എല്ലോറയിലെ കൈലാസ് ക്ഷേത്രം; മറ്റൊരു ലോകാത്ഭുതം

ബോസ് ആർ.ബി
അൽഭുതപ്പെട്ട് വാ പൊളിച്ച്
നിന്ന് പോയി എന്ന് കേട്ടിട്ടില്ലേ.
പറയുകയും കേൾക്കുകയും ചെയ്തിട്ടുണ്ടന്നല്ലാതെ
ശരിക്കും അനുഭവിച്ചിട്ടുണ്ടോ?

ഇല്ലങ്കിൽ എല്ലോറയിലെ കൈലാസ ക്ഷേത്രം ഒരിക്കൽ
നേരിൽ കണ്ടാൽ മതി.

അജന്താ എല്ലോറ സന്ദർശനത്തിന്റെ ഭാഗമായാണ് ഞാൻ
2019 മാർച്ചിൽ UN ന്റെ
വേൾഡ് ഹെറിറ്റേജ് സൈറ്റായ എല്ലോറയിൽ എത്തിയത്.
എല്ലോറയിലെ
ഒന്ന് മുതൽപതിനഞ്ച് വരെയുള്ള ഗുഹകളിലെ നിർമ്മാണ വിസ്മയങ്ങൾ കണ്ട്
ഏകദേശം അതുപോലൊന്ന് പ്രതീക്ഷിച്ചാണ് 16 മത്തെ ഗുഹാമുഖത്ത് എത്തിയത്.

പ്രവേശന കവാടത്തിൽ തന്നെ
ഒറ്റ നോട്ടത്തിൽ പ്രകടമായ വ്യത്യാസങ്ങൾ കണ്ടു.
മറ്റ് ഗുഹകൾ പോലെ
മല തുരന്ന് അകത്തല്ല നിർമ്മിതി. മുകൾ ഭാഗം തുറസ്സാണ്. മറ്റുള്ളവയേക്കാൾ കറുപ്പ് കൂടിയ പാറയിലാണ് നിർമ്മാണം.
വെളിയിൽ നിന്ന് നോക്കുമ്പോൾ കരിങ്കല്ലിൽ നിറയെ ശില്പങ്ങൾ കൊത്തിയ പ്രവേശന കവാടം അകത്തെ കാഴ്ചകൾ മറച്ചിരിക്കുന്നു.
വലിയ പ്രത്യേകതയൊന്നും
എനിക്ക് തോന്നിയില്ല.

ഞാൻ പ്രവേശന കവാടം
കടന്ന് അകത്തേക്ക് ചെന്നു.
മുമ്പിൽ പൂർണ്ണ രൂപത്തിൽ കൈലാസ് ക്ഷേത്രമെന്ന
മഹാ വിസ്മയം. അക്ഷരാർത്ഥത്തിൽ
വാപൊളിച്ച് മിനിറ്റുകളോളം നിന്നു പോയി.
ഇതു പോലൊരനുഭവം
ജീവിതത്തിലുണ്ടായിട്ടില്ല.

276 – അടി നീളത്തിൽ
154 അടി വീതിയിൽ
107 അടി താഴ്ചയിൽ
മൂന്ന് ലക്ഷം സ്ക്വയറടി കരിങ്കൽ, ളളിയും ചുറ്റികയും മാത്രമുപയോഗിച്ച്
കൊത്തി മാറ്റി മൂന്ന് നിലകളിലായി ലോകത്തിലെ ഏറ്റവും വലിയ ഒറ്റക്കൽശില്പമായ
കൈലാസ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നു.

സാധാരണ ഏതൊരു കെട്ടിടവും
താഴെ നിന്ന് മുകളിലക്കാണ് നിർമ്മിക്കുന്നതെങ്കിൽ
ഇവിടെ നേരെ തിരിച്ചാണ്. മുകളിൽ നിന്ന് താഴോട്ടാണ് നിർമ്മിച്ചിരിക്കുന്നത്.
ഒരു വലിയ കരിങ്കൽ മലയുടെ
മുകളിൽ നിന്ന് താഴേക്ക് കൊത്തിയിറങ്ങിയാണ്
ശില്പകലയുടെ മഹാ വിസ്മയം
തീർത്തിരിക്കുന്നത്.

ഓർക്കണം 1200 വർഷം മുമ്പ്
8-ാം നൂറ്റാണ്ടിലാണ് നിർമ്മാണം.
ഉളിയും ചുറ്റികയുമാണ്
പ്രധാന ആയുധം.
43000 സ്വകയറടി വിസ്തൃതിയിൽ
മുകളിൽ നിന്ന് നൂറ്റിഏഴടി താഴ്ചയിലേക്ക് കരിമ്പാറയിൽ കൊത്തിയിറങ്ങണം.
അടിമുടി ശില്പങ്ങൾ നിറഞ്ഞ
മൂന്ന് ബഹുനില ക്ഷേത്രങ്ങളും
നിരവധി ഉപ ക്ഷേത്രങ്ങളും
അവയുടെ ഇടവും വലവുമായി അൻപതടി ഉയരമുള്ള സ്തംഭങ്ങളും ആനകളും
എല്ലാം മുകളിൽ നിന്ന് താഴോട്ട് കൊത്തിയിറങ്ങണം.

