മഠങ്ങൾ മുഴക്കുന്നത് മരണമണിയോ?

പ്രമദ മുരളീധരൻ

ന്യാസ്ത്രീകളുടെ മരണം തുടർക്കഥയായി മാറുന്നു. മൂന്നു പതിറ്റാണ്ടിനിടെ സംഭവിച്ചത് 16 ദുരൂഹ മരണങ്ങൾ . 1987ൽ മരിച്ച സിസ്റ്റർ ലിൻഡ മുതൽ കഴിഞ്ഞ ദിവസം മരിച്ച സിസ്റ്റർ ദിവ്യ വരെ നീളുന്നു ദുരൂഹ മരണങ്ങൾ.

 1993: കൊട്ടിയത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര് മേഴ്സി

 1994: പുല്പള്ളി മരകാവ് കോണ്വെന്റിലെ കിണറ്റില് മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര് ആനീസ്

 1998: പാലാ കോണ്വെന്റിൽ വച്ച് കൊല്ലപ്പെട്ട സിസ്റ്റര് ബിന്സി

 1998: കോഴിക്കോട് കല്ലുരുട്ടി കോണ്വെന്റിലെ കിണറ്റില് മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര് ജ്യോതിസ്

 2000: പാലാ സ്നേഹഗിരി മഠത്തിൽ കൊല്ലപ്പെട്ട സിസ്റ്റര് പോള്സി

 2006: റാന്നിയിലെ മഠത്തിൽ കൊല്ലപ്പെട്ട സിസ്റ്റര് ആന്സി വര്ഗീസ്

 2006: കോട്ടയം വാകത്താനത്ത് കൊല്ലപ്പെട്ട സിസ്റ്റര് ലിസ

 2008: കൊല്ലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര് അനുപ മരിയ

 2011: തിരുവനന്തപുരം പൂങ്കുളത്തെ കോണ്വെന്റിലെ ജലസംഭരണിയില് മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര് മേരി ആന്സി

 2015 സപ്തംബര്: പാലായിലെ ലിസ്യൂ കോണ്വെന്റില് തലയ്ക്കടിയേറ്റു മരിച്ച നിലയില് കണ്ടെത്തിയ സിസ്റ്റര് അമല

 2015 ഡിസംബര്: വാഗമണ് ഉളുപ്പുണി കോണ്വെന്റിലെ കിണറ്റില് മരിച്ച നിലയില് കണ്ടെത്തിയ സിസ്റ്റര് ലിസ മരിയ

 2018: കൊല്ലം പത്തനാപുരത്തെ മൗണ്ട് താബുര് കോണ്വെന്റെിലെ കിണറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സിസ്റ്റര് സൂസൻ മാത്യു.

 2020: തിരുവല്ല പാലിയേക്കര ബസേലിയൻ സിസ്റ്റേഴ്സ് മഠത്തിൽ അന്തേവാസിയായ സിസ്റ്റർ ദിവ്യ കിണറ്റിൽ മരിച്ചനിലയിൽ

ഈ മരണങ്ങൾക്കൊന്നും തെളിവുകളോ സാക്ഷികളോ ഇല്ല. തെളിവുകൾ നശിപ്പിച്ചതാണോ അതോ സാക്ഷികളെ ഇല്ലാതാക്കിയതാണോ എന്നടതടക്കമുള്ള കാര്യങ്ങൾ പ്രത്യേകം പരിശോധിക്കേണ്ടവയാണ്. ഈ ദുരൂഹ മരണങ്ങൾ ജനങ്ങളുടെ ഉറക്കം കെടുത്തിയവയാണ്. സാമൂഹിക ജീവി എന്ന നിലയിൽ നാം ഓരോരുത്തരും ഇതേ കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. പൊതു ചിത്രം ഇതാണെങ്കിൽ പുറംലോകമറിയാത്ത എത്രയോ കഥകൾ ഇനിയുമുണ്ടാകും. മഠങ്ങൾ ‘മരണമണി’ ആണോ മുഴക്കുന്നത്?

മഠത്തിലെ വേദപഠത്തിനിടയിലെ ഉള്ളറകഥകളെക്കുറിച്ച് സ്വയം വെളിപ്പെടുത്തലുമായി സധൈര്യം മുന്നോട്ടുവന്ന വ്യക്തിയാണ് സിസ്റ്റർ ലൂസി കളപ്പുര… എന്നിട്ടെന്തായി? സഭ സിസ്റ്ററിനെ ഒറ്റപ്പെടുത്തി. “സിസ്റ്റർ പദവി “തിരിച്ചെടുക്കാൻ തീരുമാനിച്ചു. ‘കർത്താവിന്റെ നാമത്തിൽ’ എന്ന ലൂസി കളപ്പുരയുടെ പുസ്തകം സഭയുടെ ഉറക്കം കെടുത്തി. അതുകൊണ്ട് തന്നെയാണ് സിസ്റ്റർ ഒറ്റയാൾ പോരാളിയായി മാറിയതും.

കേസുകൾ പരിശോധിച്ചാൽ, ഒരുവേള മുഖ്യധാരയിൽ നിൽക്കുകയും പിന്നീട് വെറും കടലാസിൽ മാത്രം ഒതുങ്ങുകയുമാണ് ഇത്തരം സംഭവങ്ങൾ. ഇങ്ങനെ കടലാസുകെട്ടുകളിൽ ഇത്രയധികം ആത്മാക്കൾ തളയ്ക്കപ്പെടുന്നതെന്തുകൊണ്ട്? മറ്റ് കേസുകളിൽ ഇല്ലാത്ത എന്തോ ഒരുതരം ബാഹ്യ ഇടപെടലുകൾ ഈ കേസുകളിൽ എന്തുകൊണ്ട്? ആർക്കാണ് ഒളിക്കേണ്ടത്? ഒളിപ്പിക്കേണ്ടത്? ആരെയാണ് സംരക്ഷിക്കുന്നത്? ഇത്തരം സംരക്ഷണ കവചങ്ങൾക്കു പിന്നിലെ രഹസ്യമെന്താണ്…?
ഇങ്ങനെ നീളുന്നില്ലേ ചോദ്യങ്ങൾ….

