നമ്മൾ തുപ്പി തോൽപ്പിച്ച പഴയ നാട്

തുപ്പരുത് നമ്മൾ തോറ്റ് പോകും എന്ന പുതിയ ആഹ്വാനം പുറത്തിറങ്ങാനും കൊറോണ വരേണ്ടി വന്നപ്പോൾ ഞാൻ ആലോചിച്ചത് നമ്മൾ തുപ്പി തോൽപ്പിച്ച പഴയ നാടിനെയാണ്.കൊറോണ എത്ര പഴയ ഓർമ്മകളെയാണ് പുതുക്കി പണിയുന്നത്.ജനലിലൂടെ,ബസ്സിൻ്റെ കസികൾക്കിടയിലൂടെ,ഉമ്മറത്തെയും പിന്നാമ്പുറത്തെയും വാതിൽ പാളികൾക്ക് ഇടയിലൂടെ എത്രയെത്ര തുപ്പലുകൾ അണുക്കളോടെ പുറത്തേക്ക് തെറിച്ച് വീണു.കഫം നിറഞ്ഞ തുപ്പൽ കട്ടകൾ അബദ്ധത്തിൽ ചവിട്ടി പോകാതിരിക്കാൻ ആയിരുന്നു നമ്മൾ സൂക്ഷിച്ചത്.മുറുക്കി തുപ്പി എത്ര വീടിൻ്റെ പൂമുഖ നടകളാണ് ചുവന്ന് പോയത്.തുപ്പലുകൾ,അണുക്കൾ എത്രയോ നിറഞ്ഞ് കവിഞ്ഞ് കിടന്ന കൂമ്പാരം ആയിരുന്നു എങ്കിലും കൊറോണ കൊന്നൊടുക്കിയ പോലെ ഒരു സമൂഹത്തെ കൺമുന്നിൽ കാണാൻ പറ്റാത്തത് കൊണ്ടോ അത്തരം വാർത്തകൾ കേൾക്കാത്തത് കൊണ്ടോ കാണുന്നിടത്തെല്ലാം തുപ്പാൻ നമ്മളിൽ ബഹുഭൂരിപക്ഷത്തിനും മടി ഉണ്ടായിരുന്നില്ല.
രണ്ട് തുപ്പലുകൾ എന്നെ കരയിച്ചിട്ടുണ്ട്.നഴ്സിങ്ങ് വിദ്യാർത്ഥിനി ആയിരിക്കുന്ന കാലഘട്ടത്തിൽ ബീച്ചാശുപത്രിയിലെ ജനാലയുടെ ഇരുമ്പഴികളിലെ ചോര കലർന്ന കഫത്തുള്ളികളും തുപ്പലുകളും ഞങ്ങളെ കൊണ്ട് തുടപ്പിക്കാൻ ഞങ്ങളുടെ അദ്ധ്യാപകരും വാർഡിലെ ഹെഡ് നഴ്സുമാരും നിർബന്ധം ചെലുത്തിയിരുന്നു.വാർഡിലെ ജനാലയഴികൾ വൃത്തിയാക്കുന്നതിലൂടെ നഴ്സിങ്ങ് എന്ന ജോലിയിൽ അറപ്പ് വരാൻ സാധ്യതയുള്ള പല മേഖലകളിലും അറപ്പ് ഇല്ലാതാക്കാൻ വൃത്തികെട്ട ജനാലക്കമ്പികൾ തുടച്ച് തന്നെ പരിശീലനം തുടങ്ങണം എന്നായിരുന്നു ശട്ടം കെട്ടിയത്.ഇവിടെ തുപ്പരുത് എന്ന ബോർഡിൻ്റെ അടിയിൽ തന്നെ തുപ്പുക എന്നത് എല്ലായിടത്തും എന്നത് പോലെ ആശുപത്രി ‘ വാർഡുകളിലും പ്രാബല്യത്തിൽ രോഗികളും കൂടെ നിൽക്കുന്നവരും കൂടെ വാശിയോടെ നടപ്പാക്കിയ നിയമ ലംഘനമായിരുന്നു..കോഴിക്കോട്ട് കാരിയായ ഞാൻ കോഴിക്കോട് തന്നെ ഉള്ള ഒരു ആശുപത്രിയിലെ തുരുമ്പ് പിടിച്ച ജനാലയുടെ ഇരുമ്പ് കമ്പികൾ തുടക്കുന്നത് രോഗിയെ കാണാൻ വന്ന എൻ്റെ നാട്ട് കാര് കണ്ട് .അയ്യേ ഈ പണിയൊക്കെ നിങ്ങൾക്ക് ചെയ്യണോ എന്ന് ചോദിച്ചപ്പോ കണ്ണ് നിറഞ്ഞത് അവർ കാണാതിരിക്കാൻ കുറച്ച് പണിപ്പെട്ടു. എനിക്ക് ഇഷ്ടപ്പെട്ട ഇളം റോസ് നിറത്തിലുള്ള പാവാടയും ബ്ലൗസും ധരിച്ച ദിവസം പാളയം ബസ് സ്റ്റാൻഡിൽ ബസ് കേറാൻ ബസിന് പുറകെ ഓടുമ്പോഴാണ് കഴുത്തിന് പുറത്ത് നനവേറ്റ് തിരിഞ്ഞ് നോക്കിയതും കഴുത്തും ബ്ലൗസിൻ്റെ പിൻഭാഗം മുഴുവൻ ആരോ ബസ്സിൽ നിന്ന് മുറുക്കി തുപ്പിയതിൻ്റെ കറ വീണ തുപ്പൽ തുള്ളികൾ കണ്ട് ഇനി എങ്ങനെ കോളേജിൽ ഈ കോലത്തിൽ പോകും എന്നോർത്ത് ഉള്ളം കിടുങ്ങിയതും,കണ്ണ് നിറഞ്ഞതും .
അങ്ങനെ എത്ര പേരെ നമ്മൾ തുപ്പിയും തുപ്പലുകൾ പൊതു ഇടങ്ങളിൽ നിറച്ചും തോൽപിച്ചിരിക്കുന്നു.? .അതേ നമ്മൾ ഇന്ന് സമൂഹത്തിനോട് വിളിച്ച് പറയുന്നു…. തുപ്പരുത് … നമ്മൾ തോററ് പോകും….. നമ്മുടെ നാട്ടിൽ പല സമയത്തായി പുറപ്പെട്ട പല തരം പനികൾ പലരും പലയിടത്തായി തുപ്പിയ തുപ്പൽ തുള്ളികളിൽ കൂടെ പകരാൻ ഇടയായത് എന്നേ നമ്മൾ മറന്ന് . അല്ലെങ്കിൽ അങ്ങനെ ഒക്കെ പടരും എന്ന് ഓർക്കാൻ പോലും നമ്മുടെ പലരുടെയും തലച്ചോറുകൾ വികസിച്ചിരുന്നില്ല.ആ കാര്യത്തിൽ എന്നേ നമ്മൾ തോററതാണ്… പൊതു ഇടങ്ങളിൽ തുപ്പാത്ത ഒരു നല്ല കാലത്തിലേക്ക് ജയിച്ച് കയറാൻ ഇനി എങ്കിലും നമുക്ക് ശ്രമിക്കാം.

ബിന്ദു ഫെർണാണ്ടസ്