എവിടെയെങ്കിലും ആർക്കെങ്കിലും പിഴച്ചാൽ പരിഹരിക്കാൻ മാർഗ്ഗമില്ല. കാരണം കരിങ്കല്ലാണ് കൊത്തിക്കളഞ്ഞാൽ കളഞ്ഞതാണ്. വീണ്ടും
കൂട്ടി ചേർക്കാൻ കഴിയില്ല.
ഒട്ടേറെ ശില്ലങ്ങൾ ഒരേ പോലെ രണ്ടോ അതിലധികമോ എണ്ണം
വീതമാണ് നിർമ്മിച്ചിരിക്കുന്നത് എന്നതിനാൽ ഒന്നിന് പോലും നെല്ലിട വ്യത്യാസം പാടില്ല.

ഇത്ര ബൃഹത്തായ ഈ സൃഷ്ടി
ഒരാൾ മനസ്സിൽ കാണണമല്ലോ
ആരാണയാൾ?
നൂറു കണക്കിന് ശില്പികൾക്ക് ഇതിന്റെ രൂപരേഖ പറഞ്ഞ് മനസ്സിലാക്കി നിർമ്മാണ രീതി
പഠിപ്പിച്ച് കൊടുത്ത
ആ സൂപ്പർ ബ്രയിൻ ആരുടേതാണ്.? അറിയില്ല.
ഒരു നൂറ്റാണ്ടിലേറെ നീണ്ട് നിന്ന നിർമ്മാണ കാലം തീരും മുമ്പ് പ്രധാന ശില്പി മരിച്ചിട്ടുണ്ടാവും
പിന്നിട് അതേ രീതിയിൽ ഇത് പൂർത്തികരിച്ച മറ്റൊരു പെരുന്തച്ചൻ (ന്മാർ) ആരാണ് ?
അതുമറിയില്ല.

എല്ലോറയിലെ
കൈലാസ ക്ഷേത്രത്തിന്റെ നിർമ്മാണ വിശേഷങ്ങളും വിസ്മയ കാഴ്ചകളും
എത്ര ശ്രമിച്ചാലും എഴുതി ഫലിപ്പിക്കാൻ എനിക്ക് കഴിയില്ല എന്നതിനാൽ അതിന് മുതിരുന്നില്ല. അത്
കണ്ട് തന്നെ അനുഭവിക്കണം.

ഇന്ത്യയുടെ ലോകാത്ഭുതം
400 വർഷം മുമ്പ് മാത്രം നിർമ്മിച്ച
താജ് മഹലായിരിക്കും.
പക്ഷെ എനിക്കത് 1200 വർഷം മുമ്പ് നിർമ്മിച്ച എല്ലോറയിലെ കൈലാസ് ടെമ്പിളാണ്.

മനുഷ്യന്റെ ഒടുങ്ങാത്ത ഇച്ഛാശക്തിയുടെയും കഠിനാദ്ധ്വാനത്തിന്റെയും
ഉജ്ജല പ്രതീകം.

🌿🌿🌿🌿🌹🏵️🌹🌿🌿🌿🌿

* കൈലാസ് ക്ഷേത്രത്തെ
ഒറ്റ ഫ്രെയ്മിൽ ഉൾക്കൊളളുന്ന
ഫോട്ടോ സാധാരണ ഗതിയിൽ ക്ഷേത്രത്തിനകത്ത് നിന്ന് എടുക്കാൻ കഴിയില്ല.

* ക്ഷേത്രത്തിന്റെ പ്രവേശന കവാടം ഉള്ളിലുള്ള കാഴ്ചകളെ
മറക്കുന്നതിനാൽ വെളിയിൽ നിന്നും കഴിയില്ല. (ഡ്രോൺ പോലുള്ളവ ഉണ്ടങ്കിൽ കഴിഞ്ഞേക്കും.) അതിനാൽ ഫോട്ടോകളിൽ ക്ഷേത്രം മുഴുവനായി കാണാൻ കഴിയില്ല.

* ക്ഷേത്രമെന്ന പേരേ ഉള്ളു പൂജയോ വിഗ്രഹമോ ഇല്ല.
ആർക്കിയോളജി സർവ്വേയുടെ നിയന്ത്രണത്തിലാണ്.

* മഹാരാഷ്ട്രയില ഔറംഗബാദിൽ നിന്ന് 30 കിലോമീറ്ററാണ് എല്ലോറക്ക്. പോകുന്ന വഴി ദൗലത്താബാദ് ഫോർട്ടും കാണാം.

* ഔറംഗബാദിൽ നിന്ന് 100 കിലോമീറ്റർ പോയാൽ അജന്ത ഗുഹകളും കാണാം.

* അജന്ത എല്ലാ തിങ്കളാഴ്ചയും എല്ലോറ എല്ലാ ചൊവ്വാഴ്ചയും അടച്ചിടും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