അതിഥി തൊഴിലാളികൾ നോണ്‍ സ്റ്റോപ്പ് ട്രെയിനുകളില്‍ നാട്ടിലേക്ക്

രാജ്യത്തെ കോടിക്കണക്കിന് വരുന്ന അതിഥി തൊഴിലാളികള്‍ ഇപ്പോള്‍ ഏറെ കടപ്പെട്ടിരിക്കുന്നത് കേരള സര്‍ക്കാറിനോടാണ്.അതിഥി തൊഴിലാളികളെ നോണ്‍ സ്റ്റോപ്പ് ട്രെയിനുകളില്‍ നാട്ടിലെത്തിക്കണമെന്ന, കേരളത്തിന്റെ ആവശ്യമാണ് കേന്ദ്രം നടപ്പാക്കിയിരിക്കുന്നത്.

ബസ്സുകളില്‍ തൊഴിലാളികളെ എത്തിക്കുന്നതിന്റെ റിസ്‌ക്ക് കേന്ദ്ര ഭരണകൂടത്തെ ബോധ്യപ്പെടുത്തുന്നതിലാണ് ഇവിടെ കേരളം വിജയിച്ചിരിക്കുന്നത്.

ലോക്ക് ഡൗണ്‍ നീണ്ടു പോകുന്നതില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ കടുത്ത അമര്‍ഷത്തിലായിരുന്നു.ഇവരുടെ പ്രതിഷേധങ്ങള്‍ പല സംസ്ഥാനങ്ങളിലും കൈവിട്ട അവസ്ഥയാണ് ഉണ്ടാക്കിയിരുന്നത്.ഇതിനെല്ലാമാണ്, ഇപ്പോള്‍ അന്തിമ പരിഹാരമായിരിക്കുന്നത്.

ഒരു അഭയാര്‍ത്ഥി പ്രവാഹവുമില്ല.പോകുന്നവര്‍ക്ക് ആവശ്യത്തിന് ഉള്ള ഭക്ഷണം, വെള്ളം, മരുന്ന്, എല്ലാം ട്രെയ്‌നുകളില്‍ റെഡിയാണ്.ഇവയെല്ലാം കേരള സര്‍ക്കാര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കുകയാണുണ്ടായത്.

ലക്ഷക്കണക്കിന് പേരാണ് മറ്റ് സംസ്ഥാനങ്ങില്‍ നിന്നും കേരളത്തില്‍ വന്ന് ജോലി ചെയ്ത് ജീവിക്കുന്നത് .കൊറോണ കാലത്ത് അതില്‍ വലിയൊരു പങ്കും സ്വന്തം നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരാണ്.

ലോക്ക്ഡൗണില്‍ ഇളവ് വന്ന് തൊഴിലാളികളെ തിരിച്ചയക്കാന്‍ യാത്രാ സൗകര്യം ഒരുക്കിയ ആദ്യഘട്ടത്തില്‍ തന്നെ, കൃത്യമായ പ്ലാനിങ്ങോടുകൂടിയാണ് കേരള സര്‍ക്കാര്‍ നീങ്ങിയിരുന്നത്.

ഒരു ബസില്‍ 30 പേരെ എന്ന് നിലയില്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച് ,ഒരു കമ്പാര്‍ട്ട്‌മെന്റില്‍ 60 വരെ എന്ന നിലയിലാണ് തൊഴിലാളികള്‍ക്ക് ഇരിപ്പിടം ഒരുക്കിയിരുന്നത്.

അതിഥി തൊഴിലാളികളുമായി ആദ്യത്തെ തീവണ്ടി കേരളത്തില്‍ നിന്നും പുറപ്പെട്ടത് മെയ് ഒന്നിനാണ്. സാര്‍വദേശീയ തൊഴിലാളി ദിനത്തിലെ ഈ യാത്രയില്‍, തൊഴിലാളികളും ഏറെ ഹാപ്പിയായിരുന്നു.1148 യാത്രക്കാരുമായി ഒറീസയിലേക്കായിരുന്നു ആദ്യ യാത്ര.

നാട്ടിലേക്ക് മടങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചവരെ പ്രത്യേകം രജിസ്റ്റര്‍ ചെയ്ത് മുന്‍ഗണനാ പട്ടിക പ്രകാരമാണ് പറഞ്ഞ് വിടുന്നത്.

കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ റെയില്‍വെ സ്റ്റേഷനിലെത്തിച്ചവരെ, യാത്രയയക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ കാത്ത് നിന്നിരുന്നു.

ഭക്ഷണവും ദാഹജലവും പ്രത്യേകം കിറ്റുകളിലാക്കി നല്‍കിക്കൊണ്ടാണ് പൊലീസ് തൊഴിലാളികളെ യാത്രയാക്കിയിരുന്നത്.ഇവര്‍ക്കുള്ള യാത്രാ ടിക്കറ്റുകള്‍ ജില്ലാ ഭരണകൂടം ഇടപെട്ടാണ് എടുത്ത് നല്‍കിയിരുന്നത്.മന്ത്രിയും കലക്ടറും എസ്പിയുമെല്ലാം കൈവീശിയാണ് ട്രെയിനില്‍ കയറിയവര്‍ക്ക് യാത്രയയപ്പ് നല്‍കിയിരുന്നത്.

മെയ് രണ്ടിന് അഞ്ച് ട്രെയിനുകളാണ് അതിഥി തൊഴിലാളികളുമായി പുറപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, ആലുവ, തിരൂര്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് ഈ ട്രെയിനുകള്‍ പുറപ്പെട്ടത്. ജാര്‍ഖണ്ഡ്, ബീഹാര്‍, ഒറീസ സംസ്ഥാനങ്ങളിലെ തൊഴിലാളികളാണ് ഈ വണ്ടികളിലെ യാത്രക്കാര്‍.ഇതു പോലെ മടങ്ങാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പേരെയും നാട്ടിലെത്തിക്കാനാണ് കേരളത്തിന്റെ തീരുമാനം.

