‘ഇന്ത്യ സുഹൃത്താണ്’; വെന്റിലേറ്റര്‍ നല്‍കി സഹായിക്കുമെന്ന് യുഎസ്

ന്യൂഡല്‍ഹി: കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ ചെറുക്കാന്‍ അമേരിക്ക ഇന്ത്യയ്ക്ക് വെന്റിലേറ്ററുകള്‍ സംഭാവന ചെയ്യുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു ട്രംപിന്റെ പുതിയ പ്രഖ്യാപനം.

ട്വിറ്ററിലൂടെ ട്രംപ് പറഞ്ഞു, “ഇന്ത്യയിലുള്ള നമ്മുടെ സുഹൃത്തുക്കള്‍ക്ക്” രാജ്യം വെന്റിലേറ്ററുകള്‍ സംഭാവന ചെയ്യും. ഈ പകര്‍ച്ചവ്യാധിയുടെ സമയത്ത് നമ്മള്‍ ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ഒപ്പം നില്‍ക്കണം. വാക്‌സിന്‍ വികസനവുമായി ബന്ധപ്പെട്ട് അമേരിക്ക ഇന്ത്യയുമായി സഹകരിക്കുന്നുണ്ട്, നമ്മള്‍ ഒരുമിച്ച്‌ അദൃശ്യ ശത്രുവിനെ തോല്‍പ്പിക്കും!” അദ്ദേഹം പറഞ്ഞു.

ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് കേസുകളും മരണങ്ങളും രേഖപ്പെടുത്തിയത് യുഎസിലാണ്. അതേസമയം 85,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യയില്‍, മരണസംഖ്യ 2,600 ആയി. ഇത് ചൈനയുടെ മരണ സംഖ്യയോട് അടുത്ത് നില്‍ക്കുകയാണ്.

കോവിഡ്-19 പ്രതിരോധത്തിനായി ആവശ്യമായ ഹൈഡ്രോക്സിക്ലോറോക്വിന്‍ മരുന്ന് യുഎസിന് നല്‍കിയില്ലെങ്കില്‍ പ്രതികാരം ചെയ്യുമെന്ന് ട്രംപ് കഴിഞ്ഞ മാസം ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യ പിന്നീട് എച്ച്‌സിക്യുവിന്റെ കയറ്റുമതി നിരോധനം റദ്ദാക്കുകയും 29 ദശലക്ഷം മരുന്ന് യുഎസിലേക്ക് അയയ്ക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച്‌ ട്രംപ് രംഗത്തെത്തിയിരുന്നു. കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയെ മാത്രമല്ല മാനവികതയെയും സഹായിക്കുന്നതില്‍ ശക്തമായ നേതൃത്വത്തിന് ട്രംപ് പ്രധാനമന്ത്രി മോദിയോട് നന്ദി പറഞ്ഞിരുന്നു. എച്ച്‌സിക്യു സംബന്ധിച്ച തീരുമാനത്തിന് ഇന്ത്യയോടും ഇന്ത്യന്‍ ജനതയോടും അദ്ദേഹം നന്ദി പറഞ്ഞു.

ആഗോളതലത്തില്‍ മൊത്തം കൊറോണ വൈറസ് കേസുകളുടെ എണ്ണം 4.5 ലക്ഷം കവിഞ്ഞു, ഇതില്‍ 3 ലക്ഷത്തിലധികം മരണങ്ങള്‍ സംഭവിച്ചു. യു‌എസിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ രേഖപ്പെടുത്തിയത് 86,744, യുകെ (34,078), ഇറ്റലി (31,610).