കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു ലോക്ക്ഡൗണ്‍ ഈ മാസം പതുകിവരെ നീട്ടാന്‍ ഡല്‍ഹി

ന്യൂഡല്‍ഹി: കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നതിനാല്‍ ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ ഈ മാസം പതുകിവരെ നീട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹി സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സമിതിയുടെ തലവനാണ് ഇത്തരമൊരു നിര്‍ദ്ദേശം അധികൃതര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. നിയന്ത്രണങ്ങളില്‍ ഇളവു നല്‍കുന്നത് രോഗബാധിതരുടെ എണ്ണം പെരുകുന്നതിന് ഇടയാക്കിയേക്കുമെന്നാണ് ആശങ്ക.

കൊവിഡിന്റെ പ്രഭവേകേന്ദ്രമെന്ന് കരുതുന്ന ചൈനയുടെ അനുഭവത്തെ മുന്‍നിറുത്തിയാണ് ലോക്ക്ഡൗണ്‍ നീട്ടാല്‍ ശുപാര്‍ശ ചെയ്തത്. ചൈനയില്‍ രോഗബാധ ആരംഭിച്ച്‌ 10 ആഴ്ചകള്‍ക്ക് ശേഷമാണ് ഗ്രാഫ് താഴേയ്ക്കു വന്നുതുടങ്ങുന്നത്. ഇതനുസരിച്ച്‌ ഡല്‍ഹിയില്‍ മേയ് പകുതിയോടെമാത്രമേ രോഗബാധയുടെ ഗ്രാഫ് താഴ്ന്നു തുടങ്ങുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ അടുത്തമാസം 16 വരെ ലോക്ക്ഡൗണ്‍ നീട്ടേണ്ടിവരുമെന്നാണ് സമിതി തലവന്‍ പറയുന്നത്.

അതേസമയം ഡല്‍ഹിയില്‍ രോഗികളുടെ എണ്ണം കൂടുകയാണ്.നിലവില്‍ രോഗികള്‍ 2,625 ആണ്. 54 പേരാണ് വൈറസ് ബാധമൂലം ഇവിടെ മരിച്ചത്.അര്‍ദ്ധസൈനിക വിഭാഗക്കാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടുതലായി രോഗം റിപ്പോര്‍ട്ടുചെയ്യുകയാണ്. നഴ്സുമാര്‍ക്ക് രോഗംസ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ഒരു ആശുപത്രി കൂടി അടച്ചിട്ടുണ്ട്. രോഗവ്യാപനം കുറയ്ക്കാനായി കര്‍ശന നടപടികളാണ് അധികൃതര്‍ കൈക്കൊള്ളുന്നത്.