ലോക്ക് ഡൗണിന് ശേഷം കേരളത്തിന്റെ ഇളവുകള്‍: കേന്ദ്രത്തിന് രണ്ട് ദിവസത്തിനകം സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

തിരുവനന്തപുരം: മേയ് 17ന് ശേഷം സംസ്ഥാനത്ത് നടപ്പാക്കാനുള്ള ഇളവുകളെ സംബന്ധിച്ച്‌ കേരളം കേന്ദ്രത്തിന് രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കും. മാര്‍ഗനിര്‍ദേശങ്ങളില്‍ ഉചിതമായ മാറ്റം വരുത്താനുള്ള സ്വാതന്ത്ര്യം വേണമെന്നാണ് സംസ്ഥാന സ്വീകരിച്ചിരിക്കുന്ന നിലപാട്.

വിദഗ്‌ദ്ധ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ച്‌ മുഖ്യമന്ത്രിയുടെ നേതൃത്തില്‍ അവലോകന യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ കേന്ദ്രത്തിന് നല്‍കുന്ന റിപ്പോര്‍ട്ടിന്മേല്‍ തീരുമാനമെടുക്കും.ഇതിന് ശേഷം കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കും. റെഡ്സോണ്‍ ഒഴികെയുള്ള മേഖലകളില്‍ നിയന്ത്രണങ്ങളോടെ പൊതുഗതാഗതം അനുവദിക്കണം, ഓട്ടോറിക്ഷകള്‍ അനുവദിക്കണം,യാത്രക്കാരുടെ എണ്ണം പരിമതിപ്പെടുത്തണം. വ്യവസായവാണിജ്യ സംരഭങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഇളവുകള്‍ വേണം.

അന്തര്‍ സംസ്ഥാന യാത്രകള്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമാകണം, സമൂഹ വ്യാപനം തടയാനായി ഓണ്‍ലൈന്‍ ട്രെയിന്‍ ബുക്കിംഗ് അവസാനിപ്പിക്കണം, സംസ്ഥാനത്തിന്റെ രജിസ്ട്രേഷന്‍ പരിഗണിച്ച്‌ ടിക്കറ്റ് അനുവദിക്കണം, കേരളത്തിലേക്കുള്ള സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് കേരളത്തില്‍മാത്രം സ്റ്റോപ് അനുവദിക്കണം എന്നിവയാണ് കേരളം ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍.

സാമൂഹ്യ അകലം ഉറപ്പ് വരുത്തി മദ്യ വില്‍പ്പന ആരംഭിക്കാനും കേരളത്തിന് ആലോചനയുണ്ട്. ഇതിനായി മൊബൈല്‍ ആപ്പ് സേവനം പ്രയോജനപ്പെടുത്തണം. വരുമാനത്തിലെ നഷ്ടവും ചെലവിലെ വന്‍ വര്‍ദ്ധനയുംമൂലം സംസ്ഥാനം ഞെരുങ്ങുകയാണ്. വായ്പാപരിധി ഉയര്‍ത്തിയും കുറഞ്ഞ പലിശനിരക്കില്‍ കൂടുതല്‍ ഫണ്ട് ലഭ്യമാക്കിയും ഇതിനെ മറികടക്കാന്‍ സഹായിക്കണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.