ഇന്ത്യ അത്ഭുതമാണെന്ന് സി.എൻ.എൻ

തൊട്ടുമുന്നെ എത്തിയ CNN റിപ്പോർട്ട് നമുക്കേവർക്കും വളരെ ഹൃദ്യമാണ്. കൊറോണയെ ചെറുത്തുനിർത്തി മരണം പെരുകാതെ നോക്കിയ ഇന്ത്യയാണ് താരമെന്ന്!

ലോകവിശ്രുത അമേരിക്കൻ ടെലിവിഷൻ ചാനലായ സി.എൻ.എൻ-ൻറെ പുതിയ വെളിപ്പെടുത്തൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന നമ്മുടെ രാജ്യത്തുള്ളവർക്ക് തീർച്ചയായും ആത്മവീര്യം പകരും!

ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യയിൽ കൊവിഡ്-19 മൂലമുള്ള മരണം ആയിരത്തിനു തൊട്ടുമേലെ ഒതുങ്ങുന്നത് അത്ഭുതമാണെന്ന് സി.എൻ.എൻ എടുത്തു പറയുന്നു!

കൊവിഡിനെ പ്രതിരോധിക്കാൻ ഇന്ത്യ സ്വീകരിച്ച നിലപാടുകളെ റിപ്പോർട്ടിൽ എടുത്തു കാട്ടുന്നുണ്ട്. നമ്മൾ കൃത്യതയോടെ ഉണർന്ന് പ്രവർത്തിച്ചതാണ് മരണനിരക്ക് നിയന്ത്രിക്കാൻ സഹായകരമായതെന്നും, മറ്റു രാജ്യങ്ങൾക്ക് കഴിയാതെ പോയത് അതാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

തുടക്കം മുതൽ ഇന്ത്യ സ്വീകരിച്ച പ്രതിരോധ നടപടികൾ റിപ്പോർട്ടിൽ പ്രശംസിക്കപ്പെടുന്നുണ്ട്. രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ഡൗണിൻറെ വിജയമാണ് ഇന്ത്യയിൽ കാണുന്നതെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. വളരെ നിർണായക തീരുമാനമാണ് മാർച്ച് 24-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എടുത്തതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയിൽ 519 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ തന്നെ പ്രധാനമന്ത്രി ലോക്ഡൗൺ പ്രഖ്യാപിച്ചു. എന്നാൽ, 9,200-ൽ പരം പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചപ്പോഴാണ് ഇറ്റലി ലോക്ഡൗൺ പ്രഖ്യാപിച്ചത്. ബ്രിട്ടനിൽ ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ വൈറസ് ബാധിതരുടെ എണ്ണം 6,700 ആയിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ പേർക്ക് വൈറസ് ബാധയേറ്റ അമേരിക്കയിൽ ഇപ്പോഴും സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുമില്ല.

ഇതുവരെ ലോകത്താകെ 2,44,581 പേർ കൊലയാളി കൊറോണക്ക് അടിയറവ്‌ പറഞ്ഞു. രക്ഷപ്പെട്ടത് 1,10,8,023 പേരാണ്! ഇന്ത്യയിൽ ഓരോ പത്ത് ലക്ഷം പേരിലും 76 പേർ മരിക്കുന്നു. എന്നാൽ, അമേരിക്കയിൽ ഓരോ പത്ത് ലക്ഷം പേരിലും 175 പേരിലധികമാണ് മരിക്കുന്നത്.

അതേസമയം, കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻറെ ഇന്നത്തെ കണക്കു പ്രകാരം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ‍ പുതിയതായി സ്ഥിരീകരിച്ച 2,411 കേസുകളുൾപ്പെടെ, മൊത്തം 37,776 കോവിഡ് ബാധിതരാണ് ഇന്ത്യയിലുള്ളത്. ആകെ 10,018 പേർ ‍ രോഗമുക്തി നേടിയപ്പോൾ, മരണസംഖ്യ 1,223-ൽ നിൽക്കുന്നു.