ഭൂരിഭാഗം കേസുകൾക്കും ആധാരം മഠങ്ങളോ അതോട് ചേർന്നുള്ള വിശ്രമമുറികളോ, കിണറുകളോ, വസ്തു വകകളോ ഒക്കെയാണ്. ഇതുതന്നെയാണ് ഈ കേസുകളിലെ സമാനതകളും സംശയിക്കപ്പെടാവുന്ന സാധ്യതകളും.

1. കൊല്ലപ്പെട്ട കന്യാസ്ത്രീകൾ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടോ?

2. കൊല്ലപ്പെട്ടവർ സഭയിലെ എന്തെങ്കിലും തരത്തിലുള്ള അതിക്രമങ്ങൾക്കോ അല്ലെങ്കിൽ വഴിവിട്ട ഇടപാടുകൾക്കോ സാക്ഷികളായിട്ടുണ്ടോ ?

3.സഭയുടെ ഹിതകരമല്ലാത്ത രഹസ്യങ്ങൾ പുറം ലോകമറിയാതിരിക്കാൻ ഈ കന്യാസ്ത്രീകളെ ഇല്ലാതാക്കിയതാണോ?

4. അതോ ആത്മഹത്യ തന്നേയോ…അങ്ങനെയെങ്കിൽ അതിനും ഒരു കാരണമുണ്ടാകണമല്ലോ? വേദം പഠിപ്പിക്കുന്ന മഠങ്ങളിൽ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നതെന്താണ്.

ഈ കേസുകളിലെ രാഷ്ട്രീയ ഇടപെടലുകളും പരിശോധിക്കേണ്ടതാണ്. മാറി മാറി ഭരിക്കുന്ന നമ്മുടെ സർക്കാരുകൾ കന്യാസ്ത്രീകളുടെ കാര്യം വരുമ്പോൾ എന്തുകൊണ്ട് മൗനം പാലിക്കുന്നു? ഈ വിഷയത്തിൽ ഒന്ന് പ്രതികരിക്കാൻ പോലും നിൽക്കാതെ അവർ ഓടിയൊളിക്കുന്നതെന്തിന്?. അഭയ കേസ് ഏറ്റവും വലിയ ഉദാഹരണമായി നമുക്ക് മുന്നിലുണ്ട്. യഥാർഥ കുറ്റവാളികൾ ആരെന്നോ എന്തിനു വേണ്ടിയായിരുന്നു ആ അരുംകൊലയെന്നോ ഇന്നും അവ്യക്തം.

മതമേലധ്യക്ഷന്മാരുടെ മഠത്തിലെ ‘രീതീകൾ’ സംബന്ധിച്ച നിരവധി വെളിപ്പെടുത്തലുകളാണ് അടുത്തിടെ പുറത്തുവന്നത്. മതമേലധ്യക്ഷൻമാരേയും അതുവഴി മതവിഭാഗത്തേയും കയ്യിലെടുത്ത് ഒപ്പം നിർത്തി വോട്ട് ബാങ്ക് ഉറപ്പിക്കലാണോ ഇത്തരം കേസുകളുടെ ഈ അനാസ്ഥക്ക് പിന്നിലെന്ന സംശയം സ്വാഭാവികം.
ലോകത്തിലെ തന്നെ എറ്റവും മികച്ച സേനയും അത്യാധുനിക സംവിധാനങ്ങളും കൈമുതലായുള്ള സേനയാണ് കേരളാ പോലീസ്. മികച്ച വൈദഗ്ധ്യവും പാടവവുമുള്ള നിരവധി ഉദ്യോഗസ്ഥരും സേനയിലുണ്ട്. എന്നിട്ടും ഒരു പ്രത്യേക വിഭാഗത്തിൻറെ മാത്രം കേസുകൾ അതും സമാന സ്വഭാവമുള്ളവ എന്തുകൊണ്ട് തെളിയിക്കപ്പെടുന്നില്ല. തെളിയാൻ പാടില്ലെന്ന് ആർക്കോ വാക്ക് നൽകിയതുപോലെ.

നേർച്ചയെന്നും വഴിപാടെന്നും ദൈവവിളിയെന്നുംമൊക്കെപ്പറഞ്ഞു കർത്താവിന്റെ മണവാട്ടിമാരാക്കാൻ മക്കളെപ്പറഞ്ഞുവിടുന്ന മാതാപിതാക്കൾ മേൽപ്പറഞ്ഞ വസ്തുതകൾ കൂടി കൃത്യമായി മനസിലാക്കണം. ഈ നാട്ടിലെ നീതിയുടെ സംരക്ഷണം എന്തുകൊണ്ട് ദൈവത്തിന്റെ മാലാഖമാർക്ക് ലഭിക്കുന്നില്ല? ഇതിനൊരു അവസാനം വേണ്ടേ? മാലാഖമാരെ നശിപ്പിക്കുന്ന ചെകുത്താന്മാരെ നീതിപീഠം എന്നാണാവോ ശിക്ഷിക്കുക? അവസാനമായി പറയാനുള്ളത് അച്ഛനമ്മമാരോടാണ്. ” എന്തിന്റെ പേരിലായാലും എല്ലാം അറിഞ്ഞുവച്ച് പൊന്നുമക്കളെ മരണത്തിലേക്ക് തള്ളി വിടരുതേ ”