നാലു ജില്ലകള്‍ കോവിഡ് മുക്തമായി

 സംസ്ഥാനത്ത് നാലു ജില്ലകള്‍ കോവിഡ് മുക്തമായി. ആലപ്പുഴ, എറണാകുളം, വയനാട്, തൃശൂര്‍ എന്നി ജില്ലകളാണ് കോവിഡ് മുക്തമായത്. എറണാകുളത്ത് കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരേയൊരു ആളുടെ കൂടി പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയതോടെയാണ് കോവിഡ് മുക്തമായ ജില്ലകളുടെ എണ്ണം നാലായത്.

സംസ്ഥാനത്ത് ഇന്ന് ആശ്വാസദിനമാണ്. സംസ്ഥാനത്ത് പുതിയ ഒരു കോവിഡ് 19 കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 9 പേര്‍ ഇന്ന് രോഗമുക്തരായി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നും 4 വീതവും എറണാകുളത്ത് ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതുവരെ 392 പേര്‍ രോഗമുക്തരായി. 102 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

21,499 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 21,067 പേര്‍ വീടുകളിലും 432 പേര്‍ ആശുപത്രികളിലുമാണ്.രോഗലക്ഷണങ്ങള്‍ ഉള്ള 27,150 വ്യക്തികളുടെ സാമ്ബിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 26,225 സാമ്ബിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.