രോഗബാധിതരിൽ 3.3% മാത്രമാണ് നമ്മുടെ രാജ്യത്തെ മരണ നിരക്ക്. രോഗബാധിതരും അല്ലാത്തവരുമായ ഒരുലക്ഷം നിവാസികളെ പൊതുവെയെടുത്താൽ, 0.09% മാത്രമേ മരണത്തെ നേരിടുന്നുള്ളൂ. വളരെ പെട്ടെന്ന് സംക്രമിക്കുന്ന ഒരസുഖമായതിനാലാണ്, ഒരു ലക്ഷത്തിൽ എത്ര പേർക്ക് ജീവൻ നഷ്ടമാകുന്നുവെന്ന അനുപാതം നോക്കുന്നത്.

ഈ മാരക വ്യാധിക്കു കടിഞ്ഞാണിടുന്നതിൽ ഏറ്റവും ഫലപ്രദമായി പ്രവർത്തിച്ച സൗത്ത് കൊറിയയെപ്പോലുള്ള രാജ്യങ്ങളോടൊപ്പം ഇന്ത്യയുണ്ടെന്നത് സംതൃപ്തിക്കു വക നൽകുന്നു. Mass quarantine നടത്തി ജനങ്ങളെ വൈറസിൽനിന്ന് അകറ്റിയാണ് ചൈന വിജയം കണ്ടത്.

രാജ്യത്ത് മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അവിടെ ഇപ്പൊൾ 11,506 രോഗികളാണുള്ളത്. 485 പേർ‍ മരിച്ചു. ഗുജറാത്ത് (4,721), ഡൽഹി (3,738) എന്നിവയാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകളുള്ള രണ്ടാമത്തേയും മൂന്നാമത്തേയും സംസ്ഥാനങ്ങൾ‍.

കേരളത്തിൽ ആകെ റിപ്പോർട്ടു ചെയ്യപ്പെട്ട 499 കേസുകളിൽ, മൂന്നു മരണം മാത്രമേ ഇതുവരെ സംഭവിച്ചിട്ടുള്ളൂ! ഇത് 3.3% എന്ന ദേശീയ അനുപാതത്തേക്കാൾ വളരെ, വളരെ കുറവാണ്. കേരളത്തിൽ മരണ നിരക്ക് കേവലം 0.006% മാത്രം! നാനൂറിലേറെ പേർക്ക് അസുഖം ഭേദപ്പെടുകയും ചെയ്തു.

കോവിഡിനെ ഒറ്റക്കെട്ടായി പ്രതിരോധിക്കുന്ന ഇന്ത്യയെ ലോകാരോഗ്യ സംഘടനയും കഴിഞ്ഞ മാസം പ്രശംസിച്ചിരുന്നു. പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യ ലോകത്തിനുതന്നെ വഴി കാട്ടിയാണെന്നാണ് WHO എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.മൈക്കിൾ ജെറ്യാൻ പറഞ്ഞത്!

കഴിഞ്ഞ ആഴ്ച്ചയാണ് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ചത്. കൊറോണ വൈറസ് പ്രതിരോധത്തിന് മികച്ച നേതൃപരമായ പങ്ക് വഹിച്ചതിനായിരുന്നു പ്രശംസ.
മെട്രോമേൻ ഇ. ശ്രീധരൻ കേരളത്തിലെ പ്രവർത്തനങ്ങളിൽ സന്തോഷം രേഖപ്പെടുത്തി. ലോകത്തൊരിടത്തും നടക്കാത്തത്രയും മേന്മയേറിയ പ്രവർത്തനങ്ങളാണ്‌ കോവിഡ്‌ പ്രതിരോധത്തിന്‌ കേരളത്തിൽ അരങ്ങേറുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്!

കാര്യക്ഷമമായ പ്രവർത്തനമാണ് കേരള സർക്കാർ നടത്തുന്നത്. അതുമൂലം എത്രയോ പേരുടെ ജീവൻ രക്ഷിക്കാനായി എന്നത്‌ ചെറിയ കാര്യമല്ല. സാധാരണക്കാരുടെ ജീവിതപ്രയാസങ്ങൾ മുൻകൂട്ടിക്കണ്ട്‌ ആവിഷ്‌കരിച്ചു നടപ്പാക്കിയ കാര്യങ്ങളും മറ്റെങ്ങുമില്ല. ഈ മഹാമാരിയുടെ പ്രതിരോധത്തിന്‌ സംസ്ഥാന സർക്കാരിനെ സഹായിക്കേണ്ടത്‌ എല്ലാവരുടെയും കടമയാണെന്നും അദ്ദേഹം പ്രസ്താവിച്ചു.

