പരിമിത വിഭവങ്ങൾ കൊണ്ട് രുചിഭേദങ്ങൾ (മിനി വിശ്വനാഥൻ )

മിനി വിശ്വനാഥൻ
ഈ ദിവസങ്ങളിൽ പലപ്പോഴും എന്റെ അടുക്കളയിലേക്ക് അമ്മമ്മയും അച്ഛമ്മയുമൊക്കെ കടന്നുവരാറുണ്ട്. സാധനങ്ങൾ ഇല്ലാത്തത് കൊണ്ട് കൂട്ടാൻ ഉണ്ടാക്കാതിരിക്കുന്നതിനേക്കാൾ എളുപ്പമാണ് ഉള്ളത് കൊണ്ട് ഉണ്ടാക്കൽ എന്ന് അച്ഛമ്മ തേവാരത്തിലെ അടുക്കളപ്പുറത്ത് പലകയിട്ടിരുന്ന് പിറുപിറുക്കുന്നത് ഞാൻ ഇന്നലെയും എന്റെ അടുക്കളയിൽ നിന്ന് കേട്ടു.

പകുതി വാടിയ രണ്ടു തണ്ട് പയറും, പുളിങ്കറിക്ക് വേണ്ടി മുറിച്ചതിന്റെ ബാക്കിയൊരു കഷണം ഇളവനും ഫ്രിഡ്ജിന്റെ മൂലക്ക് പതുങ്ങിയിരിക്കുന്നുണ്ടായിരുന്നു. എല്ലാം പെറുക്കിയെടുത്ത് വേസ്റ്റ് ബിന്നിലേക്ക് തട്ടുന്നതിനിടയിലാണ് അമ്മമ്മ എളിക്ക് കൈ കുത്തി എന്റെ മുന്നിൽ നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചത്. ഒരു ചെറിയ പച്ചമുളക് കൂടി നീട്ടി മുറിച്ചിട്ട് , തേങ്ങാപ്പാലും ഒഴിച്ച് തിളപ്പിച്ചാൽ അതൊരു ഓലനാവില്ലേ എന്ന് ഓർമ്മിപ്പിക്കുകയായിരുന്നു അമ്മമ്മ .

നല്ല രുചിയുണ്ടെന്ന് പറഞ്ഞു കൊണ്ട് വീട്ടുകാരൻ വീണ്ടും വീണ്ടും ഓലൻ കൂട്ടുമ്പോൾ മുറുക്കാൻ ചുവപ്പുള്ള ചുണ്ടിലൊരു കള്ളച്ചിരിയുമായി അമ്മമ്മ വീണ്ടും ഭക്ഷണമുറിയിൽ പ്രത്യക്ഷയായി. എന്നെ കരയിപ്പിക്കാനായി.

പരിമിത വിഭവങ്ങൾ കൊണ്ട് രുചിഭേദങ്ങളുണ്ടാക്കുന്നതിൽ ഡോക്ടറേറ്റ് എടുത്തവരായിരുന്നു അവരൊക്കെ. നേന്ത്രക്കായും കടലയും ചേർത്തൊരു പുഴുക്ക് വെക്കുമ്പോൾ നാളത്തെ എരിശ്ശേരിക്ക് ഒരു കഷണം കായ പച്ചക്കറിക്കൊട്ടയിൽ മാറ്റി വെക്കും.

വെന്ത തുവരപ്പരിപ്പിൽ പച്ചക്കായ നീളത്തിൽമുറിച്ച് ചേർത്ത് , മഞ്ഞളും മുളകും ഉപ്പും ചേർത്ത് വേവിച്ച് ജീരകവും തേങ്ങയും അമ്മിയിൽ ചതുക്കി ഇളക്കിച്ചേർക്കുമ്പോഴേക്കും കായത്തോലും കടലപ്പരിപ്പും കൊണ്ടൊരു ഉപ്പേരി അപ്പുറത്തെ അടുപ്പിൽ കിടന്ന് പാകമായിട്ടുണ്ടാവും.

