സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം തിങ്കളാഴ്ച്ച മുതല്‍ നല്‍കും: ധനമന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം തിങ്കളാഴ്ച്ച മുതല്‍ നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ആറു ദിവസത്തെ ശമ്പളം മാറ്റിവച്ചാകും വിതരണമെന്നും അദ്ദേഹം പറഞ്ഞു. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും.മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.ഹൈക്കോടതി പറഞ്ഞ പ്രകാരം ഓര്‍ഡിനന്‍സിലൂടെ ശമ്പള കട്ടിംഗ് നിയമസാധുതയാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ സംഘടനകള്‍ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്നും പ്രതിപക്ഷ സംഘടനയുടെ വാശി ജനങ്ങള്‍അംഗീകരിക്കില്ലെന്നും ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടതില്‍ സന്തോഷമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ജനങ്ങള്‍ക്ക് സഹായം ചെയ്യുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും പിടിച്ചെടുക്കുന്ന പണം ഉപയോഗിക്കുന്നത്. മടങ്ങിയെത്തുന്ന പ്രവാസികളുടെ ചെലവ് കേന്ദ്രം വഹിക്കണം. സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ സഹായം നല്‍കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടി രാജ്യദ്രോഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.