അന്യ സംസ്ഥാനക്കാരോടുള്ള പെരുമാറ്റത്തിന്റെ കാര്യത്തില്‍ മാത്രമല്ല, കരുതലിന്റെ കാര്യത്തിലും ഒന്നാം സ്ഥാനത്താണിപ്പോള്‍ കേരളം.

കേരളത്തില്‍ നിന്നും മടങ്ങുന്നവര്‍ പറയുന്നത് എത്രയും വേഗം തിരിച്ചു വരുമെന്നതാണ്. ഉറ്റവരെ കാണാനുള്ള ആഗ്രഹത്താലാണ് ഇവരില്‍ ഭൂരിപക്ഷത്തിന്റെയും മടക്കം.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിഭിന്നമായ കാഴ്ചയാണിത്. പട്ടിണി കിടക്കേണ്ട ഒരു സാഹചര്യവും, ഈ ലോക്ക് ഡൗണ്‍ കാലത്ത് ഒരു അതിഥി തൊഴിലാളിക്കും ഇല്ലായിരുന്നു.പ്രത്യേക കരുതല്‍ തന്നെ ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ നടത്തുകയുണ്ടായി.

അതിഥി തൊഴിലാളികളുടെ ക്ഷേമം അന്വേഷിക്കാനും, ആവശ്യങ്ങള്‍ നിറവേറ്റാനും പൊലീസ് തന്നെയാണ് നേരിട്ടിറങ്ങിയിരുന്നത്.

ഓരോ ജില്ലകളിലും എസ്.പിമാരും ഡി.ഐ.ജിമാരുമാണ് ഇതിനായി നേതൃത്വം നല്‍കിയിരുന്നത്.

ഭയപ്പെടുത്തുന്ന കാക്കിയെ മാത്രം കണ്ട് പരിചയിച്ച മുഖങ്ങള്‍ക്ക് ഇവിടുത്തെ വേറിട്ട കാക്കിയുടെ മുഖം പുതിയ അനുഭവം തന്നെ ആയിരുന്നു. ഒടുവില്‍ തൊഴിലാളികള്‍ക്ക് യാത്രാമൊഴി ചൊല്ലുന്നതില്‍ വരെ നീണ്ടു, കാക്കിയുടെ ഈ കരുതല്‍.

ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണ് കേരളമെന്ന കാര്യത്തില്‍, ഇനി അഥിതി തൊഴിലാളികള്‍ക്കും ഒരു സംശയവുമുണ്ടാവുകയില്ല.

അതേസമയം, കോവിഡിനെതിരെ പ്രതിരോധക്കോട്ട ഉയര്‍ത്തിയ സംസ്ഥാനത്ത് നിന്നും,സ്വന്തം നാട്ടില്‍ എത്തുമ്പോഴുള്ള അവസ്ഥയെ കുറിച്ചും ഇവര്‍ക്ക് ശരിക്കും ആശങ്കയുണ്ട്. കുടുംബാംഗങ്ങളെ ഓര്‍ത്ത് മാത്രമാണ് മിക്കവരും മടങ്ങാന്‍ നിര്‍ബന്ധിക്കപ്പെട്ടിരിക്കുന്നത്.

എന്ത് കൊണ്ട് കേരളം ആദരിക്കപ്പെടുന്നു,?മാതൃകയാക്കപ്പെടുന്നു? തുടങ്ങിയ
ചോദ്യങ്ങള്‍ക്ക്, ഉത്തരങ്ങള്‍ ഇനിയും ഏറെയുണ്ട്.

കൊറോണക്കാലത്ത് ‘നാട്ടിലേക്ക് തിരിച്ചു പോകുന്നില്ല’ വിസിറ്റിങ് വിസ നീട്ടി കിട്ടിയാല്‍മതി എന്ന് ആവശ്യപ്പെട്ട, അമേരിക്കക്കാരന്‍, ഇതിന് മറ്റൊരു ഉദാഹരണമാണ്.

മരണനിരക്കും, വ്യാപന നിരക്കും കുറച്ചു കൊണ്ടു വന്ന്, ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ പ്രാപ്തമാക്കിയത്, ഭരണകൂട മികവ് ഒന്നുകൊണ്ട് മാത്രമാണ്.

ഒരാള്‍ പോലും പട്ടിണി കിടക്കരുത് എന്നുറപ്പിച്ചു തുടങ്ങിയ കമ്മ്യൂണിറ്റി കിച്ചന്‍,അന്താരാഷ്ട്ര നിലവാരത്തിലാണ് ചര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്നത്.

മഹാമാരിയെ പറ്റി കൃത്യമായ അവബോധമുള്ള, അതനുസരിച്ചു ഉയര്‍ന്നു ചിന്തിച്ച പൊതു ജനങ്ങള്‍, മരണത്തെയും, അസുഖത്തെയും വെല്ലുവിളിച്ച ആരോഗ്യപ്രവര്‍ത്തകര്‍, നിരത്തുകളില്‍ എല്ലാം സഹാനുഭൂതിയോടെ നിയന്ത്രിച്ച പോലീസുകാര്‍… അങ്ങിനെ ഒരുപാട് പേരുടെ വിയര്‍പ്പുണ്ട്, നാടിന്റെ ഈ അതിജീവനത്തിന് പിന്നില്‍. ഇതൊന്നും ആരും മറന്ന് പോകരുത്.