വറുത്തിടലുകളുടെ ഗന്ധത്തിൽ അടുക്കള ലഹരി പിടിക്കുമ്പോൾ ചോറ് വാർത്തു കഴിഞ്ഞ് നടുവിന് കൈ കൊടുത്ത് വിജയശ്രീലാളിതയായി പുഞ്ചിരിക്കുന്ന അമ്മമ്മയുടെ മുഖം ഓർമ്മയിൽ തെളിഞ്ഞു.

ഒരേ സാധനം കൊണ്ട് മടുപ്പില്ലാതെ പലതരം ഐറ്റങ്ങൾ ഉണ്ടാക്കുന്നതാണ് പഴയ കാലത്തെ അടുക്കളക്കാരുടെ മിടുക്ക് എന്ന് മുണ്ടമ്മ ഇടക്കിടെ ഓർമ്മിപ്പിക്കുമായിരുന്നു.
അതുപോലെ കുടുംബത്തിലെ ആൺകുട്ടികളെ മാത്രം സ്നേഹിച്ച അമ്മാളു വല്യമ്മയും . അവരിരുവരുടെയും പ്രിയപ്പെട്ട പേരക്കുട്ടികളിലൊരാളായിരുന്നു വിശ്വേട്ടൻ. പലതരം വിഭവങ്ങൾ ഉണ്ടാക്കി തീറ്റിച്ച് അവരങ്ങ് സ്നേഹിച്ചു വഷളാക്കിയാണ് ആളെ ഞാനെന്ന മടിച്ചിയുടെ കൈയിൽ കിട്ടുന്നത്. എന്നും ഒരേ തരം ഐറ്റം മുന്നിൽ കാണുമ്പോൾ മൂപ്പരുടെ മുഖം മങ്ങാനുമൊരു കാരണമായി ഈ വാത്സല്യ ഊട്ടൽ.

ഇന്നലെ കഞ്ഞിക്ക് ചെറുപയർ കൊണ്ട് പുഴുക്കുണ്ടാക്കുമ്പോൾ അതിലൊരു പിടി മുളപ്പിക്കാൻ മാറ്റി വെച്ചത് ഈ അമ്മമ്മമാരെ ഓർത്തു കൊണ്ടാണ്.

കൊറോണക്കാലത്തെ പാചകങ്ങൾ ഇങ്ങിനെയും….

*മുളപ്പിച്ച ചെറുപയർ, തേങ്ങ, ചെറുതായരിഞ്ഞ ഉള്ളി, വെളുത്തുള്ളി എന്നിവ അല്പം മുളക് പൊടിയും മഞ്ഞൾ പ്പൊടിയും ഉപ്പും ചേർത്ത് പാകം നോക്കി മാറ്റി വെക്കണം.
അടി കട്ടിയുള്ള പാത്രം ചൂടാവുമ്പോൾ എണ്ണ ഒഴിച്ച് കടുക് പൊട്ടുമ്പോൾ വറ്റൽ മുളകും കറിവേപ്പിലയും ചേർത്ത് ഇളക്കിയതിലേക്ക് ചേർത്തു വെച്ച ചെറുപയർ ഇട്ട് ഇളക്കണം. അല്പം വെള്ളം കുടഞ്ഞ് ചേർക്കാം …. വളരെ നേരിയ തീയിൽ അടച്ച് വെച്ച് വേവിക്കണം. പത്ത് മിനുട്ട് കൊണ്ട് സംഭവം റെഡിയാവും. (അടിക്ക് പിടിക്കാതെ ശ്രദ്ധിക്കണം , ഇടക്ക് ഒന്ന് ഇളക്കി നോക്കണം. )അടുപ്പിൽ നിന്ന് ഇറക്കുന്നതിന് മുൻപ് അല്പം കുരുമുളക് പൊടി തൂവിക്കൊടുത്താൽ ഡബിൾ രുചി….

അല്പം സാധനങ്ങൾ കൊണ്ട് കൂടുതൽ തരം ഭക്ഷണ വിഭവങ്ങൾ ഉണ്ടാക്കുന്ന മായാജാലം നമുക്കുമൊന്ന് പരീക്ഷിക്കാം ഇനി