തിരുവനന്തപുരം: ജര്‍മനിയിലെ കൊളോണില്‍നിന്ന് പനിപരിശോധനയ്ക്ക് കൃത്രിമ ഇന്റലിജന്‍സ് പവേര്‍ഡ് ഫെയ്‌സ് ഡിറ്റക്ഷന്‍ സാങ്കേതികവിദ്യയുള്ള തെര്‍മല്‍ ആന്‍ഡ് ഒപ്റ്റിക്കല്‍ ഇമേജിങ് ക്യാമറ തലസ്ഥാനത്തേക്കെത്തിച്ച് തിരുവനന്തപുരം എം.പി. ശശി തരൂര്‍.
ജര്‍മനിയില്‍ നിന്ന് ബംഗളൂരുവിലേക്ക് കണക്ഷന്‍ വിമാനങ്ങളിലൂടെയും അവിടെനിന്ന് തിരുവനന്തപുരത്തേക്ക് റോഡുമാര്‍ഗവുമാണ് തെര്‍മല്‍ ആന്‍ഡ് ഒപ്റ്റിക്കല്‍ ഇമേജിങ് ക്യാമറ തലസ്ഥാനത്തേക്കെത്തിച്ചത്. ആഗോളസൗഹൃദവും എം.പി. ഫണ്ടുമുപയോഗിച്ചാണ് തെര്‍മല്‍ ആന്‍ഡ് ഒപ്റ്റിക്കല്‍ ഇമേജിങ് ക്യാമറ വാങ്ങി സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധത്തിന് ശക്തിപകര്‍ന്നത്.വിവിധരാജ്യങ്ങള്‍ കടന്നെത്തിച്ച ഉപകരണം ശനിയാഴ്ചയോടെ ഉപയോഗത്തിലുമായി. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ജാര്‍ഖണ്ഡിലേക്കുപോയ അതിഥിതൊഴിലാളികളെ സ്‌ക്രീന്‍ ചെയ്യാനാണ് താപക്യാമറ ആദ്യമായി ഉപയോഗിച്ചത്. തിരുവനന്തപുരം കളക്ടര്‍ കെ. ഗോപാലകൃഷ്ണനുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത്തരമൊരു ഉപകരണത്തിന്റെ ആവശ്യം ബോധ്യമായതെന്ന് ശശി തരൂര്‍ എം പി വ്യക്തമാക്കുന്നു.
ഏഷ്യയില്‍ താപക്യാമറകള്‍ കിട്ടാനില്ലാത്തതിനാല്‍ അന്വേഷണത്തില്‍ ജര്‍മനിയിലെ ബോണിലുള്ള ടെട്രബിക് ഇ.കെ. എന്ന കമ്പനി നിര്‍മിക്കുന്നുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. എന്നാല്‍, അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉപകരണം മുഴുവനായും വാങ്ങിക്കൂട്ടിയതോടെ അവിടെയും പ്രതിസന്ധി രൂപപ്പെട്ടു. അങ്ങനെയുള്ള അന്വേഷണത്തിലാണ് കമ്പനിയുടെ ആംസ്റ്റര്‍ഡാമിലെ വെയര്‍ഹൗസില്‍ ഒരുയൂണിറ്റ് ഉണ്ടെന്നറിഞ്ഞതെന്ന് ശശിതരൂര്‍ വ്യക്തമാക്കി. അവിടെനിന്ന് 300 കിലോമീറ്റര്‍ റോഡുമാര്‍ഗം ഉപകരണം ബോണിലെത്തിച്ചു.
ഏപ്രില്‍ 24-ന് ജര്‍മനിയിലെ കൊളോണില്‍നിന്ന് ഡി.എച്ച്.എല്‍. സൗത്ത് ഇന്ത്യ ഏരിയ മാനേജര്‍ ജോസഫ് നോബിയുടെ സഹായത്തോടെ ഡി.എച്ച്.എല്ലിന്റെ പ്രത്യേക വിമാനത്തില്‍ കയറ്റി പാരീസ് (ഫ്രാന്‍സ്), ബ്രസ്സല്‍സ് (ബെല്‍ജിയം) ലീപ്‌സിഗ് (ജര്‍മനി), ബഹ്‌റൈന്‍, ദുബായ് എന്നിവിടങ്ങളിലൂടെ പല വിമാനങ്ങളിലായി 28-ന് ബംഗളൂരുവിലെത്തിക്കുകയായിരുന്നു. ശശി തരൂര്‍ എം.പി.യുടെ ടീമില്‍ പ്രവര്‍ത്തിക്കുന്ന രോഹിത് സുരേഷും ആനന്ദ് മോഹന്‍ രാജനും റോഡുമാര്‍ഗം ശനിയാഴ്ചയോടെ തലസ്ഥാനത്തെത്തിച്ചു.
5,60,986 രൂപയാണ് ക്യാമറയുടെ വില. കസ്റ്റംസ് നികുതിയും യാത്രച്ചെലവുമുള്‍പ്പെടെ ആകെ 7.45 ലക്ഷം രൂപയാണ് ഉകപരണത്തിന്റെ മൊത്തം ചെലവ്. ട്രൈപോഡില്‍ ബന്ധിപ്പിച്ച് മൊബൈല്‍ യൂണിറ്റായും ഉപയോഗിക്കാമെന്നും എംപി പറയുന്നു. താപനിലയും പ്രത്യേകം സജ്ജീകരിച്ച് പരിശോധിക്കാം. സാമൂഹികഅകലം പാലിച്ചുവരുന്ന എത്രവലിയ ജനക്കൂട്ടത്തെയും പരിശോധിക്കാനാകും.
അതിഥിതൊഴിലാളികള്‍ അവരുടെ സ്വന്തംസ്ഥലത്തേക്ക് പോകുകയാണ്. രാജ്യത്തിന്റെ വിവിധഭാഗങ്ങളിലുള്ള മലയാളികളും വരാനിരിക്കുന്നു. അതുപോലെ പ്രവാസികളും. ഇവരെയെല്ലാം പരിശോധിക്കാന്‍ പുതിയ ഉപകരണംകൊണ്ട് എളുപ്പം സാധിക്കും. എം.പി.ഫണ്ട് തീര്‍ന്നുപോയതിനാല്‍ ഈ അത്യാധുനിക സാങ്കേതിക ഉപകരണം കൂടുതല്‍ ശേഖരിക്കുന്നതിന് മറ്റ് കോര്‍പ്പറേറ്റ് ഗ്രൂപ്പുകളെ സമീപിക്കുമെന്നും ശശി തരൂര്‍ എം.പി വ്യക്തമാക്കി.