കൊവിഡ് പോരാളികള്‍ക്ക് അഭിനന്ദനം; പൂക്കള്‍ വിതറിയും ദീപം തെളിയിച്ചും പ്രകടനം നടത്താന്‍ സൈന്യം

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് പോരാളികള്‍ക്ക് അഭിനന്ദനവുമായി ഇന്ത്യന്‍ സൈന്യം. ഇതുമായി ബന്ധപ്പെട്ട് മേയ് മൂന്നിന് പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംയുക്ത സൈനിക മേധാവി (ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് സിഡിഎസ്) ബിപിന്‍ റാവത്ത് അറിയിച്ചു. വ്യോമസേന ജമ്മുകശ്മീര്‍ മുതല്‍ തിരുവനന്തപുരം വരെയും ബംഗാള്‍ മുതല്‍ ഗുജറാത്തുവരെയും ഫ്‌ലൈപാസ്റ്റ് നടത്തും.

ഇതോടൊപ്പം ഹെലികോപ്ടറില്‍ പൂക്കള്‍ വിതറും. തീരത്ത് കപ്പലുകളില്‍ ദീപം തെളിക്കും. കൊവിഡ് ചികിത്സ നടത്തുന്ന ആശുപത്രികള്‍ക്ക് സമീപം ആര്‍മി ബാന്‍ഡ് പ്രകടനം നടത്തുമെന്നും സംയുക്ത സൈന്യാധിപന്‍ അറിയിച്ചു. ലോകം മുഴുവന്‍ കൊറോണ വൈറസിനെതിരെ പോരാടുകയാണ്.

നമ്മുടെ രാജ്യത്തെയും കൊവിഡ് ബാധിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസുകാര്‍, ഹോംഗാര്‍ഡ്‌സ്, ഡെലിവറി ബോയ്‌സ്, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെയെല്ലാം അഭിനന്ദിക്കുന്നു. വളരെ ആസൂത്രിതമായി കാര്യങ്ങള്‍ ചെയ്യുന്നു. നമ്മള്‍ ഒരുമിച്ചു പ്രവര്‍ത്തിച്ച് ഒരുമിച്ചു ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ ചട്ടക്കൂടുകള്‍ക്കപ്പുറം പ്രവര്‍ത്തിക്കാന്‍ സൈന്യം തയാറാണെന്ന് സംയുക്ത സൈനിക മേധാവി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സൈനിക മേധാവിമാരും സംയുക്ത സൈനിക മേധാവിയുമായും വെള്ളിയാഴ്ച ചര്‍ച്ച നടത്തിയിരുന്നു.