കോവിഡ് മരണ നിരക്കില്‍ ബ്രിട്ടണ്‍ ഇറ്റലിയെ കടത്തിവെട്ടുമോ ? മരണം 26,097 ആയി

ലണ്ടന്‍: ബ്രിട്ടനില്‍ കോവിഡ് മൂലമുണ്ടായ മരണസംഖ്യ 26,097 ആയി ഉയര്‍ന്നു.ഇതോടെ ഇറ്റലി കഴിഞ്ഞാല്‍ യൂറോപ്പില്‍ ഏറ്റവും കുടുതല്‍ ആളുകള്‍ കോവിഡ് ബാധിച്ച് മരിച്ച രാജ്യമായി ബ്രിട്ടന്‍ മാറി. ബുധനാഴ്ച മാത്രം ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് മരിച്ചത് 765 പേരാണ്.

ഫ്രാന്‍സിനെയും സ്പെയിനിയെയും പിന്തള്ളി മരണ സംഖ്യയില്‍ ഇറ്റലിക്ക് തൊട്ടു പിറകെയാണ് ഇപ്പോള്‍ ബ്രിട്ടന്‍.27,359 പേരാണ് ഇറ്റലിയില്‍ ഇതുവരെ മരണപ്പെട്ടത്.

1993നു ശേഷം ഏറ്റവും കൂടുതല്‍ ആളുകള്‍ ഇംഗ്ലണ്ടില്‍ മരണപ്പെട്ട ആഴ്ച കൂടിയാണ് കടന്നു പോയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

1.66ലക്ഷം പേര്‍ക്കാണ് ബ്രിട്ടനില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 2.36 ലക്ഷം കേസുകള്‍ സ്ഥിരീകരിച്ച സ്പെയിനില്‍ ഇതുവരെ മരിച്ചത് 24,275 പേരാണ്.

രോഗവ്യാപനം തടയുന്നതിലും മരണനിരക്ക് കുറച്ചുനിര്‍ത്തുന്നതിലും പരാജയപ്പെട്ടെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ടുപോയ സ്വന്തം പൗരന്മാരെ തിരികെയെത്തിക്കുന്നതില്‍ ബ്രിട്ടന്‍ തുടരുന്ന നടപടികള്‍ ലോകമെങ്ങും അംഗീകരിച്ചിരിക്കുകയാണ്. വിമാനസര്‍വീസുകള്‍ നിലനിര്‍ത്തിയും പ്രത്യേക വിമാനങ്ങള്‍ അയച്ചും 13 ലക്ഷം പൗരന്മാരെയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഇതുവരെ തിരികെ എത്തിച്ചത്.

ഇന്ത്യയിലേക്കു മാത്രം 35 പ്രത്യേക വിമാനങ്ങള്‍ അയച്ചു. പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നും ഇപ്പോഴും പൗരന്മാരെ തിരികെ എത്തിച്ചുകൊണ്ടിരിക്കുകയാണ്.