്ടർ പേപ്പർ എല്ലാം കളഞ്ഞു ഉപയോഗിക്കാം.

ഉണ്ടാക്കി കഴിഞ്ഞപ്പോ മനസ്സിലായി , സാധാരണ കേക്ക് ഉണ്ടാക്കുന്നതിന്റെ അത്രേം പണി ഇല്ല ഇതുണ്ടാക്കാൻ എന്ന്. അതുപോലെ മൈദയും മുട്ടയുമൊക്കെ ഉപയോഗിച്ചുണ്ടാക്കുമ്പോൾ ഓരോ ഇൻഗ്രീഡിയന്റിന്റേം അളവ് കൃത്യമായില്ലെങ്കിൽ കേക്ക് നന്നാവില്ല. ഇതിന് ആ പ്രശ്നമില്ല.എല്ലാം ഒരു ഏകദേശ കണക്കിൽ എടുത്താൽ മതി.

കുറച്ചൂടെ ടേസ്റ്റ് വേണമെങ്കിൽ …

1 ടേബിൾസ്പൂൺ ഇൻസ്റ്റന്റ് കോഫി പൗഡർ , 3 ടേബിൾസ്പൂൺ പഞ്ചസാര എന്നിവ 2 ടേബിൾസ്പൂൺ ചൂടുവെള്ളം ഒഴിച്ച് നന്നായി ബീറ്റ് ചെയ്യണം .ഒരു ടേബിൾസ്പൂൺ പാലും ചേർക്കാം. പാലുപയോഗിക്കുന്നുണ്ടെങ്കിൽ വെള്ളം 1 ടേബിൾസ്പൂൺ മതി. ഈ ക്രീം ഉപയോഗിച്ച് സാധാരണ കേക്ക് ഡ്രസ്സ് ചെയ്യുന്നപോലെ ചെയ്യാം.

എനിക്ക് കേക്ക് തണുപ്പിച്ചുപയോഗിക്കാനാണ് ഇഷ്ടം, പക്ഷെ പരീക്ഷണം എന്തായിന്നറിയാനുള്ള ക്യൂരിയോസിറ്റി കൊണ്ട് 15 മിനിറ്റ് ആവുമ്പോഴേക്ക് ഞാൻ എടുത്ത് കട്ട് ചെയ്തു . നല്ല ടേസ്റ്റി ആയിരുന്നു . ബാക്കി ഉള്ളത് വീണ്ടും ഫ്രിഡ്ജിൽ വെച്ചു.ഒരു രണ്ടുമണിക്കൂർ കഴിഞ്ഞു നോക്കിയപ്പോൾ കോഫി ഡ്രസിങ് നന്നായിട്ട് പിടിച്ചു കാണാൻ നല്ല ഭംഗി.പക്ഷെ കഴിക്കാൻ പറ്റുമോന്ന് സംശയമുണ്ടായിരുന്നു .

ഒരു ചെറിയ പീസ് എടുത്ത് വായിൽ വെച്ചപ്പോ എന്റെ കണ്ണ് നിറഞ്ഞു പോയി. അത്രക്ക് ടേസ്റ്റ്.

അതായത് ഈ കേക്ക് ഉണ്ടാക്കിയാൽ ഉടനെ കഴിക്കരുത്. ഡ്രസ്സ് ചെയ്‌ത്‌ ഒരു 2 മണിക്കൂറെങ്കിലും ഫ്രിഡ്ജിൽ വെച്ചാൽ കടയിൽ നിന്ന് വാങ്ങിയത് പോലെ ഉള്ള ഒരു അടിപൊളി കേക്ക് കഴിക്കാം.കൂടെ ഉമ്മാന്റെ ഡയലോഗും കേൾക്കാം.

“സാധാരണ പറയുന്ന പോലെ അല്ല ഇത് ശെരിക്കും അസ്സലായിട്ടുണ്ട്…”