ലോകമാകെ ഭീതി വിതച്ച മഹാമാരിയെ ഫലപ്രദമായി നേരിട്ട കേരളത്തിൻറെ രീതിയെ പ്രകീർത്തിച്ച് പ്രമുഖ രാജ്യാന്തര മാധ്യമമായ വാഷിങ്ടൺ പോസ്റ്റും മുന്നെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു.

കേരള സർക്കാർ‍ സ്വീകരിച്ച പ്രതിരോധ നടപടികളെ വിലയിരുത്തിയായിരുന്നു വാഷിങ്ടൺ പോസ്റ്റ് അഭിനന്ദിച്ചത്. കേരളത്തിലെ പ്രവർത്തനങ്ങൾ കർശനവും അതേസമയത്ത് മനുഷ്യത്വപരവുമായിരുന്നെന്നും റിപ്പോർട്ടിൽ കുറിച്ചിരുന്നു.

അതിനിടെ, ലോക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച്‌ പുറത്തിറങ്ങി നടക്കുന്നവരെയും കൊവിഡ് പ്രതിരോധത്തിൻറെ ഭാഗമായി പ്രവർത്തിക്കുന്ന പൊലീസിനെയും ആരോഗ്യ പ്രവർത്തകരേയും ആക്രമിക്കുകയും ചെയ്യുന്നവരെ രൂക്ഷമായി വിമർശിച്ച് സൂപ്പർസ്റ്റാർ സൽമാൻ ഖാൻ രംഗത്തെത്തി.

കഴിഞ്ഞ ദിവസം ഉത്തർ പ്രദേശിലെ മൊറാദാബാദിൽ കൊവിഡ് വൈറസ് ബാധിതനായ വ്യക്തിയെ ആശുപത്രിയിലേക്ക് മാറ്റാനായി എത്തിയ ഡോക്ടർമാരെയും പൊലീസിനെയും ചിലർ ആക്രമിച്ചുവെന്ന വാർത്തയാണ് സൽമാനെ പ്രകോപിപ്പിച്ചത്.

അദ്ദേഹത്തിൻറെ പ്രസ്താവനയുടെ പ്രസക്ത ഭാഗം ഇങ്ങിനെ:

“ആർക്കാണോ അവരുടെ കുടുംബത്തെ കൊല്ലണമെന്നുള്ളത് അവർ തീർച്ചയായും പുറത്തിറങ്ങും. നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളുമായി പുറത്ത് കറങ്ങാൻ പോകുന്നില്ലെങ്കിൽ പൊലീസ് ഒരിക്കലും നിങ്ങളെ ചൂരൽകൊണ്ട് തല്ലാൻ വരില്ല.”

“ഡോക്ടർമാരും നഴ്‌സുമാരും നിങ്ങളുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ നിങ്ങളവരെ കല്ലെറിയുന്നു. കൊറോണ പോസ്റ്റീവ് ആയവരെ കണ്ടുപിടിക്കാൻ അവർ ശ്രമിക്കുമ്പോൾ നിങ്ങൾ ആശുപത്രിയിൽനിന്നും ഇറങ്ങി ഓടുകയാണ് ചെയ്യുന്നത്. നിങ്ങൾ എങ്ങോട്ട് ഓടും?”

“ഡോക്ടർമാർ നിങ്ങളെ ചികിത്സിക്കുന്നില്ലെങ്കിൽ, പൊലീസുകാർ റോഡുകളിൽ നിങ്ങളുടെ സുരക്ഷയെ കരുതി പെട്രോളിംഗ് നടത്തുന്നില്ലെങ്കിൽ, ഈ രോഗം വരില്ലെന്നു കരുതുന്നവരടക്കം നിരവധി മനുഷ്യരായിക്കും ഇവിടെ മരിച്ചു വീഴുന്നത്.”

“പാവപ്പെട്ട മനുഷ്യർ ഒരു നേരത്തെ ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടുമ്പോഴാണ് കുറേ കോമാളികൾ കൊറോണ വൈറസിനെ ഇന്ത്യ മുഴുവൻ കാട്ടുതീപോലെ പടർത്താൻ നോക്കുന്നത്!”

വിജയ്.സി.എച്ച്