ഇന്ത്യൻ കമ്യൂണിറ്റി വെൽഫയർ ഫണ്ടും ലോക കേരള സഭയുടെ ഫണ്ടും ആർക്ക് വേണ്ടി ?

റോയ് മാത്യു

ആകാശ ചുംബികളായ പ്രതിമകളും പുതിയ പാർലമെൻറ് മന്ദിരങ്ങളും നിർമ്മിക്കാൻ കോടികൾ മുടക്കുന്ന രാജ്യത്താണ് വിദേശത്ത് അകപ്പെട്ടു പോയ പാവം പ്രവാസികളെ കൊണ്ടുവരാൻ കാലണ മുടക്കാൻ തയ്യാറാവാത്ത അരുമയാന സർക്കാർ. മൻ കി ബാത്തിലൊന്നും ഈ പാവങ്ങളെ ഒന്നും ഓർക്കാറുമില്ല.
എംബസികളിൽ കുമിഞ്ഞുകിടക്കുന്ന ഇന്ത്യൻ കമ്യൂണിറ്റി വെൽഫയർ ഫണ്ട് ആർക്ക് പുഴുങ്ങിത്തിന്നാണെന്ന് വിദേശകാര്യ വകുപ്പ് ഒട്ട് പറയുന്നുമില്ല. ഇന്ത്യൻ കമ്യൂണിറ്റി വെൽഫയർ ഫണ്ട് ഇന്ത്യാക്കാർക്കു വേണ്ടി ഉപയോഗിക്കാനാവുന്നില്ലെങ്കിൽ പിന്നെ ഈ പണം ആരുടെ വെൽഫയറിനാണ് ഉപയോഗിക്കുന്നത്?
സുഷമ സ്വരാജിൻ്റെ കാലത്ത് ഈ ഫണ്ട് വളരെ ഉദാരമായി ചെലവാക്കാൻ അനുവദിച്ചിരുന്നതായി ഇന്ത്യൻ സംഘടനകൾ പറയുന്നുണ്ട്.

മറുവശത്ത് പ്രവാസി സ്നേഹം കവിഞ്ഞൊഴുകി നിൽക്കുന്ന സംസ്ഥാന സർക്കാർ. പ്രവാസികൾ ക്ക് പെൻഷൻ, തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ധനസഹായം എന്നൊക്കെ എടുത്താ പൊങ്ങാത്ത ബഡായികൾ തട്ടി വിട്ട പിണറായി വിജയൻ്റെ സർക്കാരാണ് പ്രവാസികൾക്കായി കോടികൾ മുടക്കി അഖില ലോകകേരള സഭ എന്ന പ്രാഞ്ചി സമ്മേളനം രണ്ടു കൊല്ലമായി നടത്തി വരുന്നത്.

ഈ വർഷത്തെ പ്രാഞ്ചി സമ്മേളനം നടത്താൻ 16.5 കോടി രൂപ യുടെ ഹാളാണ് നിയമസഭാ മന്ദിരത്തിൽ തയ്യാറാക്കിയത്. നിലവിൽ അവിടെ ഉണ്ടായിരുന്ന ഹാളും സംവിധാനങ്ങളും തച്ചുടച്ചാണ് 48 മണിക്കുർ മാത്രം നടക്കുന്ന ഒരു ഉഡായിപ്പിന് വേണ്ടി ഇക്കണ്ട കാശ് മുഴുവൻ ചെലവാക്കിയത്. ഇപ്പോൾ ഗൾഫിൽ നരകയാതന അനുഭവിക്കുന്നവരുടെ ഒരു പ്രതിനിധി പോലും ഈ സമ്മേളനത്തിന് ഉണ്ടായിരുന്നില്ല എന്നത് വേറെ കാര്യം.
2020- 21 സാമ്പത്തിക വർഷത്തിൽ 10 കോടി രൂപയാണ് ലോക കേരള സഭ എന്ന അർമ്മാദ സമ്മേളനത്തിനായി ബജറ്റിൽ നീക്കിവെച്ചത്. ഈ തുകയിൽ നിന്ന് അഞ്ചു കോടി രൂപ ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരാനാവാതെ കുടുങ്ങിക്കിടന്ന വരുടെ യാത്രക്കായി വിനിയോഗിക്കാ മായിരുന്നില്ലേ ?അതെങ്ങനാ തട്ടിപ്പുകേസിൽ ഗൾഫിൽ കൂടുങ്ങുന്ന മൊതലാളിമാരുടെ മക്കളെ രക്ഷിക്കുന്നതിലാണല്ലോ സർക്കാരിന് താല്പര്യം? ലോക കേരള സഭക്കായി വകയിരുത്തിയിരിക്കുന്ന തുകയിൽ നിന്ന് ഫണ്ട് ഉപയോഗിച്ച് ‘ നിസ്സഹായരായ മലയാളികളെ കൊണ്ടുവരണമെന്ന് ഇവിടെ വന്ന് പുട്ടടിച്ചു പോയ ഒരു ലോക സഭക്കാരനും പറഞ്ഞു കേട്ടില്ല.