വെയിലും നിലാവും (കഥ )

രമ്യ കുളപ്പുറം
ഇന്നും അവളുണ്ടായിരുന്നു മുറ്റത്ത് തന്നെ. നുണക്കുഴി വിരിഞ്ഞുള്ള അവളുടെ കൊതിപ്പിക്കുന്ന ചിരി! അത് കണ്ടാലാരും നോക്കി നിന്നു പോവും. പണിയെടുക്കുന്ന സൈറ്റിന്റെ തൊട്ടടുത്ത വീട്ടിലാണവൾ. ഒരാഴ്ചയായി ഇവിടെ ജോലി തുടങ്ങിയിട്ട്. കുടിക്കാനുള്ള വെള്ളമെടുക്കാൻ എന്നും അവളുടെ വീട്ടിലാണ് പോവുന്നത്. താൻ തന്നെ എപ്പോഴും അതിനായി മുന്നിട്ടിറങ്ങുന്നതിനു പിന്നിൽ അവളെ കാണുക എന്ന ലക്ഷ്യം കൂടി ഉണ്ടായിരുന്നു.

മറ്റാരെയും കാണുന്നില്ലല്ലോ പുറത്ത്. പാതി ചാരിയ ഗേറ്റ് തുറന്ന് അവളുടെ അടുത്തെത്തി. നല്ല പൗഡർ മണം. ആ വാസന എവിടെയൊക്കെയോ തന്നെ കൊണ്ടു പോവുന്നുവോ. കാൽപെരുമാറ്റം കേട്ട് അവൾ പരിചയ ഭാവത്തിൽ തിരിഞ്ഞു നോക്കി. അപ്പോഴേക്കും ടൂവീലറിൽ ഗേറ്റ് കടന്ന് അവളുടെ അമ്മ മുറ്റത്തേക്ക് വന്നു. വണ്ടി പോർച്ചിൽ പാർക്ക് ചെയ്ത് തന്നെ അവജ്ഞയോടെ നോക്കി അവർ മകളെ വിളിച്ച് ധൃതിയിൽ വീട്ടിനകത്തേക്ക് നടന്നു. വിടർന്ന് ചിരിച്ച് ബോട്ടിലുകൾ വാങ്ങി പിന്നാലെ അവളും. അറിയാതെ വിരലുകൾ തമ്മിൽ സ്പർശിച്ചപ്പോൾ ഉള്ളിലൊരു നിലാവുദിച്ച പോൽ ! ചുവന്ന നിറമുള്ള കുഞ്ഞു പൂക്കൾ മുറ്റം നിറയെ വീണു കിടപ്പുണ്ട്. അവളുടെ കാലടികളേറ്റ് അവ ഒന്നു കൂടി തുടുത്തുവോ.

അകത്ത് നിന്നും വെള്ളവുമായി ഇറങ്ങി വന്നത് കുറച്ച് പ്രായമുള്ള സ്ത്രീ ആണ്. അവളുടെ മുത്തശ്ശിയായിരിക്കണം. നല്ല മനുഷ്യപ്പറ്റുള്ള ഒരാൾ. സാധാരണ മലയാളികൾ തങ്ങളോട് കാണിക്കുന്ന അകലം, അവഗണന കാണിക്കാറില്ല അവർ.. അവരോട് നന്ദി സൂചകമായി തലയാട്ടി ചിരിച്ച് അവർ വച്ച് നീട്ടിയ വെള്ളം നിറച്ച കുപ്പികൾ വാങ്ങി മെല്ലെ തിരിഞ്ഞു നടക്കാൻ തുടങ്ങുകയായിരുന്നു.

അപ്പോഴാണ് ആ മുത്തശ്ശിയെ വഴക്കു പറയുന്ന ശബ്ദം ചെവിയിൽ എത്തിയത്.

“പ്രായായീന്നു പറഞ്ഞിട്ടെന്താ കാര്യം. ഒരൽപം വകതിരിവ് വേണ്ടേ .. ഇത്രേം അന്യസംസ്ഥാനക്കാർ തൊട്ടടുത്ത് പണിക്ക് നിൽക്കുമ്പോഴാണ് തീരെ ശ്രദ്ധയില്ലാതെ അമ്മൂനെ തനിച്ച് പുറത്ത് വിട്ടത്. ടി വി യിലും പത്രത്തിലുമൊക്കെ ഈ ഹിന്ദിക്കാരെക്കുറിച്ച് എന്തൊക്കെ വാർത്തകളാ നിരന്തരം കേൾക്കേണ്ടി വരുന്നത്. എന്നിട്ടും എന്ത് ധൈര്യത്തിലാ അമ്മ അവളെ ഒറ്റയ്ക്ക് പുറത്ത് വിട്ടത്.”

“എല്ലാരേം എന്തിനാ ഒരു പോലെ കാണുന്നേ. അയാളൊരു പാവാന്ന് മോളേ. ”

“ഉം. കാണാൻ പാവം തന്നെ. കൈയിലിരിപ്പ് എന്താന്നാർക്കറിയാം. എന്തെങ്കിലും പറ്റിയിട്ട് പിന്നെ പറഞ്ഞിട്ടെന്താ കാര്യം. ഇന്ന് നേരത്തെ വന്നത് കൊണ്ട് ഇതെന്റെ കണ്ണിൽ പെട്ടു. ചെറിയ കുട്ടികളെപ്പോലും വെറുതെ വിടാത്ത ലോകമാ. എന്ത് മനസമാധാനത്തിലാ ഞാനിനി ജോലിക്ക് പോണ്ടത് “. മകളെക്കുറിച്ചുള്ള ആകുലതായാലാവാം അവരുടെ സ്വരം അൽപം ഇടറിയിരുന്നു.

ചെവി പൊത്തിപ്പിടിച്ച് തിരിഞ്ഞു നടന്നു. ആ സുന്ദരിക്കുട്ടിയെ താൻ. ഹോ. ചിന്തിക്കാൻ കൂടി വയ്യ. ഭാഷ അറിയാത്തതായിരുന്നു നല്ലത്. എങ്കിൽ ഇങ്ങനെ വേദനിക്കേണ്ടി വരില്ലായിരുന്നു. എന്തൊക്കെയാണവർ തങ്ങളെ കണക്കാക്കിയിരിക്കുന്നത്.
ദൈവമേ … ആരൊക്കെയോ ചെയ്യുന്ന തെറ്റുകൾക്ക് ഒന്നടങ്കം ആക്ഷേപിക്കപ്പെടുകയാണല്ലോ.

പൊള്ളുന്ന വേനലിനെ തോൽപിക്കുന്ന മനസുമായി കൂട്ടുകാർക്കടുത്തേക്ക് നടക്കുന്ന വഴി കീശയിൽ നിന്നും മൊബൈൽ എടുത്തു. വാൾപേപ്പറിൽ തെളിഞ്ഞ നാലു വയസുകാരിയുടെ നുണക്കുഴി കാട്ടിയുള്ള ചിരിയിലേക്കുറ്റി വീണ നീർത്തുള്ളികൾ എരി വെയിലേറ്റ് തിളങ്ങി. ഇനിയും ഒരു മാസം കഴിയണം തന്റെ പൊന്നുമോളെ ഒന്നു കാണണമെങ്കിൽ. വെന്തുരുകി പണി സൈറ്റിലേക്ക് നടക്കുമ്പോഴും മകളുടെ പ്രായമുള്ള, ഓരോ കാഴ്ചയിലും മകളുടെ ഓർമയുണർത്തുന്ന, കുട്ടിക്കുറുമ്പിയുടെ പാദസരക്കിലുക്കം അയാളെ പിൻവിളി വിളിക്കുന്നുണ്ടായിരുന